ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായതോടെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് മലയാള സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ്. ചിത്രത്തേയും അണിയറ പ്രവർത്തകരേയും പ്രശംസിച്ചുകൊണ്ട് ഇതിനോടകം നിരവധി പേരാണ് പ്രശംസയുമായി എത്തിയത്. എന്നാൽ തന്റെ പോരാട്ടത്തിന്റെ ഫലമായാണ് ജല്ലിക്കട്ടിന് അംഗീകാരം ലഭിച്ചത് എന്നാണ് ബോളിവുഡ് നടി കങ്കണ റണാവത്ത് പറയുന്നത്. ബോളിവുഡ് മാഫിയയെ വിമർശിച്ചുകൊണ്ടാണ് താരം ജല്ലിക്കട്ട് ടീമിനെ പ്രശംസിച്ചിരിക്കുന്നത്.
"ബുള്ളിദാവൂദ് (ബോളിവുഡ്) മാഫിയയ്ക്കെതിരെ നടത്തിയ വിമർശനങ്ങളും വിചാരണകളും ഒടുവിൽ ഫലം നൽകിയിരിക്കുന്നു. ഇന്ത്യൻ സിനിമയെന്നാൽ വെറും നാലു കുടുംബങ്ങളല്ല. സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളിൽ ഒളിച്ചിരിക്കുന്നതിനാൽ ജൂറിക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ ടീം ജല്ലിക്കെട്ട്!" - കങ്കണ കുറിച്ചു.
ബോളിവുഡിലെ വിവാദതാരമാണ് കങ്കണ റണാവത്ത്. എന്ത് വിഷയത്തെക്കുറിച്ചുള്ള പ്രതികരണത്തിലും വിവാദം ഉൾപ്പെടുത്താൻ താരം മടിക്കാറില്ല. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ പ്രമുഖർക്കെതിരെ രൂക്ഷ വിമർശനവുമായി താരം രംഗത്തെത്തിയിരുന്നു. എന്നാൽ ജല്ലിക്കട്ടിനെക്കുറിച്ചുള്ള കങ്കണയുടെ അഭിപ്രായപ്രകടനം മലയാള സിനിമ പ്രേമികളെ ചൊടിപ്പിച്ചിട്ടുണ്ട്. ജല്ലിക്കട്ട് എന്ന സിനിമയെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് ഇത്തരം പൊള്ളയായ അവകാശവാദങ്ങളെന്നായിരുന്നു അവരുടെ പ്രതികരണം.
എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ജല്ലിക്കട്ടിന്റെ തിരക്കഥയെഴുതിയത്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ് തുടങ്ങിയവാണ് പ്രധാന കഥാപാത്രങ്ങളായി എത്തി. 2019 ഒക്ടോബര്‍ നാലിനാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിച്ചത്. 2019ലെ ടൊറന്റോ അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തില്‍ ജല്ലിക്കട്ട് പ്രദര്‍ശിപ്പിച്ചിരുന്നു. ഇത്തവണത്തെ മികച്ച സംവിധായകനുള്ള പുരസ്കാരവും ലിജോ ജോസിനായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates