

ടെലിവിഷൻ സീരിയലുകൾക്ക് എതിരായ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ പ്രതികരണം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോൾ സീരിയലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. സീരിയലുകൾക്ക് സെൻസർഷിപ് ആവശ്യമാണെന്ന് ആദ്യം ആവശ്യപ്പെട്ടത് താനാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമയ്ക്ക് സെൻസർഷിപ്പ് വേണം, വീടുകളിൽ പ്രദർശിപ്പിക്കുന്ന സീരിയലുകൾക്ക് സെൻസർഷിപ് ആവശ്യമില്ല എന്ന് പറയുന്നതിലെ അനൗചിത്യം ബന്ധപ്പെട്ടവർ മനസ്സിലാക്കണം. ഇപ്പോൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന പരമ്പരകളിലെ ചില രംഗങ്ങളെങ്കിലും ''എൻഡോസൾഫാനേ''ക്കാൾ കൂടുതൽ വിഷം വിളമ്പുന്നവയാണ്. മലയാളിസ്ത്രീകൾ മുഴുവൻ കുശുമ്പികളും കുന്നായ്‌മക്കാരികളും ആണെന്ന് സ്ഥാപിക്കപ്പെടുന്ന കഥകളാണുള്ളതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ് വായിക്കാം
പരമ്പരകൾക്കു സെൻസർഷിപ് വേണം.
സീരിയലുകൾക്ക് സെൻസർഷിപ് ആവശ്യമാണെന്ന് ആദ്യം ആവശ്യപ്പെട്ടത് ഞാനാണ്. മോഹനദർശനം, മേളപ്പദം, (രണ്ടും --ദൂരദർശൻ) അക്ഷയപാത്രം, സപത്നി, അക്കരപ്പച്ച, ദാമ്പത്യഗീതങ്ങൾ, അമ്മത്തമ്പുരാട്ടി ( അഞ്ചും- ഏഷ്യാനെറ്റ് ), അളിയന്മാരും പെങ്ങന്മാരും ,കോയമ്പത്തൂർ അമ്മായി
(രണ്ടും-അമൃത ടി വി.) പാട്ടുകളുടെ പാട്ട്, (സൂര്യ ടി.വി.) ബന്ധുവാര് ശത്രുവാര് ( മഴവിൽ മനോരമ )എന്നീ പരമ്പരകൾ സ്വന്തമായി നിർമ്മിച്ച് സംവിധാനം ചെയ്ത വ്യക്തിയാണ് ഞാൻ. ദേശാഭിമാനി വാരികയിൽ വർഷങ്ങൾക്കു മുമ്പ് പരസ്യപ്പെടുത്തിയ എന്റെ അഭിമുഖത്തിലാണ് ഈ ശക്തമായ അഭിപ്രായം ഞാൻ പ്രകടിപ്പിച്ചത്. സ്വന്തമായി പരമ്പര നിർമ്മിച്ചുകൊണ്ടിരുന്ന സമയത്തു തന്നെയാണ് ഞാൻ ഈ അഭിപ്രായം തുറന്നു പറഞ്ഞത്, ഇതിനെ പിന്തുണച്ചു കൊണ്ട് മാതൃഭൂമി ടി വിയും മറ്റും അക്കാലത്തു ചർച്ചകൾ നടത്തുകയുണ്ടായി. ഇപ്പോൾ അതേ അഭിപ്രായം ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ. പ്രേംകുമാർ പ്രകടിപ്പിച്ചിരിക്കുന്നു. ഞാൻ അദ്ദേഹത്തോടു പൂർണ്ണമായും യോജിക്കുന്നു. എന്നാൽ പ്രേംകുമാറിനെ എതിർത്തുകൊണ്ട് ആരൊക്കെയോ രംഗത്തു വന്നിരിക്കുന്നതായി കാണുന്നു .
തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമയ്ക്ക് സെൻസർഷിപ്പ് വേണം, വീടുകളിൽ പ്രദർശിപ്പിക്കുന്ന സീരിയലുകൾക്ക് സെൻസർഷിപ് ആവശ്യമില്ല എന്ന് പറയുന്നതിലെ അനൗചിത്യം ബന്ധപ്പെട്ടവർ മനസ്സിലാക്കണം . ഇപ്പോൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന പരമ്പരകളിലെ ചില രംഗങ്ങളെങ്കിലും ''എൻഡോസൽഫാനേ''ക്കാൾ കൂടുതൽ വിഷം വിളമ്പുന്നവയാണ്. ഒരു സ്ത്രീയെ നശിപ്പിക്കാനായി എന്തു ദ്രോഹവും ചെയ്യാൻ മറ്റൊരു സ്ത്രീയോ സ്ത്രീകളോ തയ്യാറാകുന്നതാണ് പ്രധാന പ്രമേയം. ഈ കൂട്ടത്തിൽ അമ്മയും അമ്മായിയമ്മയും സഹോദരികളും നാത്തൂന്മാരുമൊക്കെ മാറിമാറിയോ ഒരുമിച്ചോ വരും. മലയാളിസ്ത്രീകൾ മുഴുവൻ കുശുമ്പികളും കുന്നായ്‌മക്കാരികളും ആണെന്ന് സ്ഥാപിക്കപ്പെടുന്ന കഥകൾ.
ഈ അനീതിക്ക് അവസാനമുണ്ടായേ മതിയാകൂ. സീരിയൽ രംഗത്തു പ്രവർത്തിക്കുന്നവരും ബന്ധപ്പെട്ട ചാനലുകളും ഇനിയെങ്കിലും ഒരു ആത്മപരിശോധനയ്ക്കു തയ്യാറാകണം . അല്ലാതെ സത്യം പറയുന്ന പ്രേംകുമാറിനെ പോലുള്ളവർക്കെതിരെ ചന്ദ്രഹാസമിളക്കുകയല്ല വേണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates