

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത് ധനുഷും ശ്രുതി ഹാസനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ത്രീ. റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ആയെത്തിയ ചിത്രം 2012 ലാണ് തിയറ്ററുകളിലെത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. പ്രണയം മാത്രമല്ല മാനസികാരോഗ്യത്തെക്കുറിച്ചും ചിത്രം ചർച്ച ചെയ്തിരുന്നു.
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്നും ശരിയായ വൈദ്യ സഹായം ലഭിച്ചാൽ മാനസികാരോഗ്യം തിരിച്ചു പിടിക്കാമെന്നുമുള്ള സന്ദേശത്തോടെയാണ് സിനിമ അവസാനിക്കുന്നത്. ഇപ്പോഴിതാ ത്രീ ഇന്നാണ് റിലീസ് ചെയ്യുന്നതെങ്കിൽ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം മറ്റൊന്ന് ആയിരിക്കുമെന്ന് പറയുകയാണ് ശ്രുതി ഹാസൻ. കൂലിയുടെ പ്രൊമോഷന്റെ ഭാഗമായി അടുത്തിടെ നൽകിയ ഒരഭിമുഖത്തിലാണ് ശ്രുതി ഇക്കാര്യം പറഞ്ഞത്.
"എനിക്ക് വിഷമമായ ചില സിനിമകൾ വളരെ പ്രത്യേകതയുള്ളതാണെന്ന് എനിക്കറിയാം, എന്റെ ഭാഗം ഞാൻ മികച്ചതാക്കിയിട്ടുണ്ട്. എന്നാൽ അത് നന്നായില്ല. അത് വേദനയേക്കാൾ മോശമാണ്. പക്ഷേ, പൊതുവേ ഞാൻ അങ്ങനെ കുറ്റബോധം തോന്നുന്ന ഒരാളല്ല".- ശ്രുതി പറഞ്ഞു.
ഏതൊക്കെ സിനിമകളെപ്പറ്റിയാണ് പറയുന്നതെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായി, ത്രീ കൂടുതൽ വാണിജ്യപരമായി വിജയിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നാണ് ശ്രുതി മറുപടി നൽകിയത്.
"ഇപ്പോൾ എല്ലാവരും പാൻ ഇന്ത്യൻ സിനിമകളെക്കുറിച്ചാണ് സംസാരിക്കുന്നത്. ആ സിനിമ ഹിന്ദിയിലേക്ക് കൂടി ഡബ്ബ് ചെയ്യണമായിരുന്നു. അന്ന് ഒടിടി ഇല്ലായിരുന്നു. ഇന്നാണ് ആ സിനിമ റിലീസ് ചെയ്തിരുന്നതെങ്കിൽ കൊലവെറി പാട്ട് ഹിറ്റായതിനേക്കാൾ സിനിമ അറിയപ്പെടുമായിരുന്നു". - ശ്രുതി പറഞ്ഞു.
അനിരുദ്ധ് രവിചന്ദർ സംഗീതം നൽകി ധനുഷ് എഴുതി ആലപിച്ച പാട്ടായിരുന്നു വൈ ദിസ് കൊലവെറി ഡി. അനിരുദ്ധിന്റെ സംഗീത സംവിധായകനായുള്ള അരങ്ങേറ്റം കൂടിയായിരുന്നു ത്രീ. പുറത്തിറങ്ങിയതു മുതൽ വൈ ദിസ് കൊലവെറി എന്ന പാട്ട് തരംഗമായി മാറി.
കുടുംബത്തിന്റെ ഇഷ്ടത്തിന് വിപരീതമായി കല്യാണം കഴിക്കുന്ന റാം, ജനനി എന്നിവരുടെ കഥയാണ് ത്രീ പറയുന്നത്. റാം ഒരു ബൈപോളാർ രോഗിയാണെന്ന് ജനനി മനസിലാക്കുകയും പിന്നീട് അവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ സഞ്ചാരം.
മൈന എന്ന ചിത്രത്തിലെ അഭിനയം കണ്ട് ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്യാനിരുന്നത് അമല പോളിനെ ആയിരുന്നുവെന്നും ഡേറ്റ് ഇഷ്യു കാരണം അവർ വിസമ്മതിച്ചതോടെയാണ് ചിത്രത്തിലേക്ക് ശ്രുതി എത്തിയതെന്നും ഐശ്വര്യ രജനികാന്ത് തന്നെ പിന്നീട് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates