

ബോളിവുഡിനെയും തെന്നിന്ത്യയെയും ഒരുപോലെ ഞെട്ടിച്ച മരണമായിരുന്നു നടൻ സുശാന്ത് സിങ് രജ്പുത്തിന്റേത്. 2020 ജൂൺ 14 നാണ് ആരാധകരെയും സിനിമാ പ്രേക്ഷകരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയുള്ള സുശാന്തിന്റെ മരണം. മുംബൈ ബാന്ദ്രയിലുള്ള വസതിയിൽ ആത്മഹത്യ ചെയ്‍ത നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്.
മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്തെന്നും ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ മരണശേഷം പുറത്തുവന്ന വാർത്തകൾ. ഇപ്പോഴിതാ നടന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരി ശ്വേത സിങ് കീർത്തി.
സുശാന്തിന്റെ കഴുത്തിലുണ്ടായിരുന്ന പാട് വസ്ത്രത്തിന്റേത് അല്ലായിരുന്നുവെന്നും, അതൊരു ചെയിനിന്റെ പാട് ആണെന്നുമാണ് ശ്വേത പറയുന്നത്. അൺപ്ലഗ്ഡ് ശുഭങ്കർ എന്ന പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ശ്വേതയുടെ വെളിപ്പെടുത്തൽ.
"അത് എങ്ങനെ ആത്മഹത്യയാകും ? ഫാനും കട്ടിലിനുമിടയിൽ ഒരാൾക്ക് കാലുകൾ തൂക്കിയിടാൻ പോലും സ്ഥലമുണ്ടായിരുന്നില്ല. ആർക്കെങ്കിലും ആത്മഹത്യ ചെയ്യണമെങ്കിൽ, അവർ ഒരു സ്റ്റൂൾ എങ്കിലും ഉപയോഗിക്കില്ലേ? എന്നാൽ അവിടെ അങ്ങനെയൊരു വസ്തു ഉണ്ടായിരുന്നില്ല.
ഇനി ശരീരത്തിലെ പാടുകൾ നോക്കുകയാണെങ്കിൽ, അതൊരു ദുപ്പട്ടയുടെ പാടുകളായി തോന്നുന്നില്ല. ഉപയോഗിച്ച വസ്തു ഒരു തുണി പോലെയുള്ള അടയാളമല്ല ഉണ്ടാക്കിയത്, മറിച്ച് അതൊരു നേർത്ത ചെയിനിന്റെ പാടുപോലെയാണ്".- ശ്വേത പറഞ്ഞു.
സുശാന്തിനെ രണ്ട് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് അമേരിക്കയില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള രണ്ടു പേർ പറഞ്ഞുവെന്നും ഇവർ ആത്മീയമായ കഴിവുകൾ ഉള്ളവരാണെന്നും-ശ്വേത അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം സുശാന്തിനെ ആരെങ്കിലും നിയമവിരുദ്ധമായി തടങ്കലിൽ വെക്കുകയോ ഭീഷണിപ്പെടുത്തുകയോ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയോ ചെയ്തതിന് തെളിവുകളില്ലെന്നാണ് സിബിഐയുടെ ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നത്.
നടി റിയ ചക്രബർത്തി സുശാന്തിന്റെ പണം തട്ടിയെടുത്തതിനും തെളിവുകളൊന്നും ഏജൻസിക്ക് കണ്ടെത്താനായില്ല. പകരം സുശാന്ത് റിയയെ കുടുംബാംഗത്തെപ്പോലെയാണ് കണ്ടിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സുശാന്തിന്റെ കുടുംബം റിപ്പോർട്ടിലെ നിഗമനങ്ങൾ തള്ളിക്കളഞ്ഞു.
"ഇതൊരു കൺകെട്ട് മാത്രമാണ്. സിബിഐയ്ക്ക് സത്യം പുറത്തുകൊണ്ടുവരാൻ ആഗ്രഹമുണ്ടായിരുന്നെങ്കിൽ, ചാറ്റുകൾ, സാങ്കേതിക രേഖകൾ, സാക്ഷിമൊഴികൾ, മെഡിക്കൽ രേഖകൾ തുടങ്ങിയ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അവർ സമർപ്പിക്കുമായിരുന്നു. തെറ്റായ ദിശയിൽ നടന്ന അന്വേഷണത്തെ അടിസ്ഥാനമാക്കിയുള്ള ഈ റിപ്പോർട്ടിനെതിരെ ഹർജി ഫയൽ ചെയ്യും." അവരുടെ അഭിഭാഷകനായ വരുൺ സിങ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
