അബു സലിമിനെ മലയാളികൾ കൂടുതൽ കണ്ടിട്ടുള്ളത് വില്ലൻ വേഷങ്ങളിലാണ്. പൊലീസായും ഗുണ്ടയായുമെല്ലാം തിളങ്ങാറുള്ള താരം അടുത്തിടെ കോമഡിയിലേക്കും ചുവടുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവരേയും ഞെട്ടിക്കുകയായണ് അബു സലീം പ്രധാന വേഷത്തിൽ എത്തിയ ഒരു ഷോർട്ട്ഫിലിം. ദ് ഷോക്ക് എന്ന ഷോർട്ട്ഫിലിമാണ് ശ്രദ്ധ നേടുന്നത്.
പ്രകൃതി ദുരന്തത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ഹംസ എന്ന കഥാപാത്രത്തെയാണ് അബു സലിം അവതരിപ്പിക്കുന്നത്. മകനും ഭാര്യയും നഷ്ടപ്പെട്ട കുടുംബത്തിൽ ബാക്കിയാകുന്നത് മകന്റെ മകൾ സൈറ മാത്രമാണ്. ഉപ്പൂപ്പയുടേയും സൈറയുടേയും അതിജീവനത്തിന്റ കഥയാണ് ചിത്രത്തിൽ പറയുന്നത്.
വയനാട് പശ്ചാത്തലമാക്കി ശരത്ചന്ദ്രൻ വയനാട് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വ ചിത്രമാണ് 'ദ് ഷോക്ക്'. എം.ആര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ മുനീർ ടി. കെ., റഷീദ് എം.പി. എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം പോൾ ബത്തേരി നിര്‍വഹിക്കുന്നു. അബു സലീമിനൊപ്പം അമേയയാണ് പ്രധാന വേഷത്തിൽ അഭിനയിച്ചത്. അതിനിടെ അബു സലീമിന്റെ പ്രകടനത്തെ പ്രശംസിച്ച് നടൻ ദേവൻ രംഗത്തെത്തി.
ദേവന്റെ കുറിപ്പ് വായിക്കാം
ഇന്ന് ഒരു ഹൃസ്വചിത്രം കണ്ടു.. "The Shock"... ശരിക്കും ഷോക്ക് ആയിപോയി... ഒന്നാമത്തേത് അബു സലിം എന്നാ നടൻ തന്നെ.. നമ്മൾ എത്രയോ സിനിമകളിലൂടെ ഈയാളെ കണ്ടിട്ടുണ്ട്... വില്ലനും ഗുണ്ടയും ആയി നായകന്മാരുടെ കൈയിൽനിന്നും വാരിക്കോരി അടിവാങ്ങുന്ന നടൻ... അയാളിലെ നടനെ കണ്ടെത്തിയിരിക്കുന്നു ശരത്ചന്ദ്രൻ വയനാട് ഈ ചിത്രത്തിലൂടെ...
രണ്ടാമത്തെ ഷോക്ക്, ശരത്ചന്ദ്രൻ എന്നാ സംവിധായകൻ തന്നെ... ഈ സംവിധായകനെ നമ്മൾ കേൾക്കാൻ തുടങ്ങിയിട്ടു വർഷങ്ങളേറെയായി... വന്നും പോയും, ഇപ്പോൾ ഉള്ളവരുമായാ നല്ല പ്രതിഭാശാലികളായ എതു സംവിധായകരോടൊപ്പം നിർത്താൻ പറ്റിയ ഒരു കലാകാരൻ...
മൂന്നാമത്തെ ഷോക്ക്, ഇതിലെ ഇതിവൃത്തം തന്നെ.. കണ്ണിൽ ഈറനണിയാതെ കാണാൻ പറ്റാത്തരീതിയിൽ കഥയെ അവതരിപ്പിച്ചിരിക്കുന്നു... അനാവശ്യ മായ ഒരു ഷോട്ട് പോലുമില്ല...
ആരൊക്കെയാണെന്ന് തിരിച്ചറിയാൻ കഴിയാത്ത കുറെ നല്ല അഭിനേതാക്കൾ. മനോഹരമായിത്തന്നെ അവർ തിളങ്ങി...
നാലാമത്തെ ഷോക്ക്.... കഥ അവസാനിക്കുന്നിടത്തു ഒരു ഗാനമുപയോഗിച്ചു നമ്മളെ ഇരുത്തിക്കളഞ്ഞു... കഥ കഴിഞ്ഞാലും കുറച്ചുനേരംകൂടി സ്‌ക്രീനിൽ തന്നെ നോക്കിരിന്നുപോയി ഞാൻ... മനോഹരമായ ഗാനം, അർത്ഥവത്തായ പശ്ചാത്തല സംഗീതം... അതിലുടെ പറയാൻ ഉദ്ദേശിച്ച ആ വലിയ സന്ദേശം ബലവത്തായിത്തന്നെ കാഴ്ചക്കാരിലെത്തുന്നു..
ഛായാഗ്രഹണം അതിമനോഹരമായിരിക്കുന്നു
അവസാനം പുഴ ചോദിക്കുന്നതും പറയുന്നതും അപേക്ഷിക്കുന്നതും ഇതാണ്.... നമ്മൾ മനുഷ്യരോട്...
"എന്റെ വഴി നിങ്ങൾ തടയരുത്... തടഞ്ഞാൽ ഞാൻ നിങ്ങളുടെ വഴിയേ സഞ്ചരിക്കേണ്ടിവരും ".... അമ്മയുടെ മണമാണ് മണ്ണിനു... മണ്ണിനെ സ്നേഹിക്കുക....
പ്രിയപെട്ടവരെ,
The Shock നിങ്ങൾ ഓരോരുത്തരും കാണണം... കാണിക്കണം...
സ്നേഹാശംസകൾ
ദേവൻ ശ്രീനിവാസൻ....
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates