സൂര്യ കൊച്ചിയിലേക്കില്ല; ഇന്നു നടക്കേണ്ട ഇവന്റിൽ പങ്കെടുക്കില്ല, ഖേദം പ്രകടിപ്പിച്ച് നിർമാതാക്കൾ

ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി കേരളത്തിലെ ആരാധകരുമായി സംവദിക്കാനും സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാനുമുള്ള വേദിയായാണ് പ്രീ റിലീസ് ഇവന്റ് ഒരുക്കിയിരുന്നത്.
Scene
SceneInstagram
Updated on: 
1 min read

ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സീൻ' സിനിമയുടെ പ്രീ റിലീസ് പ്രമോഷൻ പരിപാടിയിൽ തമിഴ് താരം സൂര്യ പങ്കെടുക്കില്ല. ഇന്ന് (നവംബർ 4) വൈകീട്ട് ഏഴ് മണിക്ക് കൊച്ചിയിലെ അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കാനിരുന്ന പരിപാടിയിലാണ് സൂര്യ എത്തേണ്ടിയിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് നിർമാതാക്കൾ അറിയിച്ചു.

"അൻപാന ഫാൻസ്, അപ്രതീക്ഷിതമായ ചില സാഹചര്യങ്ങൾ കാരണം, സൂര്യ സാറിന് ഇന്നത്തെ #SceneLiveInKochi പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ല. ഇതുമൂലം നിങ്ങൾക്കുണ്ടായ നിരാശയിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും സഹകരണത്തിനും നന്ദി" - ഴ​ഗരം സ്റ്റഡിയോസ് ട്വിറ്ററിൽ കുറിച്ചു.

സൂര്യയുടെ വരവ് പ്രതീക്ഷിച്ച് കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. താരത്തിന് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ആരാധകരോടും സിനിമാപ്രേമികളോടും ഖേദം പ്രകടിപ്പിക്കുന്നതായി നിർമാതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. അതേസമയം, സൂര്യയുടെ അഭാവത്തിലും പരിപാടി നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി കേരളത്തിലെ ആരാധകരുമായി സംവദിക്കാനും സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാനുമുള്ള വേദിയായാണ് പ്രീ റിലീസ് ഇവന്റ് ഒരുക്കിയിരുന്നത്.

'രോമാഞ്ചം', 'ആവേശം' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് 'സീൻ'. സൂര്യയ്ക്കൊപ്പം മലയാളി താരങ്ങളായ നസ്രിയ നസീമും നസ്‌ലനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ ചിത്രത്തിൽ അഭിനയിക്കുന്നത്. നസ്‌ലൻ വില്ലൻ വേഷത്തിലെത്തുമ്പോൾ നസ്രിയയും ആക്ഷൻ രംഗങ്ങളുമായി ശ്രദ്ധ നേടുന്നുണ്ട്

ഴഗരം സ്റ്റുഡിയോസിന്റെയും 2ഡി എന്റർടെയ്ൻമെന്റിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജയശ്രീ ദാമോദരനാണ് സഹനിർമാതാവ്. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് കേരളത്തിൽ ചിത്രം മെഗാ റിലീസായി എത്തിക്കും. കേരളത്തിലെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസിനാണ്.

Summary

Suriya will not be coming to Kochi; he will not attend the event scheduled for today; producers express regret

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER