

മലയാളത്തിലും തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടനാണ് ശിവകാർത്തികേയൻ. അഭിനേതാവ് എന്നതിലുപരി ഗായകനായും ഗാനരചയിതാവായും കഴിവുതെളിയിച്ചിട്ടുണ്ട് ശിവകാർത്തികേയൻ. അടുത്തിടെ ഒരു ചടങ്ങിൽ പങ്കെടുക്കവേ പരിപാടിയുടെ അവതാരക ശിവകാർത്തികേയനെക്കുറിച്ച് വെളിപ്പെടുത്തിയ ഒരു കാര്യമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സിനിമയ്ക്കു വേണ്ടി പാട്ടെഴുതിക്കിട്ടിയ മുഴുവൻ തുകയും അദ്ദേഹം അകാലത്തിൽ അന്തരിച്ച ഗാനരചയിതാവ് നാ. മുത്തുകുമാറിന്റെ കുടുംബത്തിന് നൽകി എന്നാണ് പുറത്തുവന്നിരിക്കുന്നത്. നാ. മുത്തുകുമാർസ് 50 ഇയേഴ്സ് എന്ന ചടങ്ങിൽവെച്ചാണ് അവതാരക ശിവകാർത്തികേയനെക്കുറിച്ച് അധികമാർക്കും അറിയാത്ത കാര്യം പറഞ്ഞത്. ഇക്കാര്യം വേദിയിൽ വെച്ചു തന്നെ ശിവ കാർത്തികേയനും സ്ഥിരീകരിച്ചു.
സംവിധായകൻ നെൽസണാണ് പാട്ടെഴുതാൻ തന്നോട് ആദ്യം ആവശ്യപ്പെടുന്നതെന്ന് ശിവകാർത്തികേയൻ പറഞ്ഞു. അന്നെഴുതിയത് ജോളി മൂഡിലുള്ള ഒരു പാട്ടായിരുന്നു. അതിന്റെ വരികൾക്ക് പ്രത്യേകിച്ച് അർഥമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ആ ഉദ്യമത്തിന് ഒരർഥമുണ്ടാകണമെന്ന് കരുതിയിരുന്നു. അതുകൊണ്ട് പാട്ടെഴുതി കിട്ടുന്ന ശമ്പളം നാ. മുത്തുകുമാറിന്റെ കുടുംബത്തിന് നൽകണമെന്ന് കരുതി.
ഇതൊരിക്കലും ഒരു സഹായമല്ല. ഇത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. സംവിധായകർക്കും താരങ്ങൾക്കും നിർമാതാക്കൾക്കും ആരാധകർക്കുമെല്ലാം നാ. മുത്തുകുമാർ ബാക്കി വെച്ചിട്ടുള്ളത് മനോഹരമായ കവിതകളാണ്. ഇതിന് പകരമായി ചെയ്യുന്ന കടമയാണ് ഇപ്പോൾ ഞാൻ ചെയ്തത്. ഒരു ആദരമാണിത്.
നാ. മുത്തുകുമാർ സാർ, നിങ്ങളെ തമിഴ് സിനിമയും സംഗീതസംവിധായകരും ഗായകരും ഏറെ മിസ് ചെയ്യുന്നുണ്ട്. നിങ്ങളുടെ കുടുംബത്തിനും അതുപോലെ തന്നെയാണ്. നിങ്ങളെപ്പോലെ എഴുതാൻ കഴിവുള്ളവർ ഇനി ജനിക്കുമോയെന്ന് സംശയമാണ്. ശിവ കാർത്തികേയൻ കൂട്ടിച്ചേർത്തു. തമിഴിൽ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളെഴുതിയ നാ. മുത്തുകുമാർ 2016-ലാണ് അന്തരിച്ചത്.
ആയിരത്തിലധികം പാട്ടുകള്‍ക്ക് വരികളെഴുതിയിട്ടുണ്ട്. വെയില്‍, ഗജിനി, കാതല്‍ കൊണ്ടേന്‍, പയ്യ, അഴകിയ തമിഴ് മകന്‍, യാരഡീ നീ മോഹിനി, അയന്‍, ആദവന്‍, അങ്ങാടിത്തെരു, സിങ്കം, മദ്രാസപ്പട്ടണം, ദൈവ തിരുമകള്‍ തുടങ്ങിയ സിനിമകളിലെ ഹിറ്റു ഗാനങ്ങളെല്ലാം എഴുതിയത് മുത്തുകുമാറാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates