

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് മിണ്ടിയും പറഞ്ഞും. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. ഡിസംബർ 25 നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. "മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
സുജേഷ് ഹരി എഴുതി സൂരജ് എസ് കുറുപ്പ് ചിട്ടപ്പെടുതിയ ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമാനാണ്. ഈ പാട്ട് ഇങ്ങനെ തന്നെ വേണമെന്നു ഉണ്ടായിരുന്നു. ഇങ്ങനെ തന്നെ വരണം എന്നുണ്ടായിരുന്നു.- എന്നാണ് സംവിധായകൻ അരുൺ ബോസ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. "മിണ്ടിയും പറഞ്ഞും, കഥ പലയാവർത്തി ഫോണിൽ വിളിച്ചു ചോദിച്ച ശേഷം സുജേഷ് ഹരി എഴുതിയ കവിതയാണ്.
ഈ സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട പാട്ടാണ്. പ്രണയം, അകലം, മഴ... എല്ലാം ചേർന്ന വരികൾ വായിച്ച ശേഷമാണു സൂരജ് ഈണമിട്ടത്. ഈ പാട്ട് ഇങ്ങനെ തന്നെ വേണമെന്നു ഉണ്ടായിരുന്നു. ഇങ്ങനെ തന്നെ വരണം എന്നുണ്ടായിരുന്നു. സനലും ലീനയും... ദൂരെ നിന്നും മിണ്ടിയും പറഞ്ഞും...
പിന്നിട്ട നാളുകൾക്കിടയിൽ, അവരുടെ പ്രണയത്തിന്റെ ഓർമകളുടെ ഈർപ്പം (ആദ്യമായി ഒരു ചെറുകഥയായി എഴുതിയപ്പോൾ പേര് നനവ് എന്നായിരുന്നു), അതിന്റെ ആർദ്രത... കുറിച്ച് തന്ന സുജേഷിനും, ഈണമിട്ട സൂരജിനും, പാടിയ പ്രിയപ്പെട്ട ഷഹബാസ് അമനും നന്ദി..."- എന്നാണ് അരുൺ കുറിച്ചിരിക്കുന്നത്.
‘ലൂക്ക’, ‘മാരിവില്ലിൻ ഗോപുരങ്ങള്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അരുൺ ബോസും മൃദുൽ ജോർജും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മധു അമ്പാട്ട് ആണ് ചിത്രത്തിനു വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത്. കിരൺ ദാസ് ആണ് എഡിറ്റിങ്. ജൂഡ് ആന്തണി ജോസഫ്, ജാഫർ ഇടുക്കി, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ടൊവിനോ തോമസ് ചിത്രം ലൂക്ക ഒരുക്കിയ സംവിധായകനും രചയിതാവും സംഗീത സംവിധായകനും കലാസംവിധായകനും വീണ്ടും ഒരുമിക്കുന്നു എന്ന കൗതുകം ഈ ചിത്രത്തിനുണ്ട്. കലാസംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം ഗായത്രി കിഷോർ. ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ജാഗ്വാർ സ്റ്റുഡിയോസാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates