

ബോക്‌സ് ഓഫീസില്‍ നിറഞ്ഞോടുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്റെ ചന്ദ്രയായുള്ള പ്രകടനത്തിന് കയ്യടിക്കുന്നതില്‍ മലയാളികള്‍ മാത്രമല്ല ഉള്ളത്. കേരളത്തിന് പുറത്തും വന്‍ വിജയമായി മാറിയിരിക്കുകയാണ് ലോക. സിനിമയുടെ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളും വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ലോക ഇതിനോടകം 200 കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുണ്ട്.
ലോകയിലേക്ക് നായികയായി കല്യാണി പ്രിയദര്‍ശന്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സമയത്ത് പലര്‍ക്കും സംശയങ്ങളുണ്ടായിരുന്നു. കല്യാണിയെക്കൊണ്ട് സാധിക്കുമോ എന്ന് ചോദിച്ചവരുടെയെല്ലാം വായടപ്പിച്ചിരിക്കുകയാണ് ചന്ദ്രയായുള്ള നടിയുടെ പ്രകടനം. ലോകയിലേക്ക് കല്യാണി കടന്നു വരാനുണ്ടായ കാരണത്തെക്കുറിച്ച് കോ-റൈറ്ററായ ശാന്തി ബാലചന്ദ്രന്‍ ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സെലിബ്രിറ്റി ഡയലോഗ്‌സില്‍ സംസാരിക്കവെ പറയുന്നുണ്ട്.
''കേന്ദ്രകഥാപാത്രം യക്ഷിയാണ്. യക്ഷി ഒരേ സമയം നിര്‍മ്മലവും അതിയായ കരുത്തുള്ളതുമാണ്. ഞങ്ങളുടെ പക്കല്‍ വേറേയും ഓപ്ഷനുകളുണ്ടായിരുന്നു. പക്ഷെ കല്യാണിയുടെ പേര് വന്നപ്പോള്‍ എന്റെ മനസിലേക്ക് ആദ്യം വന്ന രൂപം ഒരു സിബിഐ ഡയറിക്കുറിപ്പില്‍ വെള്ള സാരിയില്‍ വരുന്ന ലിസി മാമിനെയാണ്. ആ സിനിമയിലും അവര്‍ വളരെ ലോലയും ഇരയാക്കപ്പെടുന്നവളുമായ കഥാപാത്രമാണ്. അതിനാല്‍ പെട്ടെന്ന് തന്നെ കല്യാണി ചന്ദ്രയാകാന്‍ അനുയോജ്യയായിരിക്കുമെന്ന് തോന്നി. ഡൊമിനിക് ആന്റണി കണ്ടിരുന്നു. അതിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി അവര്‍ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് കാണാന്‍ സാധിച്ചിരുന്നു. ദുല്‍ഖറിനും കല്യാണിയുടെ കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നു'' ശാന്തി പറയുന്നു.
''കല്യാണിയെ 2023 ഡിസംബറിലാണ് സൈന്‍ ചെയ്യുന്നത്. അടുത്ത വര്‍ഷം സെപ്തംബറിലാണ് ഷൂട്ടിങ് ആരംഭിക്കുന്നത്. ആ സമയത്തിനിടെ അവര്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍ യാനിക് ബെന്നുമായി ബന്ധപ്പെട്ടു. അദ്ദേഹമാണ് എങ്ങനെ തയ്യാറെടുക്കണമെന്ന നിര്‍ദ്ദേശം നല്‍കിയത്. എംഎംഎ കോച്ചിനൊപ്പമാണ് കല്യാണി പരിശീലനം നടത്തിയത്. ഡൊമിനിക്കിന്റെ പ്രോസസിന് അവര്‍ പൂര്‍ണായും കീഴടങ്ങി. ചന്ദ്ര കേള്‍ക്കാന്‍ സാധ്യതയുള്ള പാട്ടുകള്‍ അദ്ദേഹം അവള്‍ക്കു നല്‍കി. സിനിമയില്‍ കാണുന്നത് പോലെയല്ല, വളരെ എക്‌സ്പ്രസീവായ വ്യക്തിയാണ് കല്യാണി. അതിനാല്‍ കല്യാണിയോട് റിയാക്ഷനുകള്‍ കുറയ്ക്കാന്‍ ഡൊമിനിക് പറയുമായിരുന്നു. അവള്‍ അദ്ദേഹത്തെ വിശ്വസിച്ചു'' എന്നും ശാന്തി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
