

കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ചുള്ള നടൻ കമൽ ഹാസന്റെ (Kamal Haasan) സമീപകാല പരാമർശങ്ങൾ വലിയ വിവാദമാണ് ഉണ്ടാക്കിയത്. തുടർന്ന് അദ്ദേഹത്തിന്റെ സിനിമയായ തഗ് ലൈഫിന് സംസ്ഥാനത്ത് നിരോധനം ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തി. വിവാദം കനത്തതോടെ കമൽ ഹാസൻ മാപ്പ് പറയാതെ തഗ് ലൈഫ് സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് കർണാടക ഫിലിം ചേംബറും അറിയിച്ചിരുന്നു.
ഇപ്പോഴിതാ ഒരു തമിഴന് എന്ന നിലയില്‍ തനിക്ക് പല കാര്യങ്ങളും പറയാനുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് കമൽ ഹാസൻ. 'തഗ് ലൈഫ്' സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'എനിക്ക് പറയാൻ നിരവധി കാര്യങ്ങളുണ്ട്. അത് തഗ് ലൈഫിനെക്കുറിച്ചുള്ളതല്ല. അത് പിന്നീട് സംസാരിക്കാം.
അതിനായുള്ള സമയം കണ്ടത്തേണ്ടത് ഒരു തമിഴൻ എന്ന നിലയിൽ എന്റെ കടമയാണ്. അതുപോലെ എനിക്കൊപ്പം നിന്ന തമിഴ്നാടിന് നന്ദി,' കമൽ ഹാസൻ പറഞ്ഞു. എന്നാൽ തന്റെ പരാമർശം പിൻവലിക്കാനോ മാപ്പ് പറയാനോ കമൽ ഹാസൻ തയ്യാറായിട്ടില്ല. “ഇതൊരു ജനാധിപത്യ രാജ്യമാണ്. നിയമത്തിലും നീതിയിലും ഞാൻ വിശ്വസിക്കുന്നു.
കർണാടക, ആന്ധ്ര, കേരളം എന്നീ സസ്ഥാനങ്ങളോട് എനിക്കുള്ള സ്നേഹം സത്യം നിറഞ്ഞതാണ്. പ്രത്യേക അജണ്ട ഇല്ലാത്ത ആർക്കും അതിൽ സംശയമുണ്ടാകില്ല. മുമ്പും ഇത്തരം ഭീഷണികൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തെറ്റു സംഭവിച്ചാൽ ഞാൻ മാപ്പ് പറയും. അങ്ങനെയല്ലെങ്കിൽ മാപ്പ് പറയുകയുമില്ല” -നടൻ വ്യക്തമാക്കി.
തഗ് ലൈഫിന്റെ പ്രൊമോഷൻ പരിപാടിക്കിടെ താരം നടത്തിയ പരാമർശമാണ് വിവാദമായത്. വേദിയിൽ ഉണ്ടായിരുന്ന കന്നഡ നടൻ ശിവരാജ് കുമാറിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു കമൽ കന്നഡ ഭാഷയെക്കുറിച്ച് പരാമർശിച്ചത്. 'എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാർ) ഇവിടെ വന്നത്.
അതുകൊണ്ടാണ് ഞാൻ എന്റെ പ്രസംഗം ജീവൻ, ബന്ധം, തമിഴ് എന്ന് പറഞ്ഞ് തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്ന് പിറന്നതാണ്. അതുകൊണ്ട് നിങ്ങളും ഇതിൽ ഉൾപ്പെടുന്നു' എന്നായിരുന്നു കമൽ ഹാസൻ പറഞ്ഞത്. അതേസമയം കമൽ ഹാസനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates