

കാന്താര എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ഋഷഭ് ഷെട്ടി. കാന്താര സൂപ്പർ ഹിറ്റായി മാറിയതോടെ ഋഷഭിന്റെ താരമൂല്യവും ഉയർന്നു. ഋഷഭ് നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ദ് പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ് പ്രഖ്യാപനം മുതൽ തന്നെ ആരാധകരിൽ ഉണർത്തിയിരിക്കുന്ന ആവേശവും വളരെ വലുതാണ്. ഇപ്പോഴിതാ ഛത്രപതി ശിവാജി മഹാരാജിന്റെ 395-ാം ജന്മ വാർഷികദിനത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
സംവിധായകൻ സന്ദീപ് സിങ് തന്നെയാണ് രണ്ടാമത്തെ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ഭീമാകാരമായ ദേവി വിഗ്രഹത്തിന് മുന്നിൽ കൈയിൽ വാളുമായി നിൽക്കുന്ന ഋഷഭിനെയാണ് സെക്കന്റ് ലുക്ക് പോസ്റ്ററിൽ കാണാനാവുക. "ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മവാർഷികം വളരെയധികം അഭിമാനത്തിന്റെയും ആത്മപരിശോധനയുടെയും നിമിഷമാണ്.
ഈ ചിത്രം അദ്ദേഹത്തിന്റെ അജയ്യമായ ആത്മാവിനുള്ള ഞങ്ങളുടെ ഹൃദയംഗമമായ ആദരാഞ്ജലിയാണ്, ഇന്ത്യയുടെ ചരിത്രത്തിന്റെ ഗതി പുനർനിർമിച്ച ആ യോദ്ധാവിനുള്ള ഒരു സിനിമാറ്റിക് ആദരാഞ്ജലിയാണ്"- എന്നാണ് സെക്കന്റ് ലുക്ക് പുറത്തുവിട്ട് സംവിധായകൻ കുറിച്ചിരിക്കുന്നത്. ശിവാജി മഹാരാജ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഋഷഭ് എത്തുക.
പ്രീതം ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കുന്നത്. സിദ്ധാർത്ഥ് ഗരിമ ആണ് തിരക്കഥയൊരുക്കുന്നത്. രവി വർമന്റേതാണ് ഛായാഗ്രഹണം. 2027 ജനുവരി 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതേസമയം ചിത്രത്തില്‍ ഛത്രപതി ശിവാജിയായി എത്തുന്നതിനെക്കുറിച്ച് ഋഷഭ് ഷെട്ടി പ്രസ്താവനയിലൂടെ മുൻപ് പ്രതികരിച്ചിരുന്നു.
"ദ് പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ് എന്ന ചിത്രം സന്ദീപിന്‍റെ കാഴ്ചപ്പാടില്‍ വളരെ ഗംഭീരമായിരുന്നു, ഈ സിനിമ കേള്‍ക്കുമ്പോള്‍ ഞാൻ കണ്ണിമ ചിമ്മാതെ ഇരുന്നു, അവസാനം യെസ് പറഞ്ഞു. ഭാരതത്തിന്‍റെ അഭിമാനമായ ഛത്രപതി ശിവജി മഹാരാജ് വാക്കുകൾക്ക് അതീതമാണ്.
ചരിത്രത്തെ മറികടക്കുന്ന ഒരു ദേശീയ നായകനാണ് അദ്ദേഹം, അദ്ദേഹത്തിന്‍റെ കഥ സ്‌ക്രീനിൽ കൊണ്ടുവരുന്നതിൽ എനിക്ക് അതിയായ അഭിമാനം തോന്നുന്നു" എന്നാണ് ഋഷഭ് പറഞ്ഞത്. ഇപ്പോള്‍ കാന്താര പ്രീക്വലിന്റെ തിരക്കുകളിലാണ് ഋഷഭ് ഷെട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates