

ദ കേരള സ്‌റ്റോറിയ്ക്ക് മികച്ച സംവിധായകനടക്കമുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചത് വിവാദമായി മാറിയിരിക്കുകയാണ്. കേരളത്തെക്കുറിച്ച് തെറ്റായ ചിത്രം നല്‍കുന്ന, പ്രൊപ്പഗാണ്ട ചിത്രമാണ് ദ കേരള സ്റ്റോറിയെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. ദ കേരള സ്‌റ്റോറിയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് മറുപടി നല്‍കുകയാണ് സുദീപ്‌തോ സെന്‍. എന്‍ഡി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുദീപ്‌തോ സെന്നിന്റെ പ്രതികരണം.
''വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള രാഷ്ട്രീയ പ്രവര്‍ത്തകനാണ് പിണറായി വിജയന്‍. ഞാന്‍ രാഷ്ട്രീയക്കാരനല്ല, അതിനാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ഞാന്‍ ആളല്ല. പക്ഷെ വസ്തുത എന്തെന്നാല്‍, അദ്ദേഹത്തിന്റെ സീനിയര്‍ ആയ, ഈയ്യടുത്ത് അന്തരിച്ച, വിഎസ് അച്യുതാന്ദന്‍റെ, 'കേരളം ഇസ്ലാമിക് സ്‌റ്റേറ്റ് ആക്കാന്‍ ശ്രമിക്കുന്നു' എന്ന വാക്കുകളാണ് ഞങ്ങളൊരു സിനിമയാക്കിയത്. അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്ന് വിശ്വസിക്കുന്നു. അച്യുതാനന്ദന്റെ പ്രസ്താവനയുടെ റെക്കോര്‍ഡ് ഞങ്ങളുടെ പക്കലുണ്ട്'' എന്നാണ് സുദീപ്‌തോ സെന്‍ പറയുന്നത്.
''വിഎസ് അച്യുതാനന്ദന് പല വഴിയ്ക്കും വിമര്‍ശനം നേരിടേണ്ടി വന്നപ്പോള്‍ പിന്തുണച്ചത് പിണറായിയാണ്. രാഷ്ട്രീയക്കാര്‍ സംസാരിക്കുമ്പോള്‍ ആരും പ്രതികരിക്കാന്‍ പോകരുത്. കാരണം അത് അവരുടെ ജീവിതമാണ്. അവര്‍ തങ്ങളുടെ ജീവിതത്തിനും നിലനില്‍പ്പിനും വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. ഞാനൊരു രാഷ്ട്രീയക്കാരനല്ല. സിനിമാക്കാരനാണ്. ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. 10-12 വര്‍ഷമാണ് എന്റെ ടീം കഷ്ടപ്പെട്ടത്. സിനിമയില്‍ പറഞ്ഞ ഓരോ വാക്കിലും ദൃശ്യങ്ങളിലും ഞാന്‍ ഉറച്ചു നില്‍ക്കുന്നു. രണ്ട് മാസത്തെ പരിശോധനയ്ക്ക് ശേഷമാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയിലെ ഓരോ രംഗത്തിനും അംഗീകാരം തന്നത്. ഒരു കട്ട് പോലുമില്ല. ഞങ്ങളുടെ ബോധ്യത്തെ അംഗീകരിച്ചതായാണ് തോന്നുന്നത്'' എന്നും സുദീപ്‌തോ സെന്‍ പറയുന്നു.
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും നുണകളാല്‍ പടുത്ത ഒരു സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാര്‍ഡ് ജൂറി അവഹേളിച്ചിരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ അവര്‍ നടപ്പാക്കുന്നത്. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയര്‍ത്തണം. കലയെ വര്‍ഗീയത വളര്‍ത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം എന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.
തന്റെ സിനിമയില്‍ പറയുന്നത് കാസര്‍ഗോഡ് ഉള്‍പ്പടെയുള്ള വടക്കന്‍ കേരളത്തില്‍ നടക്കുന്ന കാര്യങ്ങളാണെന്നും നേരത്തെ സംവിധായകന്‍ സുദീപ്‌തോ സെന്‍ പറഞ്ഞിരുന്നു. ദ കേരള സ്റ്റോറി ഇസ്ലാമോഫോബിക് സിനിമയല്ലെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മനോരമയോടായിരുന്നു സംവിധായകന്റെ പ്രതികരണം. കേരളത്തിലെ മന്ത്രിമാര്‍ സിനിമ കണ്ടിരുന്നുവെങ്കില്‍ ചിത്രത്തെ വിമര്‍ശിക്കില്ലായിരുന്നുവെന്നും സുദീപ്‌തോ പറഞ്ഞു.
The Kerala Story director Sudipto Sen responds to the criticism of CM Pinarayi Vijayan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates