

കൊച്ചി: ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ പ്രതികരണവുമായി സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തകർ. സെറ്റിൽ വച്ച് വിൻസി പരാതിയൊന്നും നൽകിയിരുന്നില്ല എന്ന് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചു. ഷൈൻ ടോം ചാക്കോയുടെ അറസ്റ്റിന് പിന്നാലെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ചിത്രത്തിന്റെ നിർമാതാവ് ശ്രീകാന്ത് കണ്ട്രഗുല ഇക്കാര്യം അറിയിച്ചത്. വിൻസിയിൽ നിന്ന് തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നും കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും ശ്രീകാന്ത് അറിയിച്ചു.
സെറ്റിൽ ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. ഒരു നിർമാതാവ് എന്ന നിലയിലും മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ആളെന്ന നിലയിലും പറയുകയാണ് ഈ ആരോപണങ്ങൾ വളരെ ഗൗരവമേറിയതാണ്. പരാതിയുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കും.
ഈ വിവാദങ്ങളൊന്നും സിനിമയുടെ പ്രൊമോഷന് വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. 40 ദിവസം തുടർച്ചയായി ഷൂട്ടിംഗ് നടന്നിരുന്നു. എന്നാൽ യാതൊരു വിധത്തിലുള്ള ലഹരി ഉപയോഗവും പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്ന പരാതിയിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. മാധ്യമങ്ങളിലൂടെ പരാതി കണ്ട ഉടനെ ഐസിസി പരാതി വാങ്ങിയുട്ടുണ്ട്. തുടർനടപടികൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത് അനിവാര്യമായത് കൊണ്ട് മാത്രമാണ്. എല്ലാവരും സിനിമയുടെ പേര് ചർച്ചയിൽ കൊണ്ടുവന്നു. അതിനാൽ പോസ്റ്റർ റിലീസ് ചെയ്യാൻ തങ്ങളെ നിർബന്ധിതരാക്കി. ഇപ്പോൾ നടന്നത് ഒന്നും മാർക്കറ്റിംഗ് ഭാഗമല്ലെന്നും നിർമാതാവ് വ്യക്തമാക്കി. സെറ്റിൽ വെച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് സംവിധായകൻ യൂജിൻ ജോസ് ചിറമേൽ പറയുന്നു.
വിൻസി അലോഷ്യസും പരാതി നൽകിയില്ല. സെറ്റിൽ ഒരിക്കൽ പോലും ഒരു മോശം അനുഭവം ഉണ്ടായതായി പറഞ്ഞിട്ടില്ല. ആരും പറഞ്ഞിട്ടില്ല. വിൻസി പരിചയമുള്ള ആരോടെങ്കിലും പറഞ്ഞു കാണും. പക്ഷേ പരാതിയായി ആരും പറഞ്ഞില്ലെന്ന് യൂജിൻ ജോസ് ചിറമേൽ പറയുന്നു. പരാതി പറഞ്ഞ വിൻസിയെ അഭിനന്ദിക്കുന്നതായി സംവിധായകൻ പറഞ്ഞു.
ഷൂട്ടിങ് നടക്കുന്നതിനിടെ വിൻസിയോട് സെറ്റിൽ കംഫർട്ടബിൾ ആയിരുന്നോ എന്ന് ചോദിച്ചിരുന്നതായും എന്നാൽ തിരക്കായതിനാലാകും മറുപടി ലഭിച്ചിരുന്നില്ലെന്നും അണിയറപ്രവർത്തകർ പറയുന്നു. അതേസമയം ലഹരി പദാര്‍ഥം ഉപയോഗിച്ചെന്ന കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ജാമ്യത്തില്‍ പുറത്തിറങ്ങി. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27, 29 വകുപ്പുകള്‍ പ്രകാരമാണ് ഷൈനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates