

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ കമൽ ഹാസൻ. അൻപത് വർഷമായിട്ടുള്ള ബന്ധമാണ് എംടിയുമായിട്ടുള്ളതെന്നും 'മനോരഥങ്ങൾ' വരെ ആ സൗഹൃദം തുടർന്നെന്നും കമൽ ഹാസൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഒരു മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്. മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. മഹാനായ എഴുത്തുകാരന് ആദരാഞ്ജലികൾ എന്ന് കമൽ ഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഒരു മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്. മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമാണ് എംടി വാസുദേവൻ നായർ. മലയാള സിനിമാ ലോകത്തിന് എന്നെ പരിചയപ്പെടുത്തിയ 'കന്യാകുമാരി' എന്ന സിനിമയുടെ സൃഷ്ടാവ് എന്ന നിലയിൽ അദ്ദേഹവുമായുള്ള എൻ്റെ സൗഹൃദത്തിന് ഇപ്പോൾ അൻപത് വയസ് തികയുന്നു. ഒടുവിൽ അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ ആ സൗഹൃദം തുടർന്നു.
മലയാള സാഹിത്യ ലോകത്തിന് മികച്ച നോവലുകൾ സമ്മാനിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയാണ്. തന്റേതായ ശൈലിയിലൂടെ എഴുത്തിന്റെ എല്ലാ രൂപങ്ങൾക്കും സംഭാവന നൽകിയ ആ വ്യക്തിത്വം വിരമിച്ചു. ഇതൊരു വലിയ നഷ്ടമാണ്. ഇത് തെന്നിന്ത്യൻ സാഹിത്യ ലോകത്തെയും വായനക്കാരെയും കലാ ആസ്വാദകരെയും ദു:ഖത്തിലാഴ്ത്തും. മഹാനായ എഴുത്തുകാരന് എൻ്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.
എംടി വാസുദേവൻ നായർ എഴുതി കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത 1974 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കന്യാകുമാരി. കമൽ ഹാസൻ ആദ്യമായി നായക വേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. നടൻ ജഗതി ശ്രീകുമാറിൻ്റെ അരങ്ങേറ്റ ചിത്രവുമായിരുന്നു കന്യാകുമാരി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates