

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലേക്ക് ചെന്നിറങ്ങിയാല്‍ എത്തിച്ചേരുക ഷോലെയിലേക്കായിരിക്കും. ഇന്ത്യന്‍ സിനിമയെ ഷോലെയ്ക്ക് മുമ്പും ഷോലെയ്ക്ക് ശേഷവും എന്ന് അനായാസം വേര്‍തിരിക്കാം. അതുവരെയുള്ള സിനിമാ സങ്കല്‍പ്പങ്ങളെയെല്ലാം മാറ്റിമറിച്ച ചിത്രമായിരുന്നു ഷോലെ. ബോക്‌സ് ഓഫീസിന്റെ സകല അതിരുകളേയും തകര്‍ത്ത ഷോലെ തുറന്നിട്ട മാര്‍ക്കറ്റിലാണ് പിന്നീട് ബോളിവുഡ് വളര്‍ന്ന് പന്തലിച്ചത്.
ഷോലെ ഒരു സിനിമ മാത്രമല്ല, ഇന്ത്യയുടെ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ്. ഇന്ത്യന്‍ ജനതയുടെ സിനിമക്കാഴ്ചകളെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു ചിത്രവുമുണ്ടാകില്ല. റിലീസിന് അമ്പത് വര്‍ഷം ഇപ്പുറവും ഷോലെയെക്കുറിച്ച് സംസാരിക്കാന്‍ ആരാധകര്‍ക്ക് നൂറു നാവാണ്. ഇന്ത്യന്‍ സിനിമയുടെ സകലനടപ്പുരീതികളേയും പൊളിച്ച ഷോലെയുടെ സ്വാധീനം ഇന്നിറങ്ങുന്ന സിനിമകളില്‍ പോലും ഒളിഞ്ഞും തെളിഞ്ഞും കാണാം.
ഓണ്‍ സ്‌ക്രീനില്‍ ഷോലെ പറഞ്ഞ എപ്പിക് പോലെ തന്നെ സംഭവബഹുലമായിരുന്നു ഷോലെയുടെ മേക്കിങും. ഷോലെയുടെ പിന്നാമ്പുറകഥകളിലേക്ക് പോയാല്‍ സിനിമയെ വെല്ലുന്നകഥകള്‍ നമ്മളെ കാത്തിരിപ്പുണ്ടാകും. അത്തരത്തിലൊന്നാണ് ധര്‍മ്മേന്ദ്രയുടേയും ഹേമ മാലിനിയുടേയും പ്രണയം.
ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു ഹേമയും ധര്‍മ്മേന്ദ്രയും. ഓണ്‍ സ്‌ക്രീനിലെ ആ ജോഡി ജീവിതത്തിലും പ്രണയിച്ചു തുടങ്ങുന്ന സമയത്താണ് രമേശ് സിപ്പി ഷോലെ ഒരുക്കുന്നത്. സിനിമയ്ക്ക് കൈ കൊടുക്കാന്‍ ധര്‍മ്മേന്ദ്രയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തന്റെ പ്രിയതമയെ എപ്പോഴും അടുത്ത് കാണുകയെന്നതില്‍ പരമൊരു പ്രതിഫലവും ധര്‍മ്മേന്ദ്ര മോഹിച്ചിരുന്നില്ല.
ഷോലെയുടെ ഒപ്പം തന്നെ ധര്‍മ്മേന്ദ്രയുടേയും ഹേമയുടേയും പ്രണയവും വളര്‍ന്നു. ഒരിടയ്ക്ക് ഹേമയെ കെട്ടിപ്പിടിക്കേണ്ടി വരുന്ന രംഗങ്ങളില്‍ ധര്‍മ്മേന്ദ്ര മനപ്പൂര്‍വ്വം തന്നെ തെറ്റുകള്‍ വരുത്തുമായിരുന്നു. ഷൂട്ടില്‍ എന്തെങ്കിലും അബദ്ധം കാണിച്ച് വീണ്ടും ഹേമയെ കെട്ടിപ്പിടിക്കുവാന്‍ വേണ്ടി അദ്ദേഹം ചില ലൈറ്റ് ബോയ്‌സിനേയും സ്‌പോട്ട് ബോയ്‌സിനേയുമൊക്കെ ഒരുക്കി നിര്‍ത്തിയിരുന്നു. ഓരോ തെറ്റിനും 20 മുതല്‍ 40 രൂപ വരെ അദ്ദേഹം കൈക്കൂലി നല്‍കിയിരുന്നു. അഭിനയിക്കുന്നതിനിടെ ധര്‍മ്മേന്ദ്ര നല്‍കുന്ന സിഗ്നലുകള്‍ മനസിലാക്കി സ്‌പോട്ട്‌ബോയ്‌സ് തെറ്റു വരുത്തും.
റിഫ്‌ളക്ടര്‍ നിലത്ത് വീഴ്ത്തുക, ട്രോളി നിന്നുപോയെന്ന് നടിക്കുക, മനപ്പൂര്‍വ്വം ഷൂട്ട് വൈകിപ്പിക്കുക, തുടങ്ങിയ പല വേലത്തരങ്ങളും സ്‌പോട്ട് ബോയ്‌സിനെക്കൊണ്ട് ധര്‍മ്മേന്ദ്ര ചെയ്യിപ്പിക്കുന്നുണ്ട്. അങ്ങനെ പല സ്‌പോട്ട് ബോയ്‌സുമാരും രണ്ടായിരം രൂപയിലധികം ധര്‍മ്മേന്ദ്രയില്‍ നിന്നും കൈക്കൂലി പറ്റിയതായാണ് അനുപമ ചോപ്ര തന്റെ പുസ്തകമായ 'ഷോലെ; മേക്കിംഗ് ഓഫ് എ ക്ലാസിക്കി'ല്‍ പറയുന്നത്.
ഹേമയും ധര്‍മ്മേന്ദ്രയും മാത്രമായിരുന്നില്ല ഷോലെ സെറ്റിലെ പ്രണയ ജോഡി. അമിതാഭ് ബച്ചനും ജയയും അക്കാലത്ത് കടുത്ത പ്രണയത്തിലായിരുന്നു. ഷോലെയുടെ ചിത്രീകരണത്തിന് തൊട്ടുമുമ്പാണ് അമിതാഭ് ബച്ചനും ജയയും വിവാഹിതരാകുന്നത്. ഷോലെയുടെ ചിത്രീകരണം ആരംഭിക്കുമ്പോഴേക്കും ജയ ബച്ചന്‍ ഗര്‍ഭിണിയായിരുന്നു. ഇതുകാരണം ചിത്രത്തിലെ ജയയുടെ മിക്ക രംഗങ്ങളും ചിത്രീകരിക്കുന്നതില്‍ രമേശ് സിപ്പിയും സംഘവും ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയുണ്ടായി.
മൂന്ന് വര്‍ഷത്തോളം വേണ്ടി വന്നു രമേശ് സിപ്പിയ്ക്ക് ഷോലെ പൂര്‍ത്തിയാക്കാന്‍. അതുവരെ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ബജറ്റിലും ക്യാന്‍വാസിലുമാണ് ഷോലെ അദ്ദേഹം ഒരുക്കിയത്. അമിതാഭ് ബച്ചന്‍, ധര്‍മ്മേന്ദ്ര, സഞ്ജീവ് കുമാര്‍, ഹേമ മാലിനി, ജയ ബച്ചന്‍ തുടങ്ങി വലിയൊരു താരനിരയും. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് ബോക്‌സ് ഓഫീസില്‍ ഷോലെ വീണു. പക്ഷെ റിലീസ് ചെയ്ത് രണ്ടാമത്തെ ആഴ്ച ഷോലെ ഉയിര്‍ത്തെഴുന്നേറ്റു. പിന്നീടൊരിക്കലും മരണമില്ലാത്തൊരു ഉയിര്‍പ്പായിരുന്നു അത്.
ഷോലെയെക്കുറിച്ച് സംസാരിക്കാതെ ഇന്ത്യന്‍ സിനിമയെക്കുറിച്ച് സംസാരിക്കാനാകില്ല. ബച്ചന്റേയും ധരമിന്റേയും ജയ്-വീരുമാരും, ഹേമയുടേയും ജയയുടേയും ബസന്തിയും രാധയും അംജദ് ഖാന്റെ ഗബ്ബര്‍ സിങുമെല്ലാം ഇന്ന് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ്. ഷോലെയുമായി ബന്ധപ്പെട്ട കുഞ്ഞ് ഓർമകള്‍ പോലും ആരാധകര്‍ നിധി പോലെയാണ് സൂക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
