ചെന്നൈ; നയൻതാരയ്ക്കും വിഘ്നേഷിനും വാടകഗർഭധാരണത്തിലൂടെ കുഞ്ഞു പിറന്ന സംഭവത്തിൽ താരദമ്പതികൾ വീഴ്ച വരുത്തിയിട്ടില്ലെങ്കിലും ആശുപത്രിയുടെ ഭാഗത്ത് പിഴവുകൾ സംഭവിച്ചതായി കണ്ടെത്തൽ. ദമ്പതികളുടെ ചികിത്സയുടെ വിവരങ്ങളും ഗർഭധാരണം നടത്തിയ യുവതിയുടെ ആരോഗ്യവിവരങ്ങളും ആശുപത്രിയിൽ കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്നാണ് തമിഴ്നാട് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. സ്ഥാപന ഉടമകൾക്കു നൽകിയ കാരണം കാണിക്കൽ നോട്ടിസിൽ വിശദീകരണം തൃപ്തികരമല്ലെങ്കിൽ ആശുപത്രി അടച്ചുപൂട്ടും.
താരദമ്പതികൾക്കായി നയൻതാരയുടെ ഒരു ബന്ധുവാണ് ഗർഭധാരണം നടത്തിയത് എന്നാണ് ആദ്യം പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ താരത്തിന്റെ ബന്ധുവല്ല ഗർഭം ധരിച്ചത്. വിവാഹിതയായ ഇവർക്ക് ഒരു കുട്ടിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ജൂൺ 9ന് വിവാഹച്ചടങ്ങ് നടത്തിയ ദമ്പതികൾ 4 മാസത്തിനു ശേഷം ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായെന്ന് അറിയിച്ചതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിവാഹിതരായി 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നാണ് ചട്ടം. അതിനു പിന്നാലെ 2016ൽ വിവാഹിതരായി എന്ന് ദമ്പതികൾ വ്യക്തമാക്കി. അന്വേഷണത്തിൽ 2016 മാർച്ച് 11നു വിവാഹം റജിസ്റ്റർ ചെയ്തതായുള്ള രേഖകളുടെ ആധികാരികതയും സമിതി പരിശോധിച്ച് ഉറപ്പിച്ചു.
വാടകഗർഭധാരണ ഭേദഗതി നിയമം പ്രാബല്യത്തിലാകുന്നതിനു മുൻപു തന്നെ കരാർ ഒപ്പിട്ടതിനാൽ ഗർഭധാരണം നടത്തുന്നതു ബന്ധുവായിരിക്കണമെന്ന നിബന്ധനയും താരദമ്പതികൾക്ക് ബാധകമാവില്ല. വാടക ഗര്‍ഭധാരണത്തിന് റഫര്‍ ചെയ്ത നയന്‍താരയുടെ കുടുംബ ഡോക്ടര്‍, വിദേശത്തേക്ക് കടന്നതിനാല്‍ ഡോക്ടറെ ചോദ്യം ചെയ്യാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നാലംഗ സമിതിയാണ് അന്വേഷണം നടത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates