

മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ശക്തമായ സാന്നിധ്യമാണ് ദുൽഖർ സൽമാൻ. യഥാർത്ഥ പാൻ ഇന്ത്യൻ താരമാണ് ദുൽഖർ എന്നായിരുന്നു അടുത്തിടെ നടൻ നാനി പറഞ്ഞത്. വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. ആക്ഷൻ ഹീറോ ആയി എത്തുന്ന കിങ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ പുതിയ ചിത്രം. ഓണം റിലീസായി എത്തുന്ന ചിത്രത്തിന്റെ പ്രമോഷനിടെ താരം നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാവുന്നത്.
കരിയറിന്റെ തുടക്കത്തിൽ തന്നെ കളിയാക്കിയവർ ഇപ്പോൾ തന്റെ ഡേറ്റിനു വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് ദുൽഖർ പറഞ്ഞത്. ‘‘എന്റെ കരിയറിന്റെ തുടക്കത്തിൽ എന്നെ പരിഹസിച്ചവരുണ്ട്. ആദ്യ രണ്ടുമൂന്നു സിനിമകൾ ഇറങ്ങിയ സമയത്ത് മോശമായി പെരുമാറിയവരുണ്ട്. എന്നാൽ ഇന്ന് അവർ എന്റെയൊരു ഡേറ്റിനു വേണ്ടി ശ്രമിക്കുന്ന കാര്യം എനിക്ക് അറിയാം.’’–ദുൽഖർ പറഞ്ഞു.
2012ൽ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാൻ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ ലാലു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് റിലീസ് ചെയ്ത ഉസ്താദ് ഹോട്ടൽ സൂപ്പർഹിറ്റായിരുന്നു. തുടർന്ന് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കും താരം അരങ്ങേറ്റം കുറിച്ചു. നിരവധി സൂപ്പർഹിറ്റുകളാണ് വിവിധ ഭാഷകളിൽ താരത്തിന്റെ പേരിലുള്ളത്.
ഓഗസ്റ്റ് 24നാണ് കിങ് ഓഫ് കൊത്ത റിലീസ് ചെയ്യുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്നാണ്. ബീർ കല്ലറക്കൽ, പ്രസന്ന, ഐശ്വര്യാ ലക്ഷ്മി, നൈലാ ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ തുടങ്ങിയവരും അഭിനയിക്കുന്നു. ജേക്സ് ബിജോയ് ,ഷാൻ റഹ്മാൻ എന്നിവരാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ആക്‌ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം:നിമിഷ് രവി, തിരക്കഥ: അഭിലാഷ് എൻ. ചന്ദ്രൻ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates