

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തിയൊരുക്കിയ ചിത്രമാണ് തുടരും. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്ന്. എന്നാല്‍ തുടരും ഷെയര്‍ നൂറ് കോടിയായ സമയത്ത് താനും നിര്‍മാതാവ് രഞ്ജിത്തും ഇട്ട പോസ്റ്റിന് ലഭിച്ചത് തെറിവിളികളായിരുന്നുവെന്നാണ് തരുണ്‍ മൂര്‍ത്തി പറയുന്നത്. അതുകാരണം മോഹന്‍ലാലിനോട് പോസ്റ്റ് ഇടേണ്ട എന്ന് വരെ പറഞ്ഞുവെന്നും തരുണ്‍ പറയുന്നു.
ക്ലബ്ബ് എഫ് എമ്മിന്റെ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി. ആ വാക്കുകളിലേക്ക്:
കോടി ക്ലബ്ബുകളൊന്നും വിടണ്ട, എന്തെങ്കിലും നാഴികക്കല്ല് മറികടന്നാല്‍ മാത്രം പുറത്തു വിടാം എന്നായിരുന്നു. എന്നാല്‍ ഒരു സമയത്ത് പ്രൊമോ സോങിന് വേണ്ടി ഭയങ്കരമായ ക്യാംപെയ്ന്‍ ഉണ്ടായി. പ്രൊമോ സോങ് പൂര്‍ത്തിയായ ദിവസം തന്നെയാണ് നൂറ് കോടി ക്ലബ്ബിലുമെത്തുന്നത്. അതിന്റെ ആഘോഷം പോലെ തന്നെ പ്രൊമോ ഗാനമിറക്കി. അത് ചെയ്യാന്‍ പാടില്ലെന്ന പക്ഷക്കാരനായിരുന്നു ഞാന്‍. പക്ഷെ ആരാധകര്‍ക്ക് വേണ്ടിയും അന്നത്തെ സന്തോഷത്തിന് വേണ്ടിയും ചെയ്തു. പിന്നീട് ഞാനും രഞ്ജിത്തേട്ടനുമൊന്നും കോടി ക്ലബ്ബുകളെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അതിലല്ല സിനിമ. ആളുകള്‍ ഇഷ്ടപ്പെടുക എന്നതാണ് മാനദണ്ഢം.
100 കോടി ഷെയര്‍ ആയി വരുമോ എന്ന് നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും ചോദ്യം വരുന്ന സമയത്താണ് തുടരും അത് നേടുന്നത്. രഞ്ജിത്തേട്ടന്‍ വളരെ കാര്യമായി എന്നെ വിളിച്ച് അത് പറഞ്ഞു. മലയാള സിനിമയിലേക്ക് ഇനിയും ഫണ്ടേഴ്‌സ് വരട്ടെ, നമ്മുടെ സിനിമയത് നേടിയെന്ന് പറഞ്ഞു. അത് എനിക്കും ഭയങ്കര ആവേശമായി. ഞാനുമത് പ്രതീക്ഷിച്ചിരുന്നില്ല. രഞ്ജിത്തേട്ടന്‍ അത് വിളിച്ചപ്പോള്‍ എ്ന്നാല്‍ നമുക്കിത് പുറത്തേക്ക് പറയാം എന്ന് പറഞ്ഞു.
അങ്ങനെ ഞാനും രഞ്ജിത്തേട്ടനും പോസ്റ്റിട്ടു. അതിന് താഴെ തെറിവിളികളായിരുന്നു. ഇപ്പോള്‍ 70 കോടിയെ എത്തിയിട്ടുള്ളൂ, 30 കോടി നീ വെള്ളം ചേര്‍ത്തതാണല്ലേ എന്നായിരുന്നു കമന്റ്. ലാലേട്ടനോട് പോസ്റ്റ് ഇടേണ്ട എന്നു പറഞ്ഞു. വെറുതെ എന്തിനാണ് ആ മനുഷ്യനെ തെറി കേള്‍പ്പിക്കുന്നത്. അതുകാരണം ഇട്ടില്ല. രാത്രി ഞാന്‍ രഞ്ജിത്തേട്ടനെ വിളിച്ച് ചോദിച്ചു, എന്തേലും വെള്ളം ചേര്‍ത്തതാണോ? എനിക്കറിയുന്ന രഞ്ജിത്തേട്ടന്‍ അങ്ങനെ ബ്ലണ്ടര്‍ കണക്കുകളോ ബൂം കണക്കുകളോ പറയുന്ന ആളല്ല. എനിക്ക് വന്നതല്ലേ പറയാന്‍ പറ്റൂ തരുണേ എന്നു ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates