

'പള്ളിച്ചട്ടമ്പി'യിലെ കഥാപാത്രത്തിനായി താൻ ശരീരഭാരം കൂട്ടിയെന്ന് നടൻ ടൊവിനോ. ശാരീരികമായി വളരെ കരുത്തുറ്റ ഒരു കഥാപാത്രമാണ് ചിത്രത്തിൽ തന്റേതെന്നും നടൻ പറഞ്ഞു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം വിഷു റിലീസായി ഏപ്രിൽ 10 നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
"കഥാപാത്രത്തിനായി ഭാരം കൂട്ടണമെന്ന് ഡിജോ എന്നോട് പറഞ്ഞു. അതുവരെ ഞാൻ കർശനമായ ഭക്ഷണക്രമം പാലിച്ചിരുന്ന ആളാണ്. പക്ഷേ ഈ സിനിമക്കായി ഞാൻ അത് നിർത്തി. കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ എന്റെ ഹെയർ സ്റ്റൈലും മീശയും ഞാൻ മാറ്റി".- ടൊവിനോ പറഞ്ഞു.
1950 കളിൽ കേരളത്തിൽ നടന്ന സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പള്ളിച്ചട്ടമ്പി ഒരുക്കിയിരിക്കുന്നതെന്നും വെറും ആക്ഷൻ മാത്രമല്ല, ശക്തമായ വൈകാരികതലങ്ങളുള്ള ഒരു ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പിയെന്നും ടൊവിനോ കൂട്ടിച്ചേർത്തു.
"ഒരിക്കൽ നിങ്ങൾ ഈ സിനിമ കണ്ടുകഴിഞ്ഞാൽ, അതിന്റെ ആത്മാവ് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകും. മനുഷ്യത്വം തന്നെയാണ് ചിത്രത്തിന്റെ കാതൽ എന്ന് പറയുന്നത്. ആരും ഉന്നതരുമല്ല, താഴ്ന്നവരുമല്ല. കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്ന മനോഹരമായ ഒരു വൈകാരിക ചിത്രമാണിത്".- ടൊവിനോ വ്യക്തമാക്കി.
ഡിജോ ഈ സിനിമയുടെ കഥ പറഞ്ഞപ്പോൾ തന്നെ തനിക്ക് ഇഷ്ടപ്പെട്ടുവെന്നും അന്ന് മുതൽ ഈ സിനിമക്കായുള്ള യാത്രയിലായിരുന്നുവെന്നും ടൊവിനോ പറഞ്ഞു.
വേൾഡ്‌വൈഡ് ഫിലിംസിന്റെയും സി ക്യൂബ് ബ്രോസ് എന്റർടെയ്ൻമെന്റ്സിന്റെയും ബാനറുകളിൽ നൗഫേൽ, ബ്രിജേഷ്, ചാണക്യ, ചൈതന്യ, ചരൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കയാദു ലോഹർ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates