Kanguva
കങ്കുവഫെയ്സ്ബുക്ക്

സൂര്യയുടെ കിടിലൻ മേക്കോവറും ക്ലൈമാക്സിലെ സസ്പെൻസും; കങ്കുവ റിവ്യൂ

അടുത്തിടെ അന്തരിച്ച നിഷാദ് യൂസുഫ് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവ​ഹിച്ചിരിക്കുന്നത്.
Published on
ക്ലൈമാക്സിലെ സസ്പെൻസ്, കഥയിലെ കല്ലുകടി (2.5 / 5)

രണ്ട് വർഷത്തിന് ശേഷം സൂര്യയുടെ തിയറ്റർ റിലീസ്, നടന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമ, പത്തോളം ഭാഷകളിൽ റിലീസ്, അങ്ങനെ കാരണങ്ങൾ പലതായിരുന്നു കങ്കുവയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് പിന്നിൽ. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയ്‌ലറും ടീസറുമൊക്കെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ചിത്രം 2000 കോടി നേടുമെന്നായിരുന്നു റിലീസിന് മുൻപ് നിർമ്മാതാവ് കെ ഇ ജ്ഞാനവേൽ രാജ പറഞ്ഞിരുന്നത്. എന്നാൽ അണിയറപ്രവർത്തകരുടെ പ്രതീക്ഷയ്ക്കൊത്ത് കങ്കുവയ്ക്ക് ഉയരാനോ നിലവാരം പുലർത്താനോ കഴിഞ്ഞില്ലെന്ന് വേണം പറയാൻ.

ഭൂതകാലവും വർത്തമാനകാലവും കോർത്തിണയ്ക്കിയാണ് ചിത്രത്തിന്റെ സഞ്ചാരം. കടലിനോട് ചേർന്നുള്ള അഞ്ച് ദ്വീപുകളെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നേറുന്നത്. ഫ്രാൻസിസ് എന്ന സൂര്യയുടെ വർത്തമാനകാല കഥാപാത്രം ഒരു ബൗണ്ടി ഹണ്ടറാണ്. തൻ്റെ ഭൂതകാലത്തെ ഓർമ്മിപ്പിക്കുന്ന ഒരു കുട്ടിയെ അയാൾ കണ്ടുമുട്ടുന്നു. ആയിരം വർഷങ്ങൾക്ക് മുൻപ് പെരുമാച്ചി എന്ന ഗോത്രത്തിന്റെ നേതാവായ കങ്ക അല്ലെങ്കിൽ കങ്കുവ (സൂര്യ) എന്ന തന്റെ മുൻജന്മ ഓർമകളിലേക്ക് ഫ്രാൻസിസിനെ ആ കുട്ടി കൊണ്ടുപോകുന്നു. പിന്നീട് ഫ്രാൻസിസിന്റെ ഭൂതകാലത്തിലും വർത്തമാനകാലത്തിലും നടക്കുന്ന കാര്യങ്ങളാണ് പ്രേക്ഷകർ കാണുന്നത്. കങ്കുവയുടെ ഏറ്റവും വലിയ പോരായ്മയായി തോന്നിയത് വളരെ ദുർബലമായ തിരക്കഥ തന്നെയാണ്.

പലയിടങ്ങളിലും ഇനി എന്തു ചെയ്യുമെന്നോർത്ത് നിരാശനായി നിൽക്കുന്ന ‌സംവിധായകനെ ചിത്രത്തിൽ കാണാനാകും. കുഴഞ്ഞുമറിഞ്ഞ് ആകെയൊരു അവിയൽ പരുവത്തിലാണ് തിരക്കഥ. സംവിധാനത്തിനൊപ്പം രചനയിലും ശിവ പങ്കാളിയിട്ടുണ്ട്. ഭൂതകാലത്തേയും വർത്തമാന കാലത്തേയും തമ്മിൽ കൂട്ടികലർത്തുന്നതിൽ പോലും സംവിധായകന് പലയിടങ്ങളിലും പാളിയിട്ടുണ്ട്. നമ്മൾ മുൻപ് കണ്ടിട്ടുള്ള പല തമിഴ്, തെലുങ്ക്, ഹോളിവുഡ് ചിത്രങ്ങളേയും അനുസ്മരിപ്പിച്ചു കൊണ്ടാണ് സിനിമയുടെ പിന്നീടുള്ള പോക്ക്. ചിത്രത്തിന്റെ ആ​ദ്യ പകുതി പ്രേക്ഷകരുടെ ക്ഷമയുടെ പരീക്ഷണമാണ്, പകുതി മുഴുവൻ അലർച്ചയും. സെക്കന്റ് ഹാഫിലെ ചില ആക്ഷൻ രം​ഗങ്ങൾ മാത്രമാണ് ആകെയുള്ളൊരു ആശ്വാസം.

കങ്കുവാ, കങ്കാ എന്നൊക്കെയുള്ള അലർച്ചകളാണ് മൊത്തത്തിൽ. ഫ്രാൻസിസിന്റെ (സൂര്യ) ഫൈറ്റ് രം​ഗങ്ങൾ കോമഡിയായാണ് അനുഭവപ്പെടുക, പ്രത്യേകിച്ച് വിമാനത്തിൽ നിന്നുള്ള ഫൈറ്റ് രം​ഗങ്ങളൊക്കെ. ഇനി പെർഫോമൻസിലേക്ക് വന്നാൽ സൂര്യ തന്നെയാണ് സ്കോർ ചെയ്തിരിക്കുന്നത്. ആക്ഷൻ രം​ഗങ്ങളിലുൾപ്പെടെ സൂര്യ തിളങ്ങിയിട്ടുണ്ട്. ഒരുപരിധി വരെ കങ്കവയുടെ രക്ഷകനായതും സൂര്യ തന്നെയാണ്. എന്നാൽ സൂര്യയുടെ കരിയർ ബെസ്റ്റ് പെർഫോമൻസിൽ ഒരിക്കലും കങ്കുവയെ പരി​ഗണിക്കാൻ പോലുമാകില്ലെന്ന് എടുത്തു പറയേണ്ടിവരും.

അടുത്ത പ്രധാന കഥാപാത്രം ബോബി ഡിയോളിന്റെ ഉധിരൻ ആണ്. എടുത്താൽ പൊങ്ങാത്ത ഒരു സംഭവം എടുത്ത് തോളിൽ വച്ച പോലെയായിരുന്നു ബോബിയുടെ പ്രകടനം. ക്ലൈമാക്സ് ഫൈറ്റ് രം​ഗങ്ങളിലൊക്കെ ഒന്നും ചെയ്യാതെ വെറുതേ നിന്ന് നായകന്റെ ഇടികൊള്ളുന്ന അവസ്ഥയായിരുന്നു ഉധിരന്. കഥാപാത്രവുമായി പൊരുത്തപ്പെടാൻ‌ പാടു പെടുന്ന ബോബിയെ കാണുമ്പോൾ ശരിക്കും നമുക്ക് തന്നെ വിഷമം വരും. നായികയായെത്തിയ ദിഷ പടാനിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു ചിത്രത്തിൽ. ദേവി ശ്രീ പ്രസാദിൻ്റെ സംഗീതവും തകർപ്പൻ പശ്ചാത്തല സം​ഗീതവും കൈയ്യടി അർഹിക്കുന്നുണ്ട്. തുടക്കത്തിലുള്ള ഒരു പാട്ട് മാറ്റി നിർത്തിയാൽ സം​ഗീതം മികച്ചതായി തന്നെ തോന്നി.

വെട്രി പളനിസാമിയുടെ ഛായാ​ഗ്രഹണവും അഭിനന്ദനാർഹമാണ്. അടുത്തിടെ അന്തരിച്ച നിഷാദ് യൂസുഫ് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവ​ഹിച്ചിരിക്കുന്നത്. നിഷാദിന്റെ എഡിറ്റിങ്ങിലെ പ്രാവീണ്യം കങ്കുവയിലും പ്രേക്ഷകന് കാണാനാകും. വിഎഫ്എക്സ് രം​ഗങ്ങൾ ഒന്നുപോലും മികച്ചതായി തോന്നിയില്ല. മാത്രമല്ല പല സീനുകളിലും സിഐജി ആണെന്ന് പ്രേക്ഷകരെ ഓർമ്മപ്പെടുത്താൻ അത് അടിയിൽ എഴുതി കാണിക്കുന്നുമുണ്ട്.

ക്ലൈമാക്സിൽ ചെറിയൊരു സസ്പെൻസോടെയാണ് സിനിമ നിർത്തിയിരിക്കുന്നത്. അത് രണ്ടാം ഭാ​ഗത്തിലേക്കുള്ള ഒരു കഥാപാത്രത്തിന്റെ എൻട്രി കൂടിയാണ്. ശക്തമായ തിരക്കഥയും ഇമോഷണൽ രം​ഗങ്ങളൊക്കെ കുറച്ചു കൂടി നന്നാക്കിയിരുന്നെങ്കിൽ ഒരുപക്ഷേ മികച്ചൊരു ദൃശ്യാനുഭവം നൽകാൻ കങ്കുവയ്ക്ക് ആയേനെ. വൻ ഹൈപ്പോടെ എത്തിയിട്ടും ഒരു ശരാശരി കാഴ്ചാനുഭവമേ കങ്കുവയ്ക്ക് നൽകാനായുള്ളൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com