

" ദൂരെ നിന്ന് കണ്ടിട്ടുണ്ട് ജയചന്ദ്രൻ സാറിനെ . ഇതു വരെ പരിചയപ്പെട്ടിട്ടില്ല. എന്തിനാ പരിചയപ്പെടണേ പാട്ടിലൂടെ ദെവസോം അറിയല്ലേ ... അങ്ങേര് മരിയ്ക്കൊന്നൂല്യ എന്നും രാവിലെ ഓരോ പാട്ടായി വന്ന് നമ്മളെ ഇങ്ങനെ തൊടില്ലേ.. പിന്നെങ്ങനാ മരിക്കാ. " - പ്രിയഗായകന്‍ പി ജയചന്ദ്രന്‍റെ ഭൗതിക ശരീരം പൊതുദര്‍ശത്തിനു വച്ചപ്പോള്‍, ഒരു പരിചയവുമില്ലാത്ത ഒരാള്‍ ചിരപരിചിതനെപ്പോലെ വന്നു കൈപിടിച്ച് ചുമലിലേക്കു ചാഞ്ഞ അനുഭവം പങ്കുവയ്ക്കുകയാണ് ഗാനരചയിതാവ് ബികെ ഹരിനാരായണന്‍ ഈ കുറിപ്പില്‍. തനിക്ക് ഒരച്ഛൻ്റെ വാത്സല്യം തന്ന താനെനിക്ക് മകനെപ്പോലെ എന്ന് പറഞ്ഞ ഒരേ ഒരാളാണ് ജയചന്ദ്രനെന്ന് ഹരി നാരായണൻ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ഹരി നാരായണന്റെ വാക്കുകൾ
ഇന്നലെ രാവിലെയാണ് ബാലുച്ചേട്ടൻ വിളിച്ച് ജയേട്ടനെ കാണാൻ പോകാമെന്ന് പറയുന്നത് . ഉച്ചക്ക് രണ്ട് മണിയോടെയാണ് ഗുൽമോഹർ ഫ്ലാറ്റിൽ ജയേട്ടൻ കിടക്കുന്ന റൂമിൽ എത്തുന്നത്. കടക്കുമ്പോൾ ഞങ്ങളെ തിരിച്ചറിഞ്ഞ തിളക്കം ആ കണ്ണിലുണ്ട് . വർക്കിനെപ്പറ്റിയാണ് ചോദിച്ചത്.
" ജയേട്ടൻ ഒന്ന് സെറ്റ് ആവട്ടെ . നമുക്ക് എടുത്തു വച്ച പാട്ടുകളൊക്കെ പാടണം "
"അതെ പാടണം" ആ വാക്കുകളിൽ അപ്പോഴും ഒരു നിശ്ചയദാർഢ്യമുണ്ടായിരുന്നു.
ജയേട്ടൻ പതുക്കെ ഉച്ചമയക്കത്തിലേക്ക് കടക്കുകയാണെന്ന് തോന്നി. ഞങ്ങൾ യാത്രപറഞ്ഞിറങ്ങി . അത് ഒടുവിലെ കാഴ്ചയാവുമെന്ന് കരുതിയില്ല . മരണവിവരം അറിഞ്ഞ് അമല ആശുപത്രിയിലേക്കുള്ള യാത്രയിൽ ചിന്തിച്ചത് ഒരൊറ്റ കാര്യമാണ്
എനിക്കാരായിരുന്നു ജയേട്ടൻ
ഒരച്ഛൻ്റെ വാത്സല്യം തന്നൊരാൾ ' "താനെനിക്ക് മകനെ പ്പോലെ " എന്ന് പറഞ്ഞ ഒരേ ഒരാൾ '. സുഹൃത്തിനെപ്പോലെ എന്തും പറയാൻ സ്വാതന്ത്ര്യമുള്ളയാൾ ' പഴയ കാല മദിരാശി സിനിമയുടെ ചരിത്രങ്ങൾ , ഞാൻ കേൾക്കാത്ത ഭാസ്കരൻ മാഷുടെ പാട്ടുകൾ എല്ലാം പറഞ്ഞു തന്നയാൾ ' കാറിലിരുത്തി എം. എസ് വി യുടേയും , കണ്ണദാസൻ്റെയും കെ.വി മഹാദേവൻ്റെയും പാട്ട് കേൾപ്പിച്ച്, ആ പാട്ടുണ്ടായ കഥകൾ പറഞ്ഞ് തന്ന ഗുരുനാഥൻ . കൃഷ്ണൻ കുട്ടിപ്പൊതുവാളെ കുറിച്ച് , തൃത്താല കേശവനെ കുറിച്ച് , ജി. എൻ ബി യെ കുറിച്ച് , മണി അയ്യരെ കുറിച്ച് , അമ്മന്നൂർ മാധവ ചാക്യാരെ കുറിച്ച് , കോട്ടക്കൽ കുട്ടൻ മാരാരെ കുറിച്ച് , പുകഴേന്തിയെ കുറിച്ച് , ബാബുക്കയെ കുറിച്ച് സത്യനെ കുറിച്ച് , പ്രേംനസീറിനെ കുറിച്ച് , ശിവാജി ഗണേശനെ കുറിച്ച് വാ തോരാതെ സംസാരിച്ചിരുന്ന ആൾ. മുഹമ്മദ് റാഫി എന്ന് പറയുമ്പോൾ കരഞ്ഞിരുന്ന ആൾ ' സുശിലാമ്മ എന്ന് പറയുമ്പോൾ രോമാഞ്ചം കൊണ്ടിരുന്ന ആൾ, എം. എസ്.വി യിൽ ആവേശം കൊണ്ടിരുന്ന ആൾ. ഭാസ്കരനേയും ജാനകിയേയും ലതാജിയേയും ഇഷ്ടപ്പെട്ടിരുന്ന ആൾ. ഗുരുവായ ദേവരാജൻ മാഷുടെ ചിത്രം വച്ച പേഴ്സ് കാണിച്ച് അഭിമാനം കൊണ്ടിരുന്നയാൾ . കുന്നംകുളത്തെ " 50 ശതമാനം Branded ഷോ പ്പിൽ " നിന്ന് അവിടെ ഉള്ളത് മുഴുവൻ വാങ്ങി തൻ്റെ കാറിലേക്കിട്ട് ചിരിച്ച് കണ്ണിറുക്കിയ ആൾ. പേരാമംഗലത്തെ ട്രിനിറ്റിയിൽ നിന്ന് " താനീ ഓഫ് കളർ ഒക്കെ കളയൂ " എന്ന് പറഞ്ഞ് കളർഫുൾ ടീ ഷർട്ടുകൾ വാങ്ങിത്തന്നയാൾ
ഒപ്പം ചെണ്ട കൊട്ടിയ ആൾ. ഒറ്റപ്പാലം ഹരിയുടെ തിമിലയും പോരൂരിൻ്റെ തായമ്പകയും, ദോശയും ഇഷ്ടപ്പെട്ടിരുന്ന ആൾ
എൻ്റെ കയ്യിൽ നിന്ന് ശ്ലോകങ്ങൾ എഴുതി വാങ്ങി ബൈ ഹാർട്ട് പഠിക്കുമ്പോൾ ആവേശമുള്ള വിദ്യാർത്ഥി ,
ഗുരുവായൂരപ്പന് കൊടുക്കാൻ എനിക്കൊരു പാട്ട് വേണം താൻ തന്നെ എഴുതണമെന്ന് പറഞ്ഞ് " നീയെന്ന ഗാനത്തെ " എഴുതിപ്പിച്ചയാൾ
അത് വായിച്ച് ഫോണിൻ്റെ മറുതലയ്ക്കലിരുന്ന് പൊട്ടിക്കരഞ്ഞയാൾ
മകൾ ലക്ഷ്മിയുടെ ഈണം എന്നെ പലവട്ടം പാടി കേൾപ്പിച്ച് അതിൽ രാമനാഥൻ മാഷക്ക് ഉള്ള സമർപ്പണമായി വരി എഴുതിപ്പിച്ച ആൾ ' അത് കഴിഞ്ഞ് ഒരു പേന സമ്മാനമായി തന്നയാൾ
താൻ ആദ്യമായി സംഗീതം ചെയ്യുന്ന ആർബത്തിലെ പത്ത് പാട്ടുകൾക്ക് ഞാൻ വരിയെഴുതിയാൽ മതി എന്ന് പറഞ്ഞയാൾ
നാട്ടിലെ പഞ്ചവാദ്യത്തിന് ഒന്ന് വിളിക്കാതെ പോലും വന്നിരുന്നയാൾ . കളർ മുണ്ടും തലേക്കെട്ടുമായി പതികാലം മുഴുവൻ താളം പിടിച്ച് കേട്ടു നിന്നയാൾ
വിഷുവിന് കൈ നീട്ടമായി പതിവ് തെറ്റിക്കാതെ " ഒരു വിഷുപ്പാട്ടിൻ്റെ " എന്ന പാട്ട് പാടി തന്നിരുന്നയാൾ
എത്രയോ പാട്ടുകൾ ഫോണിൻ്റെ മറുതലയ്ക്കലിരുന്ന് പാടി തന്നയാൾ .
ദേവരാജൻ മാഷേ , ദക്ഷിണാമൂർത്തി സ്വാമി യെ തുടങ്ങി ചിറ്റൂർ ഗോപിയേട്ടനേയും , ബാലമുരളിയേട്ടനേയും വരെ സുന്ദരമായി അനുകരിച്ചിരുന്നയാൾ
എം.സ്.വിയ്ക്കുള്ള ട്രിബ്യൂട്ട് ആയി വലിയൊരു പ്രോഗാം പാലക്കാട്ട് നടക്കുമ്പോൾ അവതാരകനായി കൂട്ടി കൊണ്ടുപോയ ആൾ , സുശീലാമ്മയ്ക്കടുത്തു കൊണ്ടു പോയി നിർത്തി പരിചയപ്പെടുത്തിയ ആൾ
ഇതൊക്കെയാണെങ്കിലും ആരാണെനിക്ക് ജയേട്ടൻ ?
അറിയില്ല
ജയേട്ടന് ഞാനാരെന്നും അറിയില്ല
ഇന്ന് സംഗീത നാടക അക്കാദമിയുടേയും , വീടിൻ്റെയും പരിസരത്ത് , ജയേട്ടനെ ഇഷ്ടപ്പെടുന്ന ഒരുപാടു പേരുണ്ടായിരുന്നു. എത്രയോ ദൂരെ നിന്ന് എത്തിയവർ ' എവിടെയും അടയാളപ്പെടുത്താത്തവർ ' ഒരു ക്യാമറക്കണ്ണിലും പെടാതെ , മാവിൻ്റെ മറവിലോ , കെട്ടിടത്തിൻ്റെ മറവിലോ നിന്ന് ഏങ്ങിയേങ്ങി കരയുന്നവർ . അതിലൊരാൾ ( ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാൾ ) ചിരപരിചിതനെ പോലെ വന്ന് കൈ പിടിച്ചു . പിന്നെ തേങ്ങി ക്കൊണ്ട് ചുമലിലേക്ക് ചാഞ്ഞു.
" ദൂരെ നിന്ന് കണ്ടിട്ടുണ്ട് ജയചന്ദ്രൻ സാറിനെ . ഇതു വരെ പരിചയപ്പെട്ടിട്ടില്ല. എന്തിനാ പരിചയപ്പെടണേ പാട്ടിലൂടെ ദെവസോം അറിയല്ലേ ... അങ്ങേര് മരിയ്ക്കൊന്നൂല്യ എന്നും രാവിലെ ഓരോ പാട്ടായി വന്ന് നമ്മളെ ഇങ്ങനെ തൊടില്ലേ.. പിന്നെങ്ങനാ മരിക്കാ . "
അതെ എല്ലാറ്റിനുമുപരി മരണമില്ലാത്ത ശബ്ദമാണ് ജയേട്ടൻ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates