Avihitham
Avihithamഫെയ്സ്ബുക്ക്

ഈ ക്ലൈമാക്സിന് എന്തായാലും നമ്മൾ കയ്യടിക്കും; ഒരു ഓപ്പറേഷൻ 'അവിഹിതം' - റിവ്യൂ

'അവിഹിതം പുരുഷന്റെ മാത്രം അവകാശമല്ല' എന്ന ടാ​ഗ്‌ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.
Published on
ഈ ക്ലൈമാക്സിന് എന്തായാലും നമ്മൾ കയ്യടിക്കും(4 / 5)

"ആദ്യം അവർ നമ്മളെ തൂക്കും, പിന്നെ അളക്കും, പിന്നെ വിലയിടും.- അവൾക്ക്" ഈ വാചകത്തോടെയാണ് സെന്ന ഹെ​ഗ്ഡെയുടെ മെയ്ഡ് ഇൻ കാഞ്ഞങ്ങാട് ബ്രാൻഡിൽ വന്ന അവിഹിതം പറയുന്നത്. കഥ നടക്കുന്ന കാഞ്ഞങ്ങാട് ആണെങ്കിലും കേരളത്തിൽ എവിടെ വേണമെങ്കിലും ഈ കഥയെ നമുക്ക് പ്ലെയ്സ് ചെയ്യാം എന്നതാണ് ഈ സിനിമയുടെ ഹൈലൈറ്റ്. 'അവിഹിതം പുരുഷന്റെ മാത്രം അവകാശമല്ല' എന്ന ടാ​ഗ്‌ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.

രാവണേശ്വരം എന്ന ​ഗ്രാമത്തിൽ, സന്ധ്യാ നേരത്ത് വയൽക്കരയിലിരുന്ന് നാട്ടിലുള്ള സ്ത്രീകളുടെ കുറ്റവും കുറവും അവിഹിതവും പൈങ്കിളി കഥകളുമൊക്കെ ചർച്ച ചെയ്യുന്ന ഒരു കൂട്ടം ആണുങ്ങളിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. അന്തിചർച്ച കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന പ്രകാശൻ എന്നയാൾ രാത്രിയിൽ ഒരു വീടിന് പിന്നാമ്പുറത്തു നിന്ന് പരസ്പരം ചുംബിക്കുന്ന ഒരു സ്ത്രീയെയും പുരുഷനെയും കാണുന്നു.

പുരുഷൻ ആരാണെന്നുള്ള കാര്യം ഒറ്റനോട്ടത്തിൽ തന്നെ അയാൾ മനസിലാക്കിയെടുക്കുന്നുണ്ടെങ്കിലും സ്ത്രീയെക്കുറിച്ച് അയാൾക്ക് യാതൊരു ഐഡിയയും കിട്ടുന്നില്ല. ഒരു പണിക്കും പോകാതെ, കള്ളും കുടിച്ച് മറ്റുള്ളവരുടെ കാര്യം അന്വേഷിച്ചു നടക്കുന്ന പ്രകാശൻ ആ സ്ത്രീ ആരായിരിക്കും എന്ന് അന്വേഷിക്കുന്നതും അയാൾക്കൊപ്പം നാട്ടിലെ ചില ആളുകൾ കൂടി കൂടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

നാട്ടിലെ സ്ത്രീകളുടെ ശരീരത്തിന്റെ അളവുകൾ അവരുടെ നിഴൽ നോക്കി കണക്കു കൂട്ടുന്ന തയ്യൽക്കാരൻ വേണു കൂടി പ്രകാശനൊപ്പം ചേരുന്നതോടെ സിനിമ മറ്റൊരു വഴിയിലേക്ക് തിരിയുന്നു. ഈ സിനിമ കാണുന്ന ഏതൊരാൾക്കും സിനിമയിലെ ഏതെങ്കിലുമൊക്കെ കാര്യങ്ങളുമായി സ്വന്തം ജീവിതത്തിൽ റിലേറ്റ് ചെയ്യാൻ പറ്റുമെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. തിങ്കളാഴ്ച നിശ്ചയം എന്ന ജനപ്രിയ ചിത്രത്തിന്റെ സംവിധായകൻ കൂടിയായ സെന്ന ഹെ​ഗ്ഡെയും അംബരീഷ് കളത്തേരയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ശക്തമായ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. നാട്ടിലുള്ള സദാചാര കമ്മിറ്റിക്കാർക്കും യാതൊരു ദുഷിപ്പുമില്ലാത്തെ നല്ലപിള്ള ചമയുന്ന ഭർത്താക്കൻമാർക്കും അവനവന്റെ കാര്യം നോക്കി ജീവിക്കുന്ന പെണ്ണുങ്ങളെ കുറിച്ച് ഇല്ലാക്കഥകൾ മെനഞ്ഞു നടക്കുന്നവർക്കും എന്തിനും ഏതിനും ഇടപെടാൻ നടക്കുന്ന നാട്ടുകാർക്കുമൊക്കെ നേരെ ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയിൽ കൊടുക്കേണ്ടത് കൊടുത്തിട്ടുണ്ട് സംവിധായകൻ.

താൻ അനുഭവിക്കുമ്പോൾ വിഹിതവും മറ്റൊരാൾ ചെയ്യുമ്പോൾ അവിഹിതവുമെന്ന് സൗകര്യപൂർവം പേരു മാറ്റി എഴുതപ്പെടുന്ന വിവാഹേതര ബന്ധത്തെ ഒട്ടും അതിശയോക്തി ഇല്ലാതെ വളരെ റിയലിസ്റ്റിക് ആയി തന്നെയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. വിനീത് ചാക്യാർ, ഉണ്ണി രാജ, വൃന്ദ മേനോൻ, അനീഷ് ചെമ്മരത്തി, രഞ്ജി കങ്കോൽ തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയിരിക്കുന്നത്. വളരെ നാച്ചുറൽ ആയി തന്നെയാണ് ഓരോരുത്തരും അവരവരുടെ ഭാ​ഗങ്ങൾ മികച്ചതാക്കിയിരിക്കുന്നത്. ചിത്രത്തിലെ പട്ടി പോലും നമ്മളെ ചിരിപ്പിക്കുന്നുണ്ട്.

എടുത്തു പറയേണ്ട മറ്റൊന്ന് ശ്രീരാ​ഗ് സജിയുടെ സം​ഗീതവും പശ്ചാത്തല സം​ഗീതവുമാണ്. സിനിമയ്ക്കൊപ്പം ഒരു കഥാപാത്രമായി തന്നെയാണ് ശ്രീരാ​ഗിന്റെ പശ്ചാത്തല സം​ഗീതം മുന്നേറുന്നത്. ചുരുളി, ഇരുൾ തുടങ്ങിയ ചിത്രങ്ങൾക്ക് പശ്ചാത്തലമൊരുക്കിയിട്ടുള്ള ശ്രീരാ​ഗിന്റെ മറ്റൊരു മാസ്മരിക ഐറ്റം തന്നെയാണ് അവിഹിതത്തിൽ നമുക്ക് കാണാൻ കഴിയുക. രമേഷ് മാത്യു, ശ്രീരാജ് രവീന്ദ്രൻ എന്നിവരുടെ ഛായാ​ഗ്രഹണവും അഭിനന്ദനാർഹമാണ്. പ്രത്യേകിച്ച് രാത്രിയിലുള്ള സീനുകളും, കളർ ​ഗ്രേഡിങ്ങുമൊക്കെ നന്നായി തന്നെ സിനിമയിൽ വർക്കായിട്ടുണ്ട്. എഡിറ്റിങ്ങും അതുപോലെ മേക്കപ്പ് ഡിപ്പാർട്ട്മെന്റും കയ്യടി അർഹിക്കുന്നുണ്ട്. ​

ഇനി ക്ലൈമാക്സിലേക്ക് വന്നാൽ, അവിടെയാണ് ശരിക്കും സംവിധായകൻ തന്റെ നിലപാടും കാഴ്ചപ്പാടുമൊക്കെ വ്യക്തമാക്കിയിരിക്കുന്നത്. എന്തുകൊണ്ടാണ് കഥ നടക്കുന്ന ​ഗ്രാമത്തിന് രാവണേശ്വരം എന്ന പേര് നൽകിയിരിക്കുന്നത് എന്ന് പോലും ക്ലൈമാക്സിൽ നമുക്ക് വ്യക്തമാകും. സ്ത്രീയുടെ പാതിവ്രത്യം നോക്കി കൂടെ നിർത്താൻ ശ്രമിക്കുന്ന രാമനേക്കാൾ എന്തുകൊണ്ടും നല്ലത്, പറയുന്ന കാര്യങ്ങൾ കേൾക്കുകയും വിഷമങ്ങൾ മനസിലാക്കുകയും ചെയ്യുന്ന രാവണൻ ആണെന്നും സിനിമ പറഞ്ഞു വയ്ക്കുന്നു.

വലിയ ബഹളങ്ങളോ സംഭവ വികാസങ്ങളോ ഒന്നുമില്ലാത്ത, നമുക്ക് ചുറ്റും നടക്കുന്ന, നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളെ കോർത്തിണക്കിയ അവി​ഹിതം മികച്ചൊരു കാഴ്ചാ അനുഭവമാണ് സമ്മാനിക്കുന്നത്. ചെറിയ ചില കാര്യങ്ങൾ മാറ്റി നിർത്തിയാൽ തീർച്ചയായും സെന്ന ഹെ​ഗ്ഡെയുടെ നല്ലൊരു ഉദ്യമം തന്നെയാണ് അവിഹിതം. സിനിമ കണ്ടിറങ്ങിയാലും ചില കഥാപാത്രങ്ങളൊക്കെ മായാതെ മനസിൽ തങ്ങി നിൽക്കുകയും ചെയ്യും.

Summary

Cinema News: Unniraj, Renji Kankol, Vineeth Chakyar starrer Avihitham movie Review.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com