

എസ്‌എസ് രാജമൗലിയുടെ ആർആർആർ എന്ന ചിത്രത്തിലെ 'നാട്ടു നാട്ടു..' എന്ന ഗാനം ഓസ്കർ പുരസ്കാരത്തിന്റെ പടിക്കൽ നിൽക്കുമ്പോൾ സംവിധായകൻ ഉൾപ്പെടെ എല്ലാവരും വലിയ ആഘോഷത്തിലാണ്. ഒറിജിനൽ സോങ് വിഭാഗത്തിലേക്കാണ് കീരവാണി സംഗീതം നിർവഹിച്ച നാട്ടു.. നാട്ടുവെന്ന ഗാനം നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഗോൾഡൻ ഗ്ലോബ് പുരസ്കാര നേട്ടത്തിന് പിന്നാലെയാണ് ഓസ്കർ നാമനിർദേശം.
'നാട്ടു നാട്ടു..'വിനൊപ്പം നിന്ന എല്ലാവരുടേയും പേരെടുത്ത് നന്ദി പറഞ്ഞ് രാജമൗലി ഇൻസ്റ്റാഗ്രാമിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌ത കുറിപ്പ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നു. പെദ്ദണ്ണ (മൂത്ത സഹോദരൻ) കീരവാണിക്ക് നന്ദി പറഞ്ഞാണ് രാജമൗലിയുടെ കുറിപ്പിന്റെ തുടക്കം. ഞാൻ സംവിധാനം ചെയ്ത ചിത്രത്തിൽ താങ്കൾക്ക് പുരസ്കാരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. ഓസ്കർ എന്നത് എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്ന കാര്യമല്ല. ആരാധകരാണ് ഈ സ്വപ്നം തലയിലിട്ടു തന്നതെന്നും രാജമൗലി കുറിപ്പിൽ പറഞ്ഞു.
നാട്ടു നാട്ടു എന്ന ഗാനം നിരവധി തവണ ആലോചിച്ചിട്ടാണ് ചെയ്യാൻ തീരുമാനിച്ചത്. അതിന് എനിക്ക് ധൈര്യം തന്നത് ഭൈരവന്റെ പിന്നണി സംഗീതമായിരുന്നു. പിന്നീട് ഈ ഗാനം ആഗോളതലത്തിൽ ശ്രദ്ധനേടാൻ പ്രധാന കാരണം രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും ചടുലമായ ചുവടുകളാണ്. അവരുടെ നൃത്തം പ്രേക്ഷകർ ഹൃദയം കൊണ്ടാണ് കണ്ടത്.
ഈ ഗാനം ചിത്രീകരിക്കുന്നതിനായി രണ്ട് പേരേയും നന്നായി പാടുപെടുത്തിയിട്ടുണ്ട് അതിൽ ക്ഷമ ചോദിക്കുന്നു. എന്നാൽ അത് ആവർത്തിക്കുന്നതിൽ തനിക്ക് മടി ഉണ്ടാവില്ലെന്നും രാജമൗലി പറഞ്ഞു. ഗോൾഡൻ ഗ്ലോബ് പുരസ്കാര വേളയിൽ തന്റെ കാൽ മുട്ടുകൾ ഇപ്പോഴും ഗാനത്തിനൊപ്പം ഇളകുന്നുവെന്ന് രാം ചരൺ പറഞ്ഞിരുന്നു.
ആർആർആറിനെ കൂടാതെ ഇന്ത്യയിൽ നിന്നും ഓൾ ദാറ്റ് ബ്രീത്ത്‌സും ദി എലിഫന്റ് വിസ്പറേഴ്‌സും ഓസ്കർ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 12നാണ് ഓസ്കർ പുരസ്കാരം പ്രഖ്യാപിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates