

ഒന്നര മാസത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ ഗായിക അമൃതയ്ക്ക് വമ്പൻ സ്വീകരണം ഒരുക്കി കുടുംബം. മകൾ പാപ്പുവും അമ്മയും സഹോദരിയും ചേർന്നാണ് അമൃതയെ സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെ അഭിരാമിയാണ് സന്തോഷ വിഡിയോ പോസ്റ്റ് ചെയ്തത്.
സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് അമേരിക്കയിലായിരുന്നു ഗായിക. ഇത്ര നീണ്ട നാൾ അമൃത പാപ്പുവിനെ പിരിഞ്ഞിരിക്കുന്നത് ആദ്യമായിട്ടാണ് എന്നാണ് അഭിരാമി പറയുന്നത്. ലിഫ്റ്റിനു മുന്നിൽ അമ്മയെ ആവേശത്തോടെ കാത്തിരിപ്പുന്ന പാപ്പുവിനെയാണ് വിഡിയോയിൽ കാണുന്നത്. കെട്ടിപ്പിടിച്ചും ഉമ്മ നൽകിയുമാണ് പാപ്പു അമ്മയെ വരവേറ്റത്. തുടർന്ന് അമൃതയെ ആരതി ഉഴിഞ്ഞ് അമ്മ വീട്ടിലേക്ക് സ്വീകരിക്കുകയായിരുന്നു. ദൃഷ്ടിദോഷം മാറാൻ ദൃഷ്ടി ഉഴിയുന്നതും വിഡിയോയിലുണ്ട്.
പാപ്പുവിന് പെട്ടിനിറയെ സമ്മാനവുമായാണ് അമൃത എത്തിയത്. ചിക്കനും മേനും ഉൾപ്പടെ ഗംഭീര സദ്യയും അമൃതയ്ക്കായി അമ്മ ഒരുക്കിയിരുന്നു. അമ്മ തയ്യാറാക്കിയ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന അമൃതയുടെ സന്തോഷവും വിഡിയോയിൽ കാണാം. മകൾക്കു വേണ്ടി ജീവിക്കുന്ന വളരെ സ്ട്രോങ്ങും ഇൻഡിപെൻഡന്റുമായ അമ്മയാണ് അമൃത എന്നാണ് അഭിരാമി പറയുന്നത്. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. ചിലർ വിമർശനവും ആക്ഷേപവും ഉന്നയിക്കുന്നുണ്ട്. ഇവർക്കെല്ലാം അഭിരാമി മറുപടിയും നൽകുന്നുണ്ട്.
കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസി നേതൃത്വം നൽകിയ സംഗീതപരിപാടിയുമായി ബന്ധപ്പെട്ടാണ് അമൃത സുരേഷ് അമേരിക്കയിൽ പോയത്. സിദ്ധാർഥ് മേനോൻ, ശ്യാം പ്രസാദ്, ജോസി ജോൺ, ഫ്രാൻസിസ് സേവ്യർ, അലക്സ്, ഡർവിൻ ഡിസൂസ എന്നിവർക്കൊപ്പമായിരുന്നു ഗായികയുടെ യാത്ര.ന്യൂയോർക്കിലെ പ്രശസ്തമായ ടൈം സ്ക്വയറിൽ സ്റ്റീഫൻ ദേവസിക്കൊപ്പം ചുവടു വച്ച ഗായികയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates