

നീണ്ടകാലത്തെ കാത്തിരിപ്പിന്റേയും നിരന്തര പരിശ്രമത്തിന്റേയും ആകെ തുകയാണ് നടന്‍ സൂരിയുടെ ജീവിതം. പെയ്ന്റിങ് തൊഴിലാളിയില്‍ നിന്നും തമിഴ്‌സിനിമയിലെ നായകനിരയിലേക്കുള്ള സൂരിയുടെ യാത്ര ആര്‍ക്കും പ്രചോദനമാകും. പ്രതിസന്ധികളില്‍ തളരാതെ, അവനവനെ നിരന്തരം വീണ്ടെടുത്ത് മുന്നോട്ട് പോയ സൂരിയുടെ ജീവിതകഥ സിനിമയേക്കാള്‍ നാടകീയവും സംഭവബഹുലമാണ്.
ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത്, തമിഴ് സിനിമയിലെ ഹാസ്യതാരങ്ങളില്‍ ഒരാളായി മാറിയ ശേഷമാണ് സൂരി നായകനാകുന്നത്. വിടുതലൈ, കൊട്ടുകാളി, തുടങ്ങിയ സിനിമകളില്‍ സൂരിയുടെ പ്രകടനം അമ്പരപ്പിക്കുന്നതായിരുന്നു. കാലത്തിന്റെ ആലയില്‍ നിന്നും മികച്ചൊരു നടനായി വളരുകയായിരുന്നു സൂരി. അറിയപ്പെടുന്ന താരമായിരിക്കുമ്പോഴും താന്‍ വന്ന വഴികള്‍ സൂരി ഇന്നും മറന്നിട്ടില്ല.
കഴിഞ്ഞ ദിവസം തന്റെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ വീഡിയോ സൂരി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. തന്റെ നാട്ടില്‍ നിന്നുമുള്ള വിഡിയോയാണ് താരം പങ്കുവച്ചത്. 'എന്റെ സ്വന്തം രാജക്കൂര്‍ മണ്ണില്‍ സന്തോഷത്തോടെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്നു' എന്നായിരുന്നു വിഡിയോയ്‌ക്കൊപ്പം സൂരി കുറിച്ചത്.
എന്നാല്‍ ഒരാള്‍ സൂരിയെ അവഹേളിക്കാന്‍ ശ്രമിച്ചു.'തിണ്ണയില്‍ കിടന്നവന് പൊടുന്നനെ മെച്ചപ്പെട്ട ജീവിതം വന്നത്രേ' എന്നായിരുന്നു അയാളുടെ കമന്റ്. ഇതിന് സൂരി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. ''തിണ്ണയില്‍ അല്ല സുഹൃത്തേ, പല ദിവസവും രാത്രികളില്‍ റോഡില്‍ ഇരുന്നും ഉറങ്ങിയും ജീവിച്ചവനാണ് ഞാന്‍. ആ വഴികളിലൂടെ വന്നാണ് ജീവിതത്തിന്റെ മൂല്യവും സത്യവും ഞാന്‍ പഠിച്ചത്. താങ്കളുടെ വളര്‍ച്ചയില്‍ വിശ്വാസമര്‍പ്പിച്ച് മുന്നേറിയാല്‍ വിജയം തീര്‍ച്ചയായും താങ്കളേയും തേടി വരും'' എന്നാണ് സൂരി നല്‍കിയ മറുപടി.
കഷ്ടപ്പാടുകളില്‍ നിന്നും സ്വയം വഴി വെട്ടി വിജയത്തിലേക്ക് എത്തിയ സൂരിയുടെ മറുപടിയ്ക്ക് കയ്യടിക്കുകയാണ് ആരാധകര്‍. അതേസമയം മാമന്‍ ആണ് സൂരിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മണ്ടാടി ആണ് സൂരിയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്ന സിനിമ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates