

പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടി മുന്നേറുകയാണ് സെന്ന ഹെഗ്‌ഡെ ഒരുക്കിയ അവിഹിതം. തിങ്കളാഴ്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ സെന്ന വീണ്ടുമൊരു ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയുമായി എത്തിയിരിക്കുകയാണ്. പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ട് ശക്തമായ രാഷ്ട്രീയം പറയുന്നുവെന്നാണ് അവിഹിതത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍.
അവിഹിതത്തില്‍ കയ്യടി നേടുന്ന താരങ്ങളില്‍ ഒരാളാണ് ഉണ്ണി രാജ്. മറിമായത്തിലൂടെ താരമായി മാറിയ ഉണ്ണി രാജ് സിനിമകളിലും കയ്യടി നേടിയിട്ടുണ്ട്. അവിഹിതത്തില്‍ തന്റെ മുടി മുറിച്ചതിനെക്കുറിച്ചുള്ള ഉണ്ണി രാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുകയാണ്. മുടി മുറിക്കാന്‍ തനിക്ക് ഏറെ വിഷമമുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ എഴുത്തുകാരന്‍ അംബരീഷ് കളത്തേരയ്ക്ക് വേണ്ടിയാണ് താനതിന് തയ്യാറായതെന്നുമാണ് ഉണ്ണി രാജ് പറയുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിലേക്ക്:
25 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തു ഗങഗ തീയേറ്ററിനടുത്തു ഒരു ക്ലബ്ബില്‍ രാത്രിയില്‍ നാടകം പഠിപ്പിക്കാന്‍ പോയി. പിറ്റേദിവസം അതിരാവിലെ എനിക്ക് തൃശൂരില്‍ പോകേണ്ടതിനാല്‍ രാത്രി തന്നെ വീട്ടില്‍ എത്തേണ്ടതുണ്ട്. ആ ദൗത്യം ഏറ്റെടുത്തു നാടകത്തിലെ ഒരുവന്‍ ഒരു പാട്ട സൈക്കിളുമായി വന്നു. ഞാന്‍ അവനോട് ചോദിച്ചു
'വയലിലെ ആറാട്ട് നടക്കുന്ന കണ്ടം കടന്ന് വേണം കൊവ്വലില്‍ എത്താന്‍. ഇപ്പോ രാത്രി പന്ത്രണ്ടരയായി. നിനക്ക് പേടിയുണ്ടോ?'
'ഇല്ല.. ഉണ്ണിയേട്ടന് പേടിയുണ്ടോ?'
'എനിക്ക് ഇണ്ട്.. നീ ഒറ്റക്ക് തിരിച്ചു വരുമോ?'
' വരും'.
അവന്റെ അസാമാന്യ ധൈര്യം എന്റെ പേടി അകറ്റി. നിലാവുള്ള രാത്രിയില്‍ പാടത്തിന്റെ വരമ്പിലൂടെ യാത്ര തുടങ്ങി വ്യക്തമായി കാണാത്തത് കാരണം കുഴിയില്‍ വീഴുമോ എന്നുള്ള പേടിയും ഉണ്ട്.. അനന്തമായി കിടക്കുന്ന പാടത്തിലൂടെ പോകുമ്പോള്‍ അവന്‍ എന്നോട് നാടകത്തെക്കുറിച്ച് ചോദിച്ചു.
'വയറു വിശന്ന് ഭ്രാന്ത് ആയി നില്‍ക്കുമ്പാന്ന് ഓന്റെ ഒരു നാടകം..നേരെ നോക്കി ഓടിക്ക് ഡാ പൊട്ടാ..'.
രണ്ടു മൂന്ന് പ്രാവശ്യം സൈക്കിള്‍ പാടത്ത് നിന്ന് തെന്നി മാറി.. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല..'അമ്മ ചോറില്‍ വെള്ളമൊഴിച്ചിട്ടുണ്ടാകും. എന്ത് ആക്കല്.. അത് കോരി കുടിക്കാം' എന്ന സമാധാനത്തിലാണ് ഞാന്‍ .ആറാട്ട് ഉത്സവം നടക്കുന്ന പാടത്തിന്റെ നടുവിലൂടെ പോകുമ്പോള്‍ ദൈവക്കോലം സഞ്ചരിക്കുന്ന വഴിയിലൂടെ ആണല്ലോ ഇവന്‍ കൊണ്ടുപോകുന്നത് എന്ന് മനസ്സില്‍ ഭയം തോന്നി.. വയലില്‍ ആറാട്ടിന്റെ നാല് കല്‍ത്തൂണുകളും കടന്ന് പോകുമ്പോള്‍ ഒരു വെള്ള തുണി കണ്ടപോലെ എനിക്ക് തോന്നി.
'അത് എന്തെന്നറാ ഒരു വെള്ള തുണി'
ആ ചോദ്യം കേട്ട ഉടനെ സൈക്കിളിന്റെ വേഗത കൂടി... വെപ്രാളമായി... നിയന്ത്രണം വിട്ട സൈക്കിള്‍ ഇരുട്ടില്‍ തട്ടി മറിഞ്ഞു വീണു. ഞാന്‍ പുറകില്‍ ആയത് കാരണം അധികം പരിക്കുകള്‍ ഇല്ല. അവന്റെ കാലിലും കയ്യിലും പരിക്കുകള്‍ പറ്റി. പേടിച്ച് അരണ്ട അന്തരീക്ഷം. ഒടുവില്‍ ആ സത്യം നമ്മള്‍ തിരിച്ചറിഞ്ഞു കല്‍ത്തൂണില്‍ കെട്ടിയിട്ട വെള്ളമുണ്ടുകള്‍ ആയിരുന്നു അത്. രംഗം ശാന്തമായി. ഞാന്‍ ചോദിച്ചു.
'നീ എന്ത് പണി കാണിച്ചത്'
'ഞാന്‍ വിചാരിച്ചു പ്രേതം ആണെന്ന് '
'നീയല്ലേ ബഡായി എളക്കിയത് എന്നെ വീട്ടിലാക്കി ഒറ്റക്ക് തിരിച്ചുവരും ന്ന്'
' ഈ ഭാഗത്ത് പ്രേതം ഉള്ള കാര്യം എനിക്ക് അറിഞ്ഞുകൂടാ ഉണ്ണിയേട്ടാ'
'സൈക്കിളും ബെന്റായി ഇനി നമ്മള്‍ എന്ത് ചെയ്യും?'
'ഉണ്ണിയേട്ടാ ഇനി എനക്ക് കയ്യ എന്നെ നിങ്ങ വീട്ടില്‍ എത്തിക്കണം'
'നിന്റെ വീട് ക്ലബ്ബിന്റെ അടുത്തല്ലേ'
'ങാ.. അതെ'
ഞാന്‍ പെട്ടുപോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ.ഇതുവരെ വന്ന ദൂരം തിരിച്ച് നടക്കണം.നല്ല വിശപ്പ്.വീണതിന്റെ കിതപ്പ്. ഒരു കൈയില്‍ തകരാര്‍ ആയ സൈക്കിള്‍ മറ്റേ കയ്യില്‍ അവനെയും താങ്ങി ഞാന്‍ നടന്നു. ഏത് നേരത്താണ് ആവോ ഇവന്റെ പുറകെ വരാന്‍ തോന്നിയത് എന്ന് ഞാന്‍ സ്വയം ശപിച്ചു. അവനെ ഞാന്‍ വീട്ടില്‍ ആക്കി. സന്തോഷമായി. ഇനി ഞാന്‍ വയലില്‍ ആറാട്ട് മണ്ഡപവും താണ്ടി കൊവ്വലില്‍ എത്തണം. സകല ദൈവങ്ങളെയും പ്രാര്‍ത്ഥിച്ചുകൊണ്ട് ഇരുട്ടിലൂടെ ഞാന്‍ പേടിച്ച് കൊണ്ട് നടന്നു നീങ്ങി.
വര്‍ഷങ്ങള്‍ കഴിഞ്ഞു അവന്‍ അവിടെ നിന്നും വീട് മാറിപ്പോയി. എന്നാലും എപ്പോഴെങ്കിലും ഫോണ്‍ വിളിക്കും. നേരിട്ട് കണ്ടതേ ഇല്ല.ഈ അടുത്ത് സെന്ന ഹെഗ്ഡെ സാറിന്റെ പുതിയ ചിത്രത്തിലേക്ക് എനിക്ക് ഒരു അവസരം കിട്ടി. ഞാന്‍ അവിടെ എത്തിയപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് എന്നോട് പറഞ്ഞു പ്രധാന കഥാപാത്രമാണ് പക്ഷേ ഒരു കാര്യമുണ്ട് ഈ മുടി ഒന്ന് കട്ട് ചെയ്യണം. കഥാപാത്രം പ്രധാനമായതില്‍ സന്തോഷം തന്നെ എന്നാല്‍ മുടി കട്ട് ചെയ്യുന്നതില്‍ സങ്കടവും ഉണ്ട്. എന്റെ സങ്കടം എല്ലാവര്‍ക്കും മനസ്സിലായി. ആ സമയത്താണ് ഞാന്‍ അവനെ കാണുന്നത് പണ്ട് സൈക്കിളില്‍ നിന്നും വീണവന്‍.
എന്റെ അരികില്‍ വന്ന് അവന്‍ പറഞ്ഞു 'ഉണ്ണിയേട്ടാ ഈ സിനിമ എഴുതുന്നത് ഞാന്‍ ആണ്'. എനിക്ക് ആശ്ചര്യവും സന്തോഷവും ഒരുമിച്ചാണ് വന്നത്. ഞാന്‍ അവനോട് പറഞ്ഞു 'നിന്റെ സിനിമയ്ക്ക് വേണ്ടി ഞാന്‍ മുടിയല്ലെടാ തല തന്നെ വെട്ടും' അത് കേട്ട് എല്ലാവരും ചിരിച്ചു. ചിരിച്ചവരോടായി ഞാന്‍ പറഞ്ഞു ഇത് ഒരു സൗഹൃദത്തിന്റെ ഒത്തുചേരല്‍ ആണ്. പ്രഗല്‍ഭ തിരക്കഥകൃത്തും സംവിധായകനുമായ രഞ്ജിത് സാറിന്റെ ശിഷ്യന്‍ അംബരീഷിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്.സെന്ന ഹെഡ്ഡെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അവിഹിതം. ഇതിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് അംബരീഷ് ആണ്.ഇതില്‍ ഞാനും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. എല്ലാവരും കുടുംബസമേതം അവിഹിതം തിയേറ്ററില്‍ പോയി കാണുമല്ലോ. ന്താ...ല്ലേ ! അവിഹിതം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates