
ഒരു നടിയെ സംബന്ധിച്ചിടത്തോളം ദീർഘകാലം നായികയായി തുടരുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ ഒരു അവസ്ഥ സിനിമാ ലോകത്ത് നിലനിൽക്കുന്ന സമയത്ത് നായികമാരായി അരങ്ങേറ്റം കുറിച്ചവരാണ് തൃഷയും നയൻതാരയുമൊക്കെ. രണ്ട് പേരും ഇപ്പോഴും തങ്ങളുടെ കരിയർ വിജയകരമായി തന്നെ തുടരുകയാണ്. നയൻതാരയ്ക്ക് ലേഡി സൂപ്പർ സ്റ്റാർ പട്ടം ആരാധകർ ചാർത്തി നൽകിയപ്പോൾ സൗത്ത് ഇന്ത്യൻ ക്വീൻ എന്ന് ആരാധകർ തൃഷയെ സ്നേഹത്തോടെ വിളിച്ചു.
ഇന്നിപ്പോൾ അഭിനയത്തെ തൃഷ തന്റെ നെഞ്ചോട് ചേർത്തിട്ട് 22 വർഷം പൂർത്തിയായിരിക്കുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന കരിയറിൽ ഇതിനോടകം തന്നെ മികച്ച ഒരുപിടി കഥാപാത്രങ്ങളെയും തൃഷ അവതരിപ്പിച്ചു. എന്നു മാത്രമല്ല ഈ കാലമത്രെയും നായികയായി തന്നെ നിലനിൽക്കാനും തൃഷയ്ക്ക് ആയി. 96 എന്ന ചിത്രത്തിലൂടെ തൃഷയുടെ കരിയർഗ്രാഫ് ഒന്ന് കൂടി ഉയർന്നു. പൊന്നിയന്‍ സെല്‍വനിലൂടെ തൃഷയുടെ താരപദവി വീണ്ടും കൂടി.
ശേഷം വിജയ് ചിത്രം ലിയോയിലൂടെ തൃഷയുടെ താരമൂല്യവും കൂടി. ഇപ്പോള്‍ തമിഴിലും മലയാളത്തിലും എല്ലാം തൃഷയുടേതായി വരാനിരിയ്ക്കുന്നതെല്ലാം സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളാണ്. വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ലി, വിശ്വംഭര, തഗ് ലൈഫ്, സൂര്യ 45 അങ്ങനെ പോകുന്നു തൃഷയുടേതായി ഇനി വരാൻ പോകുന്ന ചിത്രങ്ങൾ. തെന്നിന്ത്യയുടെ സൗന്ദര്യ റാണി തന്റെ സിനിമാ യാത്ര വിജയകരമായി തുടരുകയാണ്. തൃഷയുടെ പ്രേക്ഷകരേറ്റെടുത്ത ചില കഥാപാത്രങ്ങളിലൂടെ.
സി പ്രേംകുമാർ സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ചിത്രമാണ് 96. വിജയ് സേതുപതിയും തൃഷയും ഒന്നിച്ചെത്തിയ ചിത്രം സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തു. നഷ്ടപ്രണയത്തെ മനോഹരമായി അവതരിപ്പിച്ച ചിത്രം കൂടിയായിരുന്നു 96. റാം എന്ന കഥാപാത്രമായി വിജയ് സേതുപതിയെത്തിയപ്പോൾ ജാനുവായാണ് തൃഷയെത്തിയത്.
സ്‌കൂള്‍ കാലഘട്ടത്തിലെ സൗഹൃദത്തിലും പ്രണയത്തിലും തുടങ്ങി വളരെ മനോഹരമായി നീങ്ങുന്ന ചിത്രം ഇതേ സുഹൃത്തുക്കളുടെ ഗെറ്റുഗെദറിലാണ് പിന്നീട് എത്തിനില്‍ക്കുന്നത്. ചിത്രത്തിലെ ഗോവിന്ദ് വസന്ത ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷക ഹൃദയം കീഴടക്കി.
ഈ അടുത്തിടെ തൃഷയുടെ ആരാധകരും സിനിമാ പ്രേക്ഷകരും ഒരുപോലെ ആഘോഷമാക്കിയ ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ. കുന്ദവൈ എന്ന തൃഷയുടെ കഥാപാത്രം ലുക്ക് കൊണ്ടും പെർഫോമൻസു കൊണ്ടും പ്രേക്ഷകരുടെ കൈയടി നേടി. 'പുരുഷന്മാരുടെ ലോകത്ത്, ധീരയായ ഒരു സ്ത്രീ' എന്ന ടാഗ്ലൈനോടെയാണ് പൊന്നിയിൻ സെൽവനിലെ തൃഷയുടെ കഥാപാത്രമെത്തിയത്. മണിരത്നം സംവിധാനം ചെയ്ത ചിത്രം രണ്ട് ഭാഗമായാണ് റിലീസ് ചെയ്തത്.
വിജയ് - തൃഷ കോമ്പോ സ്ക്രീനിൽ ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ ലഭിച്ചത് അതിമനോഹരമായ ബിഗ് സ്ക്രീൻ കാഴ്ചകളായിരുന്നു. ഗില്ലി, കുരുവി, തിരുപ്പാച്ചി തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകർ അത്രയേറെ ആവേശത്തോടെ കണ്ട് തീർത്ത ചിത്രങ്ങളായിരുന്നു. നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ എന്ന ചിത്രത്തിലൂടെ തൃഷയും വിജയ്‌യും വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിച്ചു. ഗോട്ട് എന്ന വിജയ് ചിത്രത്തിൽ ഒരു പാട്ട് സീനിൽ ഗസ്റ്റ് അപ്പിയിറൻസിലും തൃഷ എത്തി.
തൃഷ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു മൗനം പേസിയതേ. സൂര്യയായിരുന്നു ചിത്രത്തിൽ നായകനായെത്തിയത്. പിന്നീട് ആറു, ആയുധം എഴുത്ത് എന്നീ ചിത്രങ്ങളിലും സൂര്യ - തൃഷ ജോഡി എത്തി. ഇരുവരുടെയും ഓൺസ്ക്രീൻ കെമിസ്ട്രിയും പ്രേക്ഷകർക്കിടയിൽ ഹിറ്റായി മാറി. ചിത്രത്തിലെ തൃഷയുടെ പെർഫോമൻസും ശ്രദ്ധേയമായി.
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു യെന്നൈ അറിന്താൽ. അജിത്തായിരുന്നു ചിത്രത്തിൽ നായകനായെത്തിയത്. 2015 ലാണ് ചിത്രം പുറത്തിറങ്ങിയത്. മലയാളി താരം അനിഖ സുരേന്ദ്രനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിലും ഗൗതം മേനോനും തൃഷയും ഒന്നിച്ചെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates