
ഒരുകാലത്ത് മലയാള സിനിമ കുടുംബ കഥകളാൽ സമ്പന്നമായിരുന്നു. അന്ന് സ്ക്രീനിൽ നിറഞ്ഞാടിയ അമ്മക്കഥാപാത്രങ്ങൾ എണ്ണമറ്റതാണ്. സഹനത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രതീകമായിരുന്നു അന്നത്തെ മലയാള സിനിമയിലെ അമ്മമാർ. മീനയും ശാന്തകുമാരിയും കവിയൂർ പൊന്നമ്മയും സുകുമാരിയുമടക്കം എത്രയെത്ര വേറിട്ട അമ്മക്കഥാപാത്രങ്ങൾ തിളങ്ങിയ മണ്ണാണ് ഈ മലയാള സിനിമയുടേത്.
കാലം മാറിയപ്പോൾ കുറച്ച് കാലത്തേയ്ക്ക് മലയാള സിനിമയിൽ അമ്മമാരെ കണ്ടിരുന്നില്ല. എന്നാൽ റിലയിസ്റ്റിക്ക് സിനിമകൾ വന്നു തുടങ്ങിയതോടെ ഏച്ചുകെട്ടലില്ലാത്ത പച്ചയായ അമ്മമാർ പ്രേക്ഷകരുടെ ഹൃദയം കവരാൻ തുടങ്ങി. 'ഇഷ്കി'ൽ മാലാ പാർവതി അവതരിപ്പിച്ച അമ്മ വേഷം തന്നെ അതിനൊരുദാഹരണമല്ലേ.
'എന്ന് നിൻ്റെ മൊയ്തീൻ' എന്ന ചിത്രത്തിൽ ലെന അവതരിപ്പിച്ച അമ്മക്കഥാപാത്രവും ഏവരുടെയും ഹൃദയം കവരുന്നതായിരുന്നു. ആശാ ശരത്തും ഉർവ്വശിയും ശോഭനയുമൊക്കെ വൈകാരിക തലത്തിലൂടെ ഏറെ കടന്നു പോകേണ്ടി വരുന്ന അമ്മക്കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. മലയാള സിനിമയിലെ വ്യത്യസ്തമാർന്ന ചില അമ്മ കഥാപാത്രങ്ങളിലൂടെ.
ചിത്രത്തിലെ ഏറെ പ്രധാനപ്പെട്ട കഥാപാത്രമായി നായകന്മാരുടെ അമ്മ ലീലാമ്മയായി എത്തിയത് ലാലി പി എം ആണ്. ഒറ്റ സീനേ ഉള്ളൂവെങ്കിലും ഓർത്തിരിക്കുന്ന കഥാപാത്രമായിരുന്നു അത്. മലയാള സിനിമ കണ്ടു പരിചയിച്ച അമ്മ വേഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ആ വേഷം. 'എന്ത് തള്ളയാണ് സജീ... ' എന്ന് ഷെയ്ന്റെ കഥാപാത്രം അമ്മയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.
'പ്രാകല്ലേടാ... പ്രാകല്ലേ നിനക്കൊക്കെ വേണ്ടി കുറേ കഷ്ടപ്പെട്ടിട്ടുണ്ട് അവർ.. അവർ അടുത്തു കൂടെ പോകുമ്പോൾ അവർക്ക് അമൃതാഞ്ജന്റെ മണമായിരുന്ന്'...എന്നാണ് സജി (സൗബിൻ) ഇതിന് തിരിച്ച് മറുപടി നൽകുന്നത്. ചിത്രത്തിലെ അമ്മയുടെ ഡിലീറ്റഡ് സീൻ അണിയറപ്രവർത്തകർ പിന്നീട് പുറത്തുവിട്ടിരുന്നു.
അമ്മയുടെ അഭാവം കൊണ്ട് അമ്മയ്ക്ക് മറ്റൊരു നിർവചനം രേഖപ്പെടുത്തുന്നൊരു ചിത്രമാണ് കുമ്പളങ്ങി. മക്കൾ, ഭർത്താവ്, കുടുംബം എന്നിങ്ങനെയുള്ള സങ്കല്പങ്ങളിൽ കുരുങ്ങി കിടന്നു പോകുന്ന അമ്മ, ഭാര്യ എന്നീ പരിവേഷങ്ങൾക്ക് അപ്പുറം അമ്മ എന്നത് ഒരു വ്യക്തി കൂടെയാണ്, അതിനു പ്രാധാന്യം കൊടുക്കാനും അവർക്ക് അവകാശമുണ്ടെന്നുമാണ് 'കുമ്പളങ്ങി നൈറ്റ്സ്' കാണിച്ചു തന്നത്.
'മന്ദാകിനി' എന്ന ചിത്രത്തിൽ ഏറ്റവുമധികം കൈയടി നേടിയ കഥാപാത്രമാണ് നായകന്റെ അമ്മയായ രാജലക്ഷ്മി. നായികാനായകന്മാരോടൊപ്പം തോളോട് തോൾ ചേർന്നു നിൽക്കുന്ന ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് സരിത കുക്കുവാണ്.
അമ്മയ്ക്ക് കാൻസർ വന്നാൽ കുടുംബം അപ്പാടെ തകർന്ന്, ഇനി മുന്നോട്ട് ഒന്നുമില്ല എന്ന് പറഞ്ഞു ശീലിച്ച മലയാളികൾക്ക് മുന്നിൽ 'യുദ്ധം തന്നെ' എന്നു പറഞ്ഞുകൊണ്ടാണ് ശാന്തി കൃഷ്ണയുടെ ഷീല ചാക്കോ എത്തിയത്. എല്ലാ സന്ദർഭങ്ങളിലും വൈകാരിക പിന്തുണ നൽകുന്ന അമ്മയ്ക്ക് ഒരാവശ്യം വന്നപ്പോൾ ആർക്കും ധൈര്യമില്ല എന്നത് സ്വയം സഹിക്കുകയല്ല, മറിച്ച് ഓരോ കഥാപാത്രത്തെയും വിമർശിക്കേണ്ട സന്ദർഭത്തിൽ വിമർശിച്ച്, അവരെന്തുകൊണ്ട് വിമർശിക്കപ്പെടണമെന്നത് വ്യക്തമാക്കിക്കൊണ്ടാണ് ഈ അമ്മ മുന്നോട്ട് പോകുന്നത്. അവരുടെ 'നെവർ മൈൻഡ്' മനോഭാവം സിനിമയിൽ ഒരു പുതുമ തന്നെയാണ്.
ഹോം എന്ന ചിത്രത്തിലെ മഞ്ജു പിള്ളയുടെ അമ്മ കഥാപാത്രവും അൽപ്പം വ്യത്യസ്തമായിരുന്നു. മഞ്ജുവിന്റെ പ്രകടനം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങുകയും ചെയ്തു. കുട്ടിയമ്മ എന്ന കഥാപാത്രത്തെ അത്രമാത്രം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ മഞ്ജുവിന് സാധിച്ചു.
മകളുടെ ജീവിതം സുരക്ഷിതമാക്കാൻ, കല്യാണരാത്രിയിൽ അജേഷിനോട് കെഞ്ചി അപേക്ഷിക്കുന്ന ആഗ്നസ് എന്ന പൊന്മാനിലെ അമ്മയും ഈ അടുത്തിടെയെത്തി പ്രേക്ഷക മനം കവർന്നിരുന്നു. ലിജോ മോൾ അവതരിപ്പിച്ച സ്റ്റെഫിയുടെ അമ്മയായെത്തിയത് സന്ധ്യ രാജേന്ദ്രനാണ്. മകളുടെ ജീവിതം തകരാതെ ഇരിക്കാൻ, മകളുടെ ആദ്യ രാത്രിയിൽ റൂമിനു പുറത്ത് കാവൽ ഇരിക്കുന്ന ഒരു അമ്മയുടെ നിസ്സഹായതയും താൻ സഹായിച്ചവർ തിരിച്ചു സഹായിക്കും എന്ന് കരുതിയെടുത്ത് നിന്ന് ഒന്നും കിട്ടാതെ വരുമ്പോഴുള്ള ദേഷ്യവും വിഷമവും മകൾക്ക് ഒരു നല്ല ജീവിതം കിട്ടി എന്ന് കരുതിയുള്ള സന്തോഷവും എല്ലാം അതിഗംഭീരമായാണ് സന്ധ്യ അവതരിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates