ഒരിക്കലും കൂട്ടിമുട്ടാതെ പോയ രണ്ട് പ്രണയങ്ങള്‍; 40 വര്‍ഷങ്ങള്‍ക്കിപ്പുറം സഞ്ജീവ് പോയ അതേദിവസം സുലക്ഷണയും യാത്രയായി...

കാല്‍ നൂറ്റാണ്ടോളം നീണ്ട വിഷാദഭരിതമായ ഏകാന്ത ജീവിതത്തിനു വിരാമം
Sulakshana
Sulakshanaഎക്സ്
Updated on
5 min read

നടിയും ഗായികയുമായ സുലക്ഷണ വിട വാങ്ങി. ഒരു കാലത്തെ ബോളിവുഡിലെ നിറസാന്നിധ്യമായിരുന്നു സുലക്ഷണ. എന്നാല്‍ താരജീവിതത്തിന്റെ നിഴല്‍പോലുമില്ലാതെയാണ് സുലക്ഷണ യാത്രയാകുന്നത്. സുലക്ഷണയുടെ കരിയറിനെക്കുറിച്ചും സഞ്ജീവ് കുമാറിനോടുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചുമൊക്കെ എഴുതുകയാണ് രവി മേനോന്‍. ആ വാക്കുകളിലേക്ക്:

Sulakshana
നടിയും ​ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

സുലക്ഷണ പണ്ഡിറ്റ് പ്രണയിച്ചത് സഞ്ജീവ് കുമാറിനെ. സഞ്ജീവ് പ്രണയിച്ചത് ഹേമമാലിനിയേയും. സമാന്തരരേഖകള്‍ പോലെ ഒഴുകിയ, ഒരിക്കലും കൂട്ടിമുട്ടാതെ പോയ രണ്ടു ബോളിവുഡ് പ്രണയങ്ങള്‍. നഷ്ടപ്രണയത്തിന്റെ തപ്തസ്മൃതികളില്‍ മുഴുകി ജീവിച്ച സഞ്ജീവ് മദ്യത്തില്‍ അഭയം തേടി ജീവിതം ധൂര്‍ത്തടിച്ചതും ഒടുവില്‍ ഹൃദയസ്തംഭനത്തിന് കീഴടങ്ങിയതും ചരിത്രം. ഇപ്പോഴിതാ സുലക്ഷണയും യാത്രയായി. കാല്‍ നൂറ്റാണ്ടോളം നീണ്ട വിഷാദഭരിതമായ ഏകാന്ത ജീവിതത്തിനു വിരാമം.

Sulakshana
'17 പേരെ റിജക്ട് ചെയ്തിട്ടുണ്ട്. പതിനെട്ടാമത്തെ ആളാണ് സണ്ണി'; പ്രണയകഥ പങ്കിട്ട് അഭിനയ

നടിയായ സുലക്ഷണയല്ല, പാട്ടുകാരിയായ സുലക്ഷണയാണ് ആദ്യം മനസ്സില്‍ കയറിവന്നത്; കിഷോര്‍ കുമാര്‍ ചിട്ടപ്പെടുത്തിയ 'ദൂര്‍ കാ രാഹി'യിലെ മറക്കാനാവാത്ത ആ യുഗ്മഗാനത്തിലൂടെ: 'ബേഖരാര്‍ ദില്‍ തൂ ഗായേജാ, ഖുശിയാം സേ ഭരേ വോ തരാനേ.. ' തെല്ലു വിഷാദം കലര്‍ന്നതെങ്കിലും ഭാവഗാംഭീര്യമാര്‍ന്ന കിഷോറിന്റെ ആലാപനത്തില്‍, അവാച്യമായ ഏതോ ദുഃഖം ഉള്ളിലൊളിപ്പിച്ച് ഒഴുകുന്ന അശാന്തമായ നദി പോലെ ലയിച്ചു ചേരുകയാണ് സുലക്ഷണയുടെ ശബ്ദം. കുട്ടിത്തം വിട്ടു മാറാത്ത ആ ശബ്ദത്തില്‍ ലതാ മങ്കേഷ്‌കറുടെയോ ആശാ ഭോസ്ലെയുടെയോ ശബ്ദങ്ങളുടെ നിഴല്‍ പതിഞ്ഞു കിടന്നിരുന്നില്ല. ഒരര്‍ത്ഥത്തില്‍ അത് തന്നെയായിരുന്നു സുലക്ഷണയെ ശ്രദ്ധിക്കാന്‍ പ്രേരകമായതും.

ഗാനചിത്രീകരണത്തിനും ഉണ്ടായിരുന്നു പ്രത്യേകത. കിഷോര്‍ കുമാറും ജ്യേഷ്ഠന്‍ അശോക് കുമാറും തനൂജയുമാണ് ഗാനരംഗത്ത്. പക്ഷെ പാടി അഭിനയിക്കുന്നത് കിഷോര്‍ അല്ല; അശോകും തനൂജയും ചേര്‍ന്നാണ്. പിയാനോ വായിച്ചുകൊണ്ട് ജ്യേഷ്ഠന്‍ തന്റെ ശബ്ദത്തിനൊത്ത് ചുണ്ടനക്കുന്നത് തൊട്ടടുത്ത് അനിയന്‍ കേട്ടിരിക്കുന്നു. ഇന്ത്യന്‍ സിനിമയില്‍ അത്തരമൊരു രംഗം അപൂര്‍വതയാകാം. ഗസലിന്റെ ലാളിത്യവും സൗന്ദര്യവും ഉള്ള വേറെയും ഗാനങ്ങള്‍ പാടിയിട്ടുണ്ട് സുലക്ഷണ. 1981 ല്‍ പുറത്തു വന്ന ആഹിസ്താ ആഹിസ്താ എന്ന ചിത്രത്തിലെ ഭമാനാ തേരി നസര്‍ മേ' എന്ന ഗാനം ഉദാഹരണം. നഖ്ഷ് ലയല്‍പുരി എഴുതി ഖയ്യാം ഈണമിട്ട ആ ഗാനത്തില്‍ സുലക്ഷണയുടെ ശബ്ദത്തിലെ ഭാവസൗന്ദര്യം മുഴുവനുണ്ട്. ഗൃഹപ്രവേശില്‍ ഭുപീന്ദറിന് ഒപ്പം പാടിയ ബോലിയേ സുരീലി (സംഗീതം: കനു റോയ്) ആണ് മറ്റൊരു വേറിട്ട ശ്രവ്യാനുഭവം. നിര്‍ഭാഗ്യവശാല്‍ അത്തരം ഭാവഗീതികള്‍ അപൂര്‍വമായേ പില്‍ക്കാലത്ത് സുലക്ഷണയെ തേടിയെത്തിയുള്ളൂ.

സംഗീതമയമായിരുന്നു സുലക്ഷണയുടെ കുട്ടിക്കാലം. ജനിച്ചത് ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലുള്ള പീലി മന്ദോറി എന്ന കൊച്ചു ഗ്രാമത്തിലാണെങ്കിലും വളര്‍ന്നത് കൊല്‍ക്കത്തയില്‍. അച്ഛന്‍ പ്രതാപ് നാരായണ്‍ പണ്ഡിറ്റും അമ്മാവന്‍ പണ്ഡിറ്റ് ജസ് രാജും പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍. പ്രതാപ് നാരായണിന്റെ ആറു മക്കളില്‍ ആരുമില്ല പാടാത്തവരായി. മൂത്തയാളായ മന്‍ധീര്‍ ആണ് ആദ്യം സിനിമയിലെത്തിയത്. ഇളയ സഹോദരന്‍ ജതിന്‍ പണ്ഡിറ്റിനൊപ്പം 1980 കളില്‍ മന്‍ധീര്‍ - ജതിന്‍ എന്ന പേരിലൊരു സംഗീത സംവിധായക സഖ്യത്തിന് തന്നെ രൂപം നല്കി അദ്ദേഹം. ദില്‍ ഹി ദില്‍ മേ ഉള്‍പ്പെടെ ചില ഹിറ്റ് ചിത്രങ്ങള്‍ക്ക് പാട്ടൊരുക്കിയിട്ടുണ്ട് ഈ സഖ്യം. 1990 കളോടെ മന്‍ധീര്‍ സിനിമയില്‍ നിന്നകന്ന ശേഷം, അനിയന്‍ ലളിത് ആയി ജതിന്‍ പണ്ഡിറ്റിന്റെ കൂട്ടാളി. ജതിന്‍-ലളിത് സഖ്യത്തിന്റെ സുവര്‍ണ്ണ കാലമായിരുന്നു 1990 കള്‍.

കുട്ടിപ്പാട്ടുകാരിയയായി സിനിമയില്‍ വന്നതാണ് സുലക്ഷണ. ആദ്യ ചിത്രം തക്ദീര്‍ (1967). ലതാ മങ്കേഷ്‌കര്‍, ഉഷാ ഖന്ന എന്നിവര്‍ക്കൊപ്പം ലക്ഷ്മികാന്ത് പ്യാരേലാലിന്റെ ഈണത്തില്‍ പാടിയ ഭസാത് സമുന്ദര്‍ പാര്‍ സേ' എന്ന ഗാനത്തിലെ സുലക്ഷണയുടെ ശബ്ദം എളുപ്പം ശ്രദ്ധിക്കപ്പെട്ടു. (പിന്നീട് തക്ദീര്‍ മലയാളത്തില്‍ വിധി എന്ന പേരില്‍ ഭാഷാന്തരം ചെയ്തപ്പോള്‍ ഇതേ ഗാനത്തിന്റെ മലയാളം പതിപ്പ് പാടിയത് ജാനകിയാണ് -- ആയിരം ചിറകുള്ള വഞ്ചിയില്‍.) ശങ്കര്‍ ജയകിഷന്‍, കല്യാണ്‍ജി ആനന്ദ്ജി, ഉഷാ ഖന്ന, മദന്‍ മോഹന്‍, രാജേഷ് രോഷന്‍, കനു റോയ് തുടങ്ങി സംഗീത സംവിധായകരുടെ വൈവിധ്യമാര്‍ന്ന നിരയാണ് പില്‍ക്കാലത്ത് സുലക്ഷണയുടെ നിഷ്‌കളങ്കതയാര്‍ന്ന ശബ്ദം സ്വന്തം ഗാനങ്ങളില്‍ പ്രയോജനപ്പെടുത്തിയത്.

മുഹമ്മദ് റഫി (ഏക് ബാപ് ഛെ ബേട്ടേയിലെ ഘടി മിലന്‍ കി ആയി ആയി, ആംഖേം ദേഖിയിലെ ഓ സോനാരേ തുജേ കൈസേ മിലൂം, സാജന്‍ കി സഹേലിയിലെ ജിസ്‌കെ ലിയേ സബ്‌കോ ചോഡാ), കിഷോര്‍ കുമാര്‍ (ബോംബെ ബൈ നൈറ്റിലെ ധീരേ ധീരേ ധീരേ ഡല്‍ ന ജായേ, ലഹു കേ ദോ രംഗിലെ മസ്തി മേ ജോ നികലി മൂഹ് സേ), ഹേമന്ത് കുമാര്‍ (രാഹ്ഗീറിലെ ഹായ് ഹായ് പഞ്ഛി രേ), ഭുപീന്ദര്‍ (ആംഖേം ദേഖിയിലെ ഹേ ഫാഗുന്‍ ചാഡ് ലേ), ശൈലേന്ദ്ര സിംഗ് (ചല്‍തെ ചല്‍തെയിലെ സപ്‌നോം കാ രാജാ), അമീത് കുമാര്‍ (ടൂട്ടെ ഖിലോനയിലെ ക്യാ ജാനേ യേ ദുനിയാ ക്യാ ജാനേ), ബപ്പി ലാഹിരി ( ചല്‍തെ ചല്‍തെയിലെ ജാനാ കഹാം ഹേ പ്യാര്‍ യഹാം) തുടങ്ങിയവര്‍ക്കെല്ലാം ഒപ്പം യുഗ്മഗാനങ്ങളില്‍ പങ്കാളിയാകാന്‍ ഭാഗ്യമുണ്ടായി സുലക്ഷണക്ക്.

രാജ് കമലിന്റെ ഈണത്തില്‍ സാവന്‍ കോ ആനേ ദോ (1979) എന്ന ചിത്രത്തിന് വേണ്ടി യേശുദാസിന് ഒപ്പം പാടിയ 'കജരേ കി ബാതി' ആയിരുന്നു 1970 കളിലെ സുലക്ഷണയുടെ ശ്രദ്ധേയമായ ഗാനങ്ങളില്‍ ഒന്ന്-- ഫോക് സ്പര്‍ശമുള്ള നൃത്തഗാനം. വേറെയും യുഗ്മഗാനങ്ങള്‍ ഉണ്ട് യേശുദാസ് - സുലക്ഷണ ടീമിന്റെ വകയായി. സുഹാഗ് രാത്തിലെ അപ്നി ബാത്തോം കാ (സംഗീതം: ബപ്പി ലാഹിരി) ഉദാഹരണം. 'മങ്കേഷ്‌കര്‍ സഹോദരിമാരുടെ പ്രഭവ കാലത്ത് സിനിമയില്‍ വന്ന പാട്ടുകാരിയാണ് സുലക്ഷണ. പക്ഷെ രണ്ടു മഹാഗായികമാരെയും അനുകരിക്കാന്‍ ശ്രമിക്കാതെ സ്വന്തമായ ഒരു ശൈലി പിന്തുടര്‍ന്നത് കൊണ്ട് അവര്‍ക്ക് സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റി.

പാടിയ പാട്ടുകളില്‍ എല്ലാമുണ്ട് അവരുടെ ആലാപന മുദ്ര,''-- സംഗീത സംവിധായകന്‍ ഖയ്യാമിന്റെ വാക്കുകള്‍. മികച്ച ഗായികക്കുള്ള 1976 ലെ ഫിലിം ഫെയര്‍ അവാര്‍ഡ് സുലക്ഷണക്ക് നേടിക്കൊടുത്തത് ഖയ്യാമിന്റെ ഭജന്‍ ശൈലിയിലുള്ള മനോഹരമായ ഒരു ഗാനമായിരുന്നു: സങ്കല്‍പ്പ് എന്ന ചിത്രത്തിലെ തൂ ഹി സാഗര്‍ ഹേ തൂ ഹി കിനാരാ. കൈഫി ആസ്മിയുടെ രചനയിലെ വികാരസാഗരം മുഴുവന്‍ സ്വന്തം ആലാപനത്തിലേക്ക് പകര്‍ത്താനായി സുലക്ഷണക്ക് എന്ന് വിശ്വസിക്കുന്നു ഖയ്യാം. ആശാ ഭോസ്ലെയെയും ഉഷാ മങ്കേഷ്‌കരെയും പ്രീതി ഗാംഗുലിയെയും മറികടന്നാണ് ആ വര്‍ഷം സുലക്ഷണ അവാര്‍ഡ് നേടിയത് എന്ന് കൂടി അറിയുക. അഭിനയ രംഗത്തും അതിനകം ശ്രദ്ധേയ സാന്നിധ്യമായിക്കഴിഞ്ഞിരുന്നു സുലക്ഷണ. ഉല്‍ഝന്‍, ഹേരാ ഫേരി, ചെഹരെ പേ ചെഹരാ, ധരം കാന്ത എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങള്‍. സഞ്ജീവ് കുമാര്‍, വിനോദ് ഖന്ന, ജിതേന്ദ്ര, രാജേഷ് ഖന്ന, ശത്രുഘന്‍ സിന്‍ഹ, ശശി കപൂര്‍ തുടങ്ങിയ നായകര്‍.

വിജയങ്ങളില്‍ നിന്ന് വിജയങ്ങളിലെക്കുള്ള ആ കുതിപ്പില്‍ എവിടെ വെച്ചാവണം സുലക്ഷണ പണ്ഡിറ്റിന്റെ ജീവിതം മാറി മറിഞ്ഞിരിക്കുക? സഞ്ജീവ് കുമാര്‍ നായകനായി 1975 ല്‍ പുറത്തിറങ്ങിയ ഉല്‍ഝന്‍ എന്ന സസ്‌പെന്‍സ് ത്രില്ലറില്‍ നിന്ന് തുടങ്ങുന്നു ദുരന്തപര്യവസായിയായ ആ പ്രണയഗാഥ. ഉല്‍ഝനില്‍ അഭിനയിക്കുമ്പോള്‍ സുലക്ഷണക്ക് പ്രായം 20. തന്നെക്കാള്‍ പതിനേഴു വയസ്സ് പ്രായകൂടുതലുള്ള സഞ്ജീവ് കുമാറുമായി സുലക്ഷണ അടുക്കുന്നത് ആ ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇടയിലാണ്; കൃത്യമായി പറഞ്ഞാല്‍ ലതാ മങ്കേഷ്‌കര്‍ ശബ്ദം നല്കിയ സുബഹ് ഔര്‍ ശാം കാം ഹി കാം (സംഗീതം: കല്യാണ്‍ജി ആനന്ദ്ജി) എന്ന ഗാനത്തിന്റെ ചിത്രീകരണ വേളയില്‍.

സഫലമാകാതെ പോയ ആ പ്രണയത്തെ കുറിച്ച് ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറന്നിട്ടുണ്ട് സുലക്ഷണ:'പൊട്ടിപ്പെണ്ണായിരുന്നു അന്ന് ഞാന്‍. സഞ്ജീവ്ജി ആകട്ടെ വികാരജീവിയും. ദുഖവും ക്ഷോഭവും ആഹ്‌ളാദവുമെല്ലാം തീര്‍ത്തും അപ്രതീക്ഷിതമായാണ് വരുക. എനിക്കെന്തോ ആ മനുഷ്യനോട് വല്ലാത്ത ഒരു അടുപ്പം തോന്നി. അക്കാലത്ത് ഹേമാജി (ഹേമ മാലിനി)യുമായി കടുത്ത പ്രണയത്തിലാണ് സഞ്ജീവ്. ഇടയ്‌ക്കൊക്കെ ആ ബന്ധം ഉലയുമ്പോള്‍ എന്റെ അടുത്തേക്ക് കരഞ്ഞുകൊണ്ട് ഓടിയെത്തും അദ്ദേഹം. ഞാനാണ് അദ്ദേഹത്തെ പറഞ്ഞു സമാധാനിപ്പിക്കുക. പിന്നീടൊരു ദിവസം ഞാന്‍ കേട്ടു സഞ്ജീവ്ജിയും ഹേമയും വിവാഹിതരാകാന്‍ പോകയാണെന്ന്. പക്ഷെ അവിടെയും വിധി ഇടപെട്ടു. ഏതോ സിനിമയില്‍ ഒപ്പം അഭിനയിച്ച ജീതേന്ദ്രക്ക് ഹേമാജിയോട് തീവ്ര പ്രണയം. ജീതേന്ദ്ര ചിത്രത്തില്‍ കടന്നുവന്നതോടെ ഹേമയുടെ ജീവിതത്തില്‍ സഞ്ജീവ് കുമാര്‍ ആരുമല്ലാതായി. ആ ഘട്ടത്തിലാണ് സഞ്ജീവ്ജിയും ഞാനും കൂടുതല്‍ അടുത്തത്.. എല്ലാ അര്‍ത്ഥത്തിലും ഒരു എകാകിയായിരുന്നു അദ്ദേഹം. അധികം സുഹൃത്തുക്കളില്ല. സംസാരമില്ല. മദ്യമായിരുന്നു അക്കാലത്തെ ഏറ്റവും അടുത്ത സുഹൃത്ത്..എല്ലാ വേദനകളും എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട് അദ്ദേഹം.''

1970 കളില്‍ മുംബൈ സിനിമാ വാരികളിലെ ചൂടുള്ള വാര്‍ത്താവിഭവമായിരുന്ന ഈ പ്രണയങ്ങള്‍ ഒന്നും സഫലമായില്ല എന്നത് വിധിവൈചിത്ര്യമാകാം. ജീതേന്ദ്ര ഒടുവില്‍ ഭാര്യയായി സ്വീകരിച്ചത് കളിക്കൂട്ടുകാരിയായ ശോഭ സിപ്പിയെ. ഹേമമാലിനി വിവാഹം ചെയ്തത് ധര്‍മേന്ദ്രയെയും. ഹേമയുമായുള്ള പ്രണയത്തകര്‍ച്ച സഞ്ജീവ് കുമാറിന് താങ്ങാന്‍ ആകുമായിരുന്നില്ല. ലഹരിയുടെ അടിമയായി മാറി അദ്ദേഹം. 'അക്കാലത്ത് സഞ്ജീവിനെ ഭ്രാന്തമായി പ്രണയിച്ചിട്ടുണ്ട് ഞാന്‍. എന്നെങ്കിലും ആ പ്രണയം അദ്ദേഹം എനിക്ക് തിരിച്ചുതരുമെന്ന് വെറുതെ മോഹിച്ചുപോയി.'' സുലക്ഷണയുടെ വാക്കുകള്‍.

'പക്ഷെ അതിനകം സ്വയം ജീവിതം ഹോമിക്കാന്‍ തീരുമാനിച്ചിരുന്നു സഞ്ജീവ്. രണ്ടു ഹൃദയാഘാതങ്ങള്‍ക്കും ബൈപാസ് സര്‍ജറിക്കും ശേഷവും അദ്ദേഹം കുടിച്ചുകൊണ്ടേയിരുന്നു. രണ്ടു വര്‍ഷത്തെ ആയുസ്സാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് കല്‍പ്പിച്ചു നല്‍കിയത്. സ്വന്തം ജീവിതം എരിഞൊടുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അറിയാമായിരുന്നു സഞ്ജീവിന്. അതുകൊണ്ടാവാം എന്നില്‍ നിന്ന് പോലും അദ്ദേഹം അകലാന്‍ ശ്രമിച്ചത്. സഞ്ജീവ്ജി അനുവദിച്ചിരുന്നെങ്കില്‍, അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ എനിക്ക് കഴിഞ്ഞേനെ..''

അനശ്വര കഥാപാത്രങ്ങള്‍ ബാക്കിയാക്കി 1985 നവംബര്‍ ആറിന് കഥാവശേഷനാകുമ്പോള്‍ 47 വയസ്സേയുള്ളൂ സഞ്ജീവിന്. (നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ദിവസമാണ് സുലക്ഷണയും മരണത്തിന് കീഴടങ്ങിയത് എന്നത് വിധിയുടെ മറ്റൊരു വിനോദം) ആരാധികയായ സുലക്ഷണയെ ആകെ പിടിച്ചുലച്ചു ആ മരണം. ചുറ്റും ലോകം ഇടിഞ്ഞു വീഴും പോലെ തോന്നി സുലക്ഷണക്ക്. പൊടുന്നനെ ഇരുളിലേക്ക് എടുത്തെറിയപ്പെട്ട പോലെ എന്നാണു അഭിമുഖത്തില്‍ അവര്‍ പറഞ്ഞത്. പതുക്കെ ഏകാകിതയുടെ തുരുത്തിലേക്ക് പിന്‍വാങ്ങി പഴയ ഗ്ലാമര്‍ നായിക.

കടുത്ത വിഷാദരോഗത്തിന്റെ അടിമയായി മാറി അവര്‍. സിനിമയില്‍ അഭിനയിക്കുന്നതും പാടുന്നതും കുറഞ്ഞു. ദീര്‍ഘമായ ചികിത്സക്ക് ശേഷം 1990 കളുടെ അവസാനം, സുലക്ഷണ പഴയ മാനസിക നില വീണ്ടെടുത്തു വെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ആ 'പുനര്‍ജന്മ''കാലവും ഏറെ നീണ്ടുനിന്നില്ല. വീണ്ടും സ്വന്തം മുറിയുടെ ഏകാന്തനിശബ്ദതയിലേക്ക്. ഇടയ്‌ക്കൊരിക്കല്‍ കുളിമുറിയില്‍ കാലിടറി വീണ് എല്ല് പൊട്ടുക കൂടി ചെയ്തതോടെ പതനം പൂര്‍ണ്ണമായി. ഒറ്റയ്ക്ക് ചലിക്കാന്‍ പോലും വയ്യാത്ത അവസ്ഥ. സുലക്ഷണ പണ്ഡിറ്റ് എന്നൊരാള്‍ ജീവിച്ചിരിക്കുന്നു എന്ന് പോലും അറിയാത്തവരായിരുന്നു ഹിന്ദി സിനിമാ ലോകത്ത് ഏറെയും.

അവസാനമായി സുലക്ഷണ ഒരു അഭിമുഖത്തിന് ഇരുന്നു കൊടുത്തത് രണ്ട് പതിറ്റാണ്ടോളം മുന്‍പാണ് -- 2002 ല്‍. അന്ന് പൂര്‍ണ്ണമായും രോഗത്തിന് കീഴടങ്ങിയിരുന്നില്ല അവര്‍. ഫിലിം ഫെയര്‍ ലേഖിക മീര ജോഷി ആ കൂടിക്കാഴ്ച വികാരവായ്‌പോടെ വിവരിച്ചിട്ടുണ്ട് ഇന്ത്യാടൈംസിന്റെ ബ്ലോഗില്‍. വെട്ടിത്തിളങ്ങുന്ന വേഷവിതാനങ്ങളോടെ സ്വര്‍ണാഭരണ വിഭൂഷിതയായി മാത്രം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള സുലക്ഷണയല്ല അന്ന് മീരയുടെ മുന്നിലേക്ക് ഇറങ്ങിവന്നത്. ആ പഴയ സുലക്ഷണയുടെ ദൈന്യതയാര്‍ന്ന ഒരു നിഴല്‍ . ഗ്ലാമറിന്റെ ലാഞ്ഛന പോലുമുണ്ടായിരുന്നില്ല അവരുടെ മുഖത്ത്. ഒരു മുഷിഞ്ഞ നിശാവസ്ത്രത്തില്‍ ശരീരം പൊതിഞ്ഞ്, കഴുത്തില്‍ നിന്ന് ഞാന്നു കിടന്ന ഇഷ്ടദൈവത്തിന്റെ ലോക്കറ്റില്‍ വെറുതെ തിരുപ്പിടിച്ച് നിസ്സംഗമായ മുഖഭാവത്തോടെ സുലക്ഷണ ഇരുന്നു. പേരിനു ഒരു ഫാന്‍ പോലുമില്ല സുലക്ഷണ താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ മുറിയില്‍. പൊട്ടിപ്പൊളിഞ്ഞ ഭിത്തിയില്‍ മുന്‍പൊരു ചുമരലമാര ഉണ്ടായിരുന്നിരിക്കണം. അത് പൊളിച്ചു മാറ്റിയ ഇടം ഇപ്പോഴും ശൂന്യമായി കിടക്കുന്നു. നിലത്ത് അങ്ങിങ്ങായി കീറത്തുണികള്‍. ആകെയുള്ള അലങ്കാരം ഒരു വലിയ കണ്ണാടിയാണ്. അഭിമുഖത്തിന് ഇരിക്കും മുമ്പ് തിടുക്കത്തില്‍ കണ്ണാടി നോക്കി മുഖം മിനുക്കി സുലക്ഷണ.

'ആളുകള്‍ എനിക്ക് ഭ്രാന്താണെന്ന് പറയുന്നു. നുണയാണ്. എനിക്കിപ്പോഴും പാടാന്‍ കഴിയും. പലര്‍ക്കും എന്നോട് അസൂയയാണ്. പക്ഷെ ദൈവം എനിക്കൊപ്പമുണ്ട്...'' -- ആ കൂടിക്കാഴ്ചയില്‍ സുലക്ഷണ പറഞ്ഞു. ഒരു പൊട്ടിക്കരച്ചിലായിരുന്നു പിന്നെ. എന്ത് ചെയ്യണമെന്നറിയാതെ അന്തം വിട്ടു നോക്കിയിരുന്ന ലേഖികയ്ക്ക് തനിക്കേറ്റവും പ്രിയപ്പെട്ട പാട്ടിന്റെ വരികള്‍ ഓര്‍മ്മയില്‍ നിന്ന് പാടിക്കൊടുക്കുന്നു സുലക്ഷണ-- ആ പാട്ടിന്റെ വരികളില്‍ തുടിക്കുന്നത് തന്റെ ജീവിതം തന്നെയാണെന്ന മുഖവുരയോടെ: 'മേ സിന്ദഗി കാ സാഥ് നിഭാത്താ ചലാ ഗയാ, ഹര്‍ ഫിക്ര് കോ ദുവേ മേ ഉഡാത്താ ചലാ ഗയാ, ബര്‍ബാദിയോം കാ സോഗ് മനാനാ ഫിസൂല്‍ ഥാ, ബര്‍ബാദിയോം കാ ജഷ്‌ന മനാത്താ ചലാ ഗയാ, ജോ മില്‍ ഗയാ ഉസീകോ മുഖദ്ദര്‍ സമജ് ലിയാ, ജോ ഖോ ഗയാ മേ ഉസ്‌കോ ഭൂലാ ഥാ ചലാ ഗയാ...''

ജീവിതം വെച്ചുനീട്ടിയ വേദനകള്‍ മുഴുവന്‍ പുകച്ചുരുളുകളായി അന്തരീക്ഷത്തിലേക്ക് പറത്തിവിട്ട് , നഷ്ടങ്ങളെയും തിരച്ചടികളെയും കുറിച്ച് ഒരിക്കലും വേവലാതിപ്പെടാതെ, അവയെ പോലും ആഘോഷമാക്കി മാറ്റിയ ഒരാളുടെ ആത്മഗതം. കൈവന്ന നേട്ടങ്ങള്‍ എല്ലാം വിധി കനിഞ്ഞു നല്‍കിയ സൗഭാഗ്യങ്ങളാണെന്നേ അയാള്‍ കരുതുന്നുള്ളൂ. നഷ്ടങ്ങളെ കുറിച്ച് ഓര്‍ക്കുന്നു പോലുമില്ല. അത്തരം വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ വഴിയില്‍ ഉപേക്ഷിച്ചു മുന്നോട്ടു യാത്ര തുടരുകയാണ് അയാള്‍... 'ഹം ദോനോം' എന്ന ചിത്രത്തിനു വേണ്ടി സാഹിര്‍ ലുധിയാന്‍വി രചിച്ച് ജയദേവിന്റെ ഈണത്തില്‍ മുഹമ്മദ് റഫി പാടിയ ദാര്‍ശനികമാനങ്ങളുള്ള ഗാനം. ജീവിതത്തെ പ്രതീക്ഷയോടെ, പ്രസാദാത്മകമായി മാത്രം നോക്കിക്കാണുന്ന ഒരു മനസ്സുണ്ടായിരുന്നു ആ ഇടറിയ ശബ്ദത്തിന് പിന്നില്‍ എന്ന് തോന്നി മീരയ്ക്ക്.

പക്ഷെ മുന്നിലിരുന്ന വിളറിയ സ്ത്രീരൂപത്തില്‍ നിന്ന് സിനിമയില്‍ കണ്ടു ശീലിച്ച പഴയ സുലക്ഷണയെ വേര്‍തിരിച്ചെടുക്കുക അസാധ്യമായിരുന്നു.

അതായിരുന്നു അവസാന ഇന്റര്‍വ്യൂ. സുലക്ഷണയെ കുറിച്ച് സിനിമാ ലോകം പിന്നീട് കേട്ടതേറെയും അവിശ്വസനീയ കഥകളാണ്. സ്വന്തം ഫ്‌ലാറ്റിന്റെ ഏകാന്തതയില്‍ മാസങ്ങളോളം ജനലും വാതിലുമടച്ച് മിണ്ടാതെയിരിക്കുന്ന സുലക്ഷണ; പിച്ചും പേയും പറയുന്ന സുലക്ഷണ; സന്ദര്‍ശകരെ വിരട്ടിയോടിക്കുന്ന സുലക്ഷണ. സംഗീതത്തോടുള്ള സ്‌നേഹം മാത്രം ദീദി ഉപേക്ഷിച്ചില്ലെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് അനിയത്തി വിജേത. മുറിയില്‍ റേഡിയോ പാടിക്കൊണ്ടിരിക്കുന്നുണ്ടാകും സദാസമയവും. അധികവും പഴയ പാട്ടുകള്‍. ചിലപ്പോള്‍ പാട്ടുകേട്ട് പൊട്ടിച്ചിരിക്കും സുലക്ഷണ; മറ്റു ചിലപ്പോള്‍ നിശബ്ദമായി കരയും. ഉള്ളിലിരുന്ന് ആ പഴയ കാമുകന്‍ പാടുന്നുണ്ടാകണം: 'ബേഖരാര്‍ ദില്‍ തൂ ഗായേജാ, ഖുശിയാം സേ ഭരേ വോ തരാനേ, ജിനേ സുന്‍കേ ദുനിയാ ജൂം ഉഡെ, ഔര്‍ ജൂം ഉഡെ ദില്‍ ദീവാനേ...'' അസ്വസ്ഥമായ ഈ ഹൃദയത്തില്‍ ആഹ്‌ളാദം നിറയ്ക്കാന്‍ വേണ്ടിയെങ്കിലും ഒന്ന് പാടൂ...അതു കേട്ട് എന്റെ മനസ്സ് ഉന്മാദ നൃത്തമാടട്ടെ...'

Summary

Ravi Menon recalls the tragic story of Sulakshana and her eternal love for Sanjeev Kumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com