
'Whatever you do in this life, it's not legendary unless your friends are there to see it'' എന്ന് അമേരിക്കന്‍ സിറ്റ്‌കോം 'ഹൗ ഐ മെറ്റ് യുവര്‍ മദറി'ല്‍ ബാര്‍നി ഒരിക്കല്‍ പറയുന്നുണ്ട്. സൗഹൃദങ്ങള്‍ക്ക് ജീവിതത്തില്‍ വലിയ പ്രധാന്യമുണ്ട്. സന്തോഷവും സങ്കടവും പകുത്ത് നല്‍കാനും, ചിലപ്പോഴൊക്കെ ഒന്നും മിണ്ടാതിരിക്കാനും നല്ല സൗഹൃദങ്ങളുണ്ടാകണം.
മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ നിരവധി ഓണ്‍ സ്‌ക്രീന്‍ സൗഹൃദക്കാഴ്ചകളുണ്ട്. ജീവിതമേത് സിനിമയേത് എന്നറിയാത്തവിധം ജീവിതത്തോട് ഇഴുകി ചേർന്നവ. എന്നാല്‍ തമാശകള്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ടിരുന്നത് പലപ്പോഴും നല്ല സൗഹൃദമായിരുന്നില്ല. സൗഹൃദ ദിനമായ ഇന്ന് മലയാള സിനിമയിലെ ചില ടോക്‌സിക് സൗഹൃദങ്ങള്‍ നോക്കാം.
മലയാളത്തിലെ എവര്‍ഗ്രീന്‍ കൂട്ടുകെട്ടുകളിലൊന്നാണ് ശ്രീനിവാസന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട്. പ്രിയദര്‍ശന്‍ ഒരുക്കിയ ചന്ദ്രലേഖയില്‍ ജീവിതത്തില്‍ നട്ടം തിരിഞ്ഞ് നടുറോഡില്‍ നില്‍ക്കുമ്പോഴാണ് മോഹന്‍ലാലിന്റെ അപ്പുക്കുട്ടന്‍ ബാല്യകാല സുഹൃത്തായ നൂറിനെ കണ്ടുമുട്ടുന്നത്. അല്ലറ ചില്ലറ പ്രശ്‌നങ്ങളുണ്ടെങ്കിലും സമാധാന ജീവിതം നയിച്ചു പോവുകയായിരുന്ന നൂറിന്റെ അവിടുന്നങ്ങോട്ടുള്ള ജീവിതം താറുമാറാകുന്നത് അപ്പുക്കുട്ടന്‍ കാരണമാണ്. ജോലി പോയി, കാമുകിയുടെ സ്വര്‍ണവും പണവും നഷ്ടമായി, വിവാഹം മുടങ്ങി, അങ്ങനെ എല്ലാം നഷ്ടപ്പെട്ടിട്ടും കൂടെ നടക്കുന്ന നൂറിനോട് പലപ്പോഴും അപ്പുക്കുട്ടന്‍ കാണിക്കുന്നത് വിശ്വാസ വഞ്ചനയാണ്. തന്റെ നേട്ടങ്ങള്‍ക്ക് വേണ്ടി നിഷ്‌കളങ്കനായ നൂറിനെ മാനുപ്പുലേറ്റ് ചെയ്യുന്ന അപ്പുക്കുട്ടനെ പലപ്പോഴും സിനിമയില്‍ കാണാം.
ചിത്രകഥ പോലെ ബേസില്‍ ജോസഫ് കഥ പറഞ്ഞ ചിത്രം. കുഞ്ഞിരാമന്റെ ഗള്‍ഫില്‍ നിന്നുള്ള പോക്കിനും വരവിനും ഇടയില്‍ ദേശത്ത് വരുന്ന മാറ്റങ്ങളുടെ കഥ പറഞ്ഞ ചിത്രം. കുഞ്ഞിരാമായണത്തിലെ സൗഹൃദങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് കുട്ടേട്ടനും ലാലുവും തമ്മിലുള്ളത്. തന്റെ ആശാന്റെ ഫോട്ടോ പേഴ്‌സില്‍ സൂക്ഷിക്കുന്നത്ര നിഷ്‌കളങ്കമാണ് ലാലുവിന് കുട്ടേട്ടനോടുള്ള സൗഹൃദം. എന്നാല്‍ സഹായിക്കാനെന്ന രൂപേണ പലപ്പോഴും ലാലുവിനെ കുഴിയില്‍ കൊണ്ട് ചെന്ന് ചാടിക്കുന്നത് കുട്ടേട്ടനാണ്. ലാലുവിന്റെ നിഷ്‌കളങ്കതയെ തന്റെ സ്വാര്‍ത്ഥതയ്ക്കായി മുതലെടുക്കുന്ന കുട്ടേട്ടന്‍ നല്ല കൂട്ടുകാരനേയല്ല. ഇങ്ങനൊരാള്‍ കൂടെ ഉണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും പണി കിട്ടും.
ദാസനും വിജയനും മലയാള സിനിമയിലെ സൗഹൃദത്തിന്റെ ഐക്കണുകളാണ്. പരസ്പരം കൊണ്ടും കൊടുത്ത മുന്നോട്ട് പോകുന്നവര്‍. പ്രേക്ഷക മനസില്‍ ദാസനും വിജയനും തുല്യരാണെങ്കിലും സിനിമയില്‍ പലപ്പോഴും ദാസന്‍ വിജയനെ ട്രീറ്റ് ചെയ്യുന്നത് അങ്ങനെയല്ല. തങ്ങള്‍ക്കിടയിലെ വിദ്യഭ്യാസത്തിന്റേയും ക്ലാസിന്റേയുമൊക്കെ അന്തരം പലപ്പോഴും ദാസന്‍ വിജയനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഈ സിനിമയുടെ തുടര്‍ച്ചയായ സിനിമകളിലും ഇത് കാണാം. ദാസനെ നിറത്തിന്റേയും രൂപത്തിന്റേയും പേരിലുമൊക്കെ പരിഹസിക്കുന്ന ദാസന്‍ നല്ലൊരു സുഹൃത്താണെന്ന് പറയാനാകില്ല.
താഹ സംവിധാനം ചെയ്ത മലയാള സിനിമയിലെ എക്കാലത്തേയും ജനപ്രീയ സിനിമകളിലൊന്ന്. ചിത്രത്തിലെ ദിലീപ്-ഹരിശ്രീ അശോകന്‍ കോമ്പോ ജനപ്രീയമാണ്. പറക്കും തളികയിലെ പല രംഗങ്ങളും ഇന്നും ചിരിപ്പിക്കുന്നവയാണ്. എന്നാല്‍ ദിലീപിന്റെ ഉണ്ണികൃഷ്ണനും ഹരിശ്രീ അശോകനും സുന്ദരനും തമ്മിലുള്ള സൗഹൃദം നല്ല സൗഹൃദമാണോ എന്ന് ചോദിച്ചാല്‍ ഉത്തരം അല്ലെന്നാകും. തമാശയെന്ന പേരില്‍ സുന്ദരനെ പലവട്ടം അവഹേൡക്കുകയും ബോഡി ഷെയിം ചെയ്യുകയുമൊക്കെ ചെയ്യുന്നത് കാണാം. തന്റെ ഭാവി ജീവിതം തന്നെ തുലാസിലായിട്ടും ഉണ്ണിയുടെ കൂടെ എന്തിനും തയ്യാറായി നില്‍ക്കുകയാണ് സുന്ദരന്‍. പകരം സുന്ദരന് ലഭിക്കുന്നതാകട്ടെ അവഹേളനങ്ങള്‍ മാത്രവും.
ശ്രീനിവാസന്‍, ജഗദീഷ്, സിദ്ധീഖ്, മണിയന്‍പിള്ള രാജു, രേഖ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം. കമല്‍ ആണ് സിനിമയുടെ സംവിധാനം. ഒരുമിച്ച് താമസിക്കുന്ന ഒരു സംഘം അധ്യാപകരുടെ കഥയാണ് സിനിമ പറഞ്ഞത്. അവര്‍ക്കിടയിലെ പിശുക്കനായ ഗോപാലകൃഷ്ണന്‍ മാഷിനെ പറ്റിക്കാനായി മറ്റുള്ളവര്‍ ചേര്‍ന്ന് ഒപ്പിക്കുന്നൊരു തമാശയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ തമാശയെന്ന പേരില്‍ ആ സംഘം ചെയ്തു കൂട്ടുന്നതൊക്കെ ഗോപാലകൃഷ്ണനെ പരിഹാസ പാത്രമാക്കുന്ന, അയാളുടെ ജീവിതത്തെ തന്നെ തകര്‍ത്തു കളയുന്ന ക്രൂരതകളായിരുന്നു. സിനിമയായതു കൊണ്ട് മാത്രം ശുഭാന്ത്യത്തിലെത്തിയ ജീവിതമാണ് ഗോപാലകൃഷ്ണന്‍ മാഷിന്റേത് എന്ന് പറഞ്ഞാല്‍ പോലും അതിശയോക്തിയാകില്ല.
From Dasan-Vijayan to Unni and Sundaran, Toxic friendships celebrated in malayalam cinema.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
