

കോമഡിയാണെങ്കിലും ക്യാരക്ടർ റോളുകളാണെങ്കിലും അനായാസം കൈകാര്യം ചെയ്യുന്ന താരമാണ് സുരഭി ലക്ഷ്മി. രണ്ട് പതിറ്റാണ്ടിലേറെയായി അഭിനയ ലോകത്തുള്ള താരം ഇപ്പോഴിതാ ആക്ഷനിലും ഒരു കൈ നോക്കാൻ ഇറങ്ങുന്നു. ആഷിഖ് അബുവിന്‍റെ പുതിയ ചിത്രമായ 'റൈഫിൾ ക്ലബ്' അണിയറ പ്രവർത്തകർ സുരഭിയുടെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ടിരിക്കുന്ന ക്യാരക്ടർ പോസ്റ്റർ വൈറലായിരിക്കുകയാണ്. തോക്കുമായി നിൽക്കുന്ന സൂസൻ എന്ന കഥാപാത്രത്തിന്‍റെ ലുക്കാണ് പോസ്റ്ററിലുള്ളത്.
താരത്തിന്‍റെ കരിയറിലെ തന്നെ ആദ്യത്തെ ആക്ഷൻ റോളാണിത്. 'ഹാപ്പി ബർത്ത് ഡെ സൂസൻ' എന്ന കുറിപ്പോടെയാണ് ആഷിഖ് അബു സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും നടൻ സുരേഷ് കൃഷ്ണയും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുണ്ട്. ഇവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്‍റെ അരങ്ങേറ്റം കൂടിയാണ് 'റൈഫിൾ ക്ലബ്'. ഡോ. ലാസർ എന്ന കഥാപാത്രമായാണ് സുരേഷ് കൃഷ്ണ എത്തുന്നത്.
ഒപിഎം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസൻറ് ടോണി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം വൈകാതെ റിലീസിനെത്തുമെന്നാണ് സൂചന. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്.
സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിർവഹിക്കുന്നത്. വിജയരാഘവൻ, റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമൾ ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ, ഇന്ത്യൻ എന്നിവരടക്കമുള്ള വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
'മഞ്ഞുമ്മൽ ബോയ്‌സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മഷർ ഹംസ, എഡിറ്റർ: വി സാജൻ, സ്റ്റണ്ട്: സുപ്രീം സുന്ദർ, സംഗീതം: റെക്സ് വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, സ്റ്റിൽസ്: റോഷൻ, അർജുൻ കല്ലിങ്കൽ, പിആർഒ: ആതിര ദിൽജിത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates