

നടനും സംവിധായകനുമായ ആർ ജെ ബാലാജി രചനയും സംവിധാനവും നിർവ്വഹിച്ച 'സൂര്യ 45' എന്ന സൂര്യ (Suriya) ചിത്രത്തിൻ്റെ പേര് പുറത്ത് വിട്ട് അണിയറ പ്രവര‍്ത്തകർ. മാഗ്നം ഓപ്പസ് കൊമേഴ്‌സ്യൽ എന്റർടെയ്‌നർ ചിത്രത്തിന് "കറുപ്പ്" എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. സ്വന്തം പിറന്നാൾ ദിനത്തിൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് സംവിധായകൻ ആർ ജെ ബാലാജി ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്. ടൈറ്റിൽ റിവീൽ പോസ്റ്ററിൽ ചിത്രം ഒരു മാസ് ആക്ഷൻ എന്റർടെയ്‌നറാണെന്ന സൂചനയാണ് ആരാധകർക്ക് നൽകുന്നത്.
റെട്രോയുടെ വിജയത്തിന് ശേഷം നല്ല പ്രോജക്ടുകളുടെ ഭാഗമാകാനുള്ള തിരക്കിലാണ് സൂര്യ. ഏറെ കാലങ്ങൾക്കുശേഷം സൂര്യയും തൃഷാ കൃഷ്‍ണനും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എന്നാൽ പതിവിൽ നിന്നും വിപരീതമായ ഒരു ഗെറ്റപ്പിലായിരിക്കും ഇരുവരും ചിത്രത്തിലൂടെ ആരാധകരുടെ മുന്നിലേക്ക് എത്തുകയെന്ന വാർത്തകൾ ഇതിനുമുമ്പ് സൈബർ ലോകത്ത് ചർച്ചയായിരുന്നു. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്.
‘കാച്ചി സേര’, ‘ആസാ കൂട’ എന്നീ ആൽബങ്ങളിലൂടെ പ്രശസ്തനായ സായ് അഭ്യാങ്കർ സംഗീതം നൽകുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജി കെ വിഷ്ണുവും എഡിറ്റിംഗ് ആർ കലൈവാനനുമാണ്. ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർമാരായിട്ടുള്ള ആൻബരിവും വിക്രം മോറുമാണ്.
റേഡിയോ,വീഡിയോ ജോക്കിയായിരുന്ന ബാലാജി പിന്നീട് അഭിനയത്തിലേക്കും അവിടെ നിന്ന് സംവിധാത്തിലേക്കും തിരക്കഥാരചനയിലേക്കും ചുവടുവെച്ചു. മൂക്കുത്തി അമ്മൻ,വീട്ടിലെ വിശേഷം തുടങ്ങി ഹിറ്റ് സിനിമകളാണ് ആദ്ദേഹം ആരാധകർക്ക് നൽകിയത്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള തിരക്കഥകളായിരുന്നു അദ്ദേഹത്തിന്റെ. അതിനാൽ കറുപ്പെന്ന ഈ ചിത്രവും വലിയ ജനപ്രീതി നേടുമെന്ന വിശ്വാസത്തിലാണ് ആരാധകർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
