

'സീൻ' സിനിമയുടെ വിജയത്തിൽ ചിത്രത്തിൽ വില്ലനായെത്തിയ നടൻ നസ്ലെന് വിലയേറിയ സമ്മാനം നൽകി തമിഴ് താരം സൂര്യ. ഏകദേശം ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന കാർട്ടിയർ വാച്ചാണ് സൂര്യ നസ്‌ലെന് സമ്മാനിച്ചത്.
അടുത്തിടെ ഒരു അഭിമുഖത്തിൽ നസ്ലെൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ സൂര്യയുടെ സമ്മാനവും വാച്ചിന്റെ വിലയും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
നസ്‌ലന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു 'സീൻ'. ചിത്രത്തിലെ പ്രകടനത്തിലൂടെ തമിഴ് പ്രേക്ഷകർക്കിടയിലും ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. സിനിമയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചാണ് സൂര്യ നസ്ലെന് വാച്ച് സമ്മാനിച്ചത്. അഭിമുഖത്തിനിടെ താരം വാച്ച് കാണിക്കുകയും ചെയ്തിരുന്നു. ലോകപ്രശസ്ത ആഡംബര ബ്രാൻഡായ കാർട്ടിയറിന്റെ ക്ലാസിക് മോഡലാണ് സൂര്യ സമ്മാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.
സമ്മാനത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളുമായി എത്തുന്നത്. സൂര്യയുടെ 'വിക്രം' സിനിമയിലെ റോളക്സ് എന്ന കഥാപാത്രത്തെ പരാമർശിച്ചുകൊണ്ടുള്ള രസകരമായ കമന്റുകളും പോസ്റ്റുകളും ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'റോളക്സിന്റെ വക ഈശ്വരന് കാർട്ടിയർ വാച്ച്' എന്ന തരത്തിലുള്ള പ്രതികരണങ്ങളും ശ്രദ്ധ നേടുന്നുണ്ട്.
സിനിമയുടെ വിജയത്തിൽ അണിയറപ്രവർത്തകർക്ക് സമ്മാനങ്ങൾ നൽകുന്നത് സൂര്യയുടെ പതിവാണ്. ഈ വർഷം പുറത്തിറങ്ങിയ 'കറുപ്പ്' വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകൻ ആർ.ജെ. ബാലാജി, സംഗീത സംവിധായകൻ സായ് അഭ്യങ്കർ, എഡിറ്റർ കലൈവാണൻ, ഛായാഗ്രാഹകൻ ജി.കെ. വിഷ്ണു എന്നിവർക്ക് ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന മഹീന്ദ്ര BE 6 ബാറ്റ്മാൻ എഡിഷൻ കാറും സൂര്യ സമ്മാനിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, തമിഴ് സിനിമയിൽ നസ്‌ലന്റെ തുടക്കം സംബന്ധിച്ചും നേരത്തെ ചർച്ചകൾ ഉയർന്നിരുന്നു. അജിത്ത് ചിത്രത്തിലെ അവസരം വേണ്ടെന്നുവച്ചതിന് നസ്‌ലനെ വിമർശിച്ചവരുണ്ടായിരുന്നു. പ്രേമലു രണ്ടാം ഭാഗവും നിരസിച്ചതിന്റെ പേരിലും താരം വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ 'സീൻ' എന്ന ചിത്രത്തിലൂടെ തമിഴിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചതോടെ താരത്തിന് അഭിനന്ദനങ്ങളും ലഭിച്ചു. ഇപ്പോൾ അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ബാച്ചിലർ പാർട്ടി ഡ്യൂ'വിന്റെ പ്രമോഷൻ തിരക്കുകളിലാണ് നസ്‌ലൻ. മധു സി നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രവും ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്.