

നടൻ സൂര്യയ്ക്കിപ്പോൾ സിനിമയിൽ അത്ര നല്ല കാലമല്ല എന്നാണ് ആരാധകർ തന്നെ പറയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സൂര്യ (Suriya) യുടെ കങ്കുവ, റെട്രോ എന്നീ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങൾ തിയറ്ററുകളിൽ വൻ പരജായമായി മാറിയതാണ് ആരാധകർക്കിടയിലെ ഇത്തരം വർത്തമാനങ്ങൾക്ക് കാരണമായത്. എന്നാൽ സൂര്യയുടെ വരാൻ പോകുന്ന ചിത്രങ്ങൾ നടന് മികച്ചൊരു തിരിച്ചുവരവ് തന്നെ സമ്മാനിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ഇപ്പോഴിതാ സൂര്യയുടെ ബിഗ് ബജറ്റ് പ്രൊജക്ടായ കർണയുടെ ഒരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ബോളിവുഡിലെ പ്രമുഖ നിർമാതാക്കളായ ജിയോ സ്റ്റുഡിയോസ് ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ജിയോ സ്റ്റുഡിയോസുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചർച്ച നടത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു. രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്യുന്ന മിത്തോളജിക്കൽ ചിത്രമാണ് കർണ. 600 കോടി ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്.
രണ്ട് വർഷം മുൻപായിരുന്നു പാൻ ഇന്ത്യൻ ചിത്രമായി കർണ പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് ചിത്രത്തിന്റെ അപ്ഡേറ്റുകളൊന്നും പുറത്തുവന്നിരുന്നില്ല. ഇതോടെ ചിത്രം അണിയറപ്രവർത്തകർ ഉപേക്ഷിച്ചുവെന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം ചിത്രത്തിന്റെ ആദ്യത്തെ നിർമാതാക്കൾ പിന്മാറിയതോടെയാണ് ജിയോ സ്റ്റുഡിയോസ് ചിത്രത്തിന്റെ ഭാഗമാകുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
"തീർച്ചയായും ഞങ്ങൾ (സംവിധായകൻ രാകേഷ് ഓംപ്രകാശ് മെഹ്റ) കൂടിക്കാഴ്ച നടത്തി. ഞങ്ങൾ ഇപ്പോഴും അതിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. ധാരാളം സമയവും തയ്യാറെടുപ്പും ആവശ്യമുള്ള ഒരു സിനിമയാണിത്. അതിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. അധികം വൈകാതെ ചിത്രത്തിന്റെ നിർമാണത്തിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു"വെന്നാണ് സൂര്യ ചിത്രം പ്രഖ്യാപിച്ച സമയത്ത് മാധ്യമങ്ങളോട് പറഞ്ഞത്.
കർണൻ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ചിത്രത്തിൽ സൂര്യയെത്തുന്നത്. ജാൻവി കപൂർ ആണ് ചിത്രത്തിൽ നായികയായെത്തുക. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതായാണ് വിവരം. ഉടനെ തന്നെ ചിത്രത്തിന്റെ അപ്ഡേറ്റുകൾ അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് വിവരം.
നിലവിൽ ആർജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45, വെങ്കി അറ്റ്‌ലൂരി ചിത്രം, വാടിവാസൽ എന്നിവയാണ് സൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. ഈ ചിത്രങ്ങളുടെയെല്ലാം ചിത്രീകരണത്തിന് ശേഷമാകും സൂര്യ കർണയിൽ ജോയിൻ ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates