

നടൻ ഷാരുഖിന് പിറന്നാൾ ആശംസകൾ നേരുന്നതിന്റെ തിരക്കിലാണ് ആരാധകരും സുഹൃത്തുക്കളുമൊക്കെ. ഇപ്പോഴിതാ ശശി തരൂർ എംപിയുടെ പിറന്നാൾ ആശംസയാണ് ആരാധകർ ചർച്ചയാക്കി മാറ്റിയിരിക്കുന്നത്. ഷാരുഖിന് 60 വയസായെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സൂപ്പർ താരത്തിന് പിറന്നാളാശംസിച്ചു കൊണ്ട് എക്സിൽ പോസ്റ്റ് വൈറലായി കഴിഞ്ഞു.
ഷാരുഖ് ഖാനെ 'ബോളിവുഡിന്റെ യഥാർഥ കിങ്' എന്നാണ് ശശി തരൂർ വിശേഷിപ്പിച്ചത്. ഷാരുഖിന് 60 വയസായി എന്നത് അങ്ങേയറ്റം സംശയാസ്പദമാണ് എന്ന് തമാശരൂപേണ അദ്ദേഹം പറഞ്ഞു. 'വസ്തുതാ പരിശോധകരും ഫോറൻസിക് വിദഗ്ധരും' അടങ്ങുന്ന ഒരു സ്വതന്ത്ര സംഘം ഷാരുഖിന്റെ പ്രായത്തെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ട്. എന്നാൽ അവർക്ക് ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ തെളിവുകളും കണ്ടെത്താനായില്ല.
പകരം അദ്ദേഹം എപ്പോഴും കൂടുതൽ ചെറുപ്പമായി കാണപ്പെടുന്നുവെന്ന നിഗമനത്തിലെത്തിയതായും ശശി തരൂർ തമാശയായി പറഞ്ഞു. 'ദ് ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ' എന്ന സിനിമയുടെ കഥ ഷാരുഖ് യഥാർത്ഥ ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണോയെന്ന് ശശി തരൂർ ചോദിച്ചു. നടന്റെ പ്രായം പിന്നോട്ടാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഷാരുഖിന് 70 വയസാകുമ്പോഴേക്കും അദ്ദേഹം 'കൗമാരക്കാരുടെ വേഷങ്ങൾക്കായി ഓഡിഷൻ' ചെയ്യും. അദ്ദേഹം ഒരു ബാലതാരമായി മാറുമ്പോൾ താനിവിടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഈ അവിശ്വസനീയമായ നാഴികക്കല്ലിന് അഭിനന്ദനങ്ങൾ, ഷാരുഖ്! ഭൗതികശാസ്ത്രത്തെയും ജീവശാസ്ത്രത്തെയും വെല്ലുവിളിച്ച്, ഇനിയും ഒരുപാട് കാലം ഞങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നത് തുടരുക എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
എഫ് സ്കോട്ട് ഫിറ്റ്സ്ജെറാൾഡിന്റെ 1922-ൽ പുറത്തിറങ്ങിയ ഒരു ചെറുകഥയാണ് 'ദ് ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ'. 2008 ൽ ഡേവിഡ് ഫിഞ്ചർ ഇത് സിനിമയാക്കി, ബ്രാഡ് പിറ്റ് ആയിരുന്നു നായകൻ. പ്രായമായ രൂപത്തിൽ ജനിച്ച്, പ്രായം പുറകോട്ട് സഞ്ചരിക്കുന്ന ഒരു മനുഷ്യന്റെ കഥയാണിത്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിങ്’ എന്ന ചിത്രത്തിലാണ് ഷാരൂഖ് ഇനി എത്തുക. ചിത്രത്തിന്റെ ടൈറ്റിൽ റിവീൽ ഗ്ലിംസ് ഞായറാഴ്ച പുറത്തുവന്നിരുന്നു. മകള്‍ സുഹാനാ ഖാനും ചിത്രത്തില്‍ ഷാരുഖ് ഖാനൊപ്പം പ്രധാനവേഷത്തിലെത്തുന്നുണ്ട്. ദീപിക പദുകോണ്‍ അഭിഷേക് ബച്ചന്‍, റാണി മുഖര്‍ജി, അനില്‍ കപൂര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates