

തന്റെ പുതിയ ചിത്രം മദ്രാസിയുടെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ നടൻ ശിവകാർത്തികേയൻ. എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ അഞ്ചിനാണ് തിയറ്ററുകളിലെത്തുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വച്ച് ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിനിടെ ഭാര്യ ആരതിയെക്കുറിച്ച് ശിവകാർത്തികേയൻ പറഞ്ഞ കാര്യങ്ങളാണിപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
സിനിമയിൽ വിജയിക്കുന്നതിനു മുൻപ് ജീവിതത്തിൽ പിന്തുണച്ച ആളുകൾ ഉണ്ടായിരുന്നോ എന്ന ചോദ്യത്തോടായിരുന്നു ശിവകാർത്തികേയന്റെ മറുപടി. തന്റെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് കോളജ് സുഹൃത്തുക്കളാണെന്നും അവരാണ് തന്നെ സ്റ്റേജിൽ പരിപാടികൾ അവതരിപ്പിക്കാൻ പ്രോത്സാഹിപ്പിച്ചതെന്നും ശിവകാർത്തികേയൻ പറഞ്ഞു.
സ്റ്റേജിൽ കയറാനും മിമിക്രി ചെയ്യാനും പ്രോത്സാഹിപ്പിച്ചത് സുഹൃത്തുക്കളാണെന്നും അദ്ദേഹം ഓർമിച്ചു. താൻ നടനാകുന്നതിന് മുൻപ് തന്നെ ആരതി വിവാഹത്തിന് സമ്മതിച്ചുവെന്നും, അതിന് താൻ അവരോട് എപ്പോഴും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"എൻ്റെ ഭാര്യ ആരതി, ഞാൻ സിനിമയിൽ വരുന്നതിന് മുൻപാണ് അവൾ എന്നെ വിവാഹം കഴിച്ചത്. സിനിമയിൽ കഴിവുള്ളവരെ എപ്പോഴും ആളുകൾ കണ്ടെത്തും, കാരണം അതൊരു ബിസിനസാണ്. എന്നാൽ യാതൊന്നും പ്രതീക്ഷിക്കാതെ, എനിക്ക് നല്ലൊരു ശമ്പളം പോലും ഇല്ലാതിരുന്ന സമയത്ത്, അവളെ സംരക്ഷിക്കാൻ എനിക്ക് കഴിയുമെന്ന് വിശ്വസിച്ച് അവൾ എന്നോട് സമ്മതം പറഞ്ഞു. ഞാൻ എപ്പോഴും ആരതിയോട് കടപ്പെട്ടിരിക്കണം," ശിവകാർത്തികേയൻ വ്യക്തമാക്കി.
2010 ലായിരുന്നു ശിവകാർത്തികേയനും ആരതിയും തമ്മിലുള്ള വിവാഹം. ഇവർക്ക് മൂന്ന് കുട്ടികളുമുണ്ട്. 2006 ൽ കലക്ക പോവത് യാര് എന്ന കോമഡി റിയാലിറ്റി ഷോയിൽ ശിവകാർത്തികേയൻ പങ്കെടുത്തു. ഇതിന്റെ രണ്ടാം സീസണിലെ വിജയിയും ശിവകാർത്തികേയൻ ആയിരുന്നു.
അതേസമയം ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് മദ്രാസി ഒരുങ്ങുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം ബിജുമേനോനും കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്.
വിദ്യുത് ജംവാൽ, സഞ്ജയ് ദത്ത്, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിയാണ് ശിവകാർത്തികേയന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates