'ആളുമാറി വെട്ടുകിട്ടിയ കമല്‍, ഫ്രിഡ്ജില്‍ സൂക്ഷിച്ച തലയോട്ടിയുടെ ഭാഗം'; ഉര്‍വശിയുടെ സഹോദരങ്ങളുടെ മരണത്തെപ്പറ്റി ആലപ്പി അഷ്‌റഫ്

'ആര്‍ക്കുമറിയാത്ത നിഗുഢ സത്യങ്ങള്‍. ഈ കുടുംബത്തിന് മാത്രം എന്താണ് ഇങ്ങനൊരു ദുര്‍വിധി?'
Urvashi and siblings
Urvashi and siblings
Updated on
3 min read

മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ അംഗങ്ങളെപ്പോലെ പരിചിതരും പ്രിയപ്പെട്ടവരുമാണ് ഉര്‍വശിയും കല്‍പ്പനയും കലാരഞ്ജിനിയും. സിനിമയിലെ മിന്നും താരങ്ങളായിരിക്കുമ്പോഴും ഇവരുടെ ജീവിതം പ്രശ്‌നങ്ങളുടേയും പ്രതിസന്ധികളുടേയുമാണ്. ചെറുപ്പത്തില്‍ തന്നെ ഇളയ സഹോദരന്‍ ജീവനൊടുക്കി. കരിയറില്‍ തിളങ്ങി നില്‍ക്കെ മരണം കല്‍പ്പനയെ തേടിയെത്തി. ഇപ്പോഴിതാ സഹോദരന്‍ കമല്‍ റോയിയും അന്തരിച്ചു.

കമല്‍ റോയിയുടേയും ഇളയ സഹോദരന്‍ നന്ദുവിന്റേയും വിയോഗത്തെക്കുറിച്ചും താരകുടുംബത്തിന്റെ പുറം ലോകം അറിയാത്ത ജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ആ വാക്കുകളിലേക്ക്:

Urvashi and siblings
'എങ്ങനെയെങ്കിലും ഈ ജെൻ സി പിള്ളേരുടെ ഭാഷ പഠിക്കണം!' 'സർവ്വം മായ' ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം ?

ഉര്‍വ്വശി, കല്‍പ്പന, കലാരഞ്ജിനി സഹോദരിമാരുടെ രണ്ട് സഹോദരന്മാരുടേയും മരണം ഇന്ന് ചര്‍ച്ച ചെയ്യപ്പെടുകയാണ്. വളരെ ചെറു പ്രായത്തില്‍ പതിനേഴാം വയസില്‍ ജീവിതം അവസാനിപ്പിച്ച നന്ദു എന്ന പ്രിന്‍സ് ആ കുടുംബത്തിന് ഏല്‍പ്പിച്ച ആഘാതം ചെറുതൊന്നുമായിരുന്നില്ല. എല്ലാവരും കൊഞ്ചു വളര്‍ത്തിയ, അകാലത്തില്‍ പൊലിഞ്ഞ സുന്ദരക്കുട്ടന്‍. ആ മരണത്തിന്റെ ചുരുള്‍ ഇന്നും അഴിഞ്ഞിട്ടില്ല.

Urvashi and siblings
'സവാദിനെ പോലുള്ളവര്‍ കയറരുത് എന്ന ബോര്‍ഡ് കണ്ടിട്ടില്ല; 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങള്‍ എന്ത് ചെയ്യണം?'; വൈറലായി മസ്താനിയുടെ വാക്കുകള്‍

രണ്ടാമത്തെ സഹോദരന്‍ കമല്‍ റോയ് ഇപ്പോള്‍ മരണമടഞ്ഞു. അദ്ദേഹത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അപകടം സംഭവിച്ചിരുന്നു. ആ നിര്‍ഭാഗ്യ സംഭവത്തില്‍ എനിക്കും വേദനയുണ്ടാക്കുന്നൊരു കാര്യമുണ്ട്. അത് പുറകെ പറയാം.

ചവറ വിപി നായരും, വിജയലക്ഷ്മിയുമൊക്കെ സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എല്ലാവരേയും ആകര്‍ഷിക്കുന്ന വ്യക്തിത്വങ്ങളായിരുന്നു. അഞ്ച് കുട്ടികളുമായി മദ്രാസില്‍ താമസിക്കുന്ന കാലം മുതല്‍ എനിക്ക് ആ കുടുംബവുമായി അടുപ്പമുണ്ട്. ഞാന്‍ ആര്‍കെ ലോഡ്ജില്‍ താമസിക്കുന്ന കാലം. ഒരു ദിവസം രാവിലെ ഒരു വാര്‍ത്ത വരുന്നു. ചവറ വിപി നായര്‍ വിട വാങ്ങി. ഉടന്‍ തന്നെ, ഞാനും നടന്‍ ജോണിയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് വച്ചു പിടിച്ചു.

മരണ വീട്ടിലേക്ക് തിരിയുന്നതിന് മുമ്പ് എതിരെ വന്ന ഒരാള്‍ ഞങ്ങളെ നോക്കി ചിരിച്ചു കൈ കാണിച്ചു. രണ്ട് ദിവസം മുമ്പ് എന്റെ ഷോയില്‍ വച്ച് പരിചയപ്പെട്ട ഉണ്ണിയെന്ന ചെറുപ്പക്കാരനായിരുന്നു അത്. എവിടെ പോകുന്നുവെന്ന് ഉണ്ണി ചോദിച്ചു. കാര്യം പറഞ്ഞു. കേട്ടയുടനെ അയ്യോ എന്റെ നാട്ടുകാരനും അകന്ന ബന്ധുവുമാണ്, ഞാനും വരുന്നുവെന്ന് ഉണ്ണി പറഞ്ഞു. അങ്ങനെ മൂന്നേ പേരും അവിടെയെത്തി.

മാനസികമായി തകര്‍ന്നിരിക്കുന്ന വിജയലക്ഷ്മി ചേച്ചി നാട്ടുകാരനും ബന്ധുവുമായ ഉണ്ണിയെ കണ്ടതും കൂടുതല്‍ വികാരഭരിതയായി. ഞാനും ജോണിയും ഒരു മണിക്കൂര്‍ അവിടെ ചെലവഴിച്ച ശേഷം തിരികെ പോന്നു. ഉണ്ണി അവിടെ തന്നെ നിന്നു. ആ ഉണ്ണിയാണ് പില്‍ക്കാലത്ത് അവരുടെ ഏറ്റവും വലിയ സംരക്ഷകനായി മാറിയത്. ഇത്രയും നല്ല മനസിന്റെ ഉടമയെ കാണാന്‍ സാധിക്കില്ല. ഉണ്ണിയുടെ പിന്നീടുള്ള ജീവിതം സിനിമാക്കഥയെ വെല്ലുന്നതായിരുന്നു. ഉണ്ണിയുടെ ജീവിതം ആ കുടുംബത്തിനായി മാറ്റിവച്ചു. പറക്കമുറ്റാത്ത ആ അഞ്ച് കുട്ടികളേയും ഉന്നതങ്ങളിലെത്തിച്ചത് ഉണ്ണിയാണെന്ന് ആര്‍ക്കുമറിയില്ല.

ഉര്‍വശിയും കല്‍പ്പനയും കലാരഞ്ജിനിയും കരിയറില്‍ ഉയരങ്ങളിലെത്തിയപ്പോഴും അവരുടെ സാമ്പത്തിക കാര്യങ്ങളിലടക്കം അവസാന വാക്ക് ഉണ്ണിയുടേതായിരുന്നു. കുട്ടികള്‍ക്കെല്ലാം പേടിയും ബഹുമാനവും ഇഷ്ടവുമായിരുന്നു ഉണ്ണിയങ്കളിനോട്. തന്റെ ജീവിതം ഉണ്ണി അവര്‍ക്കായി മാറ്റിവച്ചു. ഇടയ്‌ക്കൊക്കെ എന്നേയും ജോണിയേയും കാണാന്‍ ആര്‍കെ ലോഡ്ജിലെത്തും. മാരകമായ അസുഖം ബാധിച്ചാണ് ഉണ്ണി മരിക്കുന്നത്. ഞങ്ങള്‍ മൂന്ന് പേരുടേയും സകല സ്വത്തും വിറ്റിട്ടാണെങ്കിലും ചികിത്സയുടെ ഏതറ്റം വരേയും പോകുമെന്നാണ് കല്‍പ്പന എന്നോട് പറഞ്ഞത്. അതായിരുന്നു ഉണ്ണിയോട് അവര്‍ക്കുണ്ടായിരുന്ന സ്‌നേഹവും കടപ്പാടും.

ഇളയമകന്‍ പ്രിന്‍സിന്റെ മരണത്തിലും ചില ദുസൂചനകളുണ്ടായിരുന്നു. തുളസീദാസ് സംവിധാനം ചെയ്ത ലയനം എന്ന ചിത്രത്തില്‍ സില്‍ക്ക് സ്മിതയുടെ നായകനായിരുന്നു നന്ദു. പ്രണയിത്തിലാകുന്ന ഇരുവരും അവസാനം ഒരുമിച്ച് ജീവനൊടുക്കുന്നതാണ് സിനിമയുടെ കഥ. അതു പോലെ ജീവിതത്തിലും സംഭവിച്ചു. സില്‍ക്ക് സ്മിതയും ജീവനൊടുക്കു. പ്രിന്‍സും ജീവനൊടുക്കി. കൗമാര പ്രായത്തിലെ അപക്വമായ മനസിലുണ്ടാകുന്ന വിഭ്രാന്തിയില്‍ നിന്നുമെടുക്കുന്നതാണ് ജീവിതം അവസാനിപ്പിക്കുകയെന്ന തീരുമാനം. വീട്ടുകാരോട് ഒന്ന് മനസ് തുറന്നിരുന്നുവെങ്കില്‍ നന്ദുവിന്റെ വേര്‍പാട് ഒഴിവാക്കാമായിരുന്നു.

2006 മുതല്‍ ഞാന്‍ ജീവന്‍ ടിവിയില്‍ പ്രോഗ്രാം ചീഫ് ആയി ജോലി ചെയ്തിട്ടുണ്ട്. ഒരു ദിവസം കല്‍പ്പന വിളിച്ച്, ഇക്ക എന്റെ സഹോദരന്‍ കമലിന് ഒരു ജോലി കൊടുക്കാമോ, അവന് ആ ജോലിയോട് താല്പര്യമുണ്ട് എന്ന് പറഞ്ഞു. ശ്രമിക്കാം എന്ന് ഞാന്‍ പറഞ്ഞു. എംഡിയോട് സംസാരിച്ച ശേഷം തിരികെ വിളിക്കാമെന്നും പറഞ്ഞു. ആ സമയം കമലിന്റെ അവസ്ഥ അല്‍പ്പം മോശമായിരുന്നു. ആദ്യ ബന്ധം വേര്‍പെടുത്തിയ ശേഷം സീരിയല്‍ താരമായ രേഖയെ വിവാഹം കഴിച്ച സമയമായിരുന്നു.

രേഖയുമായുള്ള വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തില്ല. രേഖ അന്ന് അത്യാവശ്യം തിരക്കുള്ള നടിയായിരുന്നു. അദ്ദേഹത്തിന് ഒരു ജോലി അത്യാവശ്യമായിരുന്നു. അടുത്ത ദിവസം കല്‍പ്പനയുടെ സഹോദരന്റെ ജോലിക്കാര്യം ഞാന്‍ എംഡിയുമായി സംസാരിച്ചു. അദ്ദേഹം പൂര്‍ണ അനുമതി തന്നു. ഞാന്‍ ഉടനെ തന്നെ കല്‍പ്പനയെ വിളിച്ച് വിവരം പറഞ്ഞു. കമല്‍ എംഡിയെ വന്ന് കാണണമെന്നു പറഞ്ഞു. കമല്‍ എന്നെ വിളിച്ചു. സീരിയല്‍ ഷൂട്ടിന്റെ ഭാഗമായി കൊയിലാണ്ടിയിലാണെന്നും പറഞ്ഞ ദിവസം വന്ന് കണ്ടോളാം എന്നും പറഞ്ഞു.

പിന്നീട് എന്നെ വിളിച്ചു ഞാന്‍ പുറപ്പെട്ടു, രാവിലെ അവിടെയെത്തുമെന്നും പറഞ്ഞു. ആ യാത്രയില്‍ വഴിയരികില്‍ തുറന്നിരുന്നൊരു കടയില്‍ നിര്‍ത്തി ഒരു പാക്കറ്റ് വില്‍സും ബോബനും മോളിയും മാസികയും വാങ്ങി. തിരിച്ചു നടക്കുമ്പോല്‍ പുറകില്‍ നിന്നും വടിവാളിന് ആരോ വെട്ടി. ഇരുമ്പ് വടികൊണ്ട് അടിയും കിട്ടി. എന്താണ് സംഭവിച്ചതെന്ന് അറിയാതെ രക്തത്തില്‍ കുളിച്ച് ബോധരഹിതനായി നിലത്തു വീണു. ആരാണെന്ന് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല. പൊലീസെത്തിയപ്പോള്‍ കമലിന്റെ ഫോണ്‍ ബെല്ലടിക്കുന്നു. ഫോണ്‍ എടുത്തപ്പോള്‍ മറുവശത്ത് മനോജ് കെ ജയനായിരുന്നു. മനോജിനോട് പൊലീസ് കാര്യം പറഞ്ഞു.

ഉടനെ അമൃത ആശുപത്രിയിലെത്തിക്കാന്‍ മനോജ് ആവശ്യപ്പെട്ടു. ആ സമയം ഉര്‍വ്വശി എറണാകുളത്തുണ്ടായിരുന്നു. ജീവിതത്തില്‍ ആര്‍ക്കും ഒരുപദ്രവും ചെയ്യാത്ത അയ്യോപാവിയ്ക്കാണിത് സംഭവിച്ചത്. സിഗരറ്റ് വാങ്ങിയ കടയുടെ പരിസരത്ത് രാഷ്ട്രീയ സംഘര്‍ഷം നടക്കുന്ന സമയമാണ്. കമലിന്റെ ഏകദേശ രൂപമുള്ളൊരാള്‍ അതില്‍ പങ്കാളിയായിരുന്നു. പ്രതീക്ഷ ആളാണെന്ന് കരുതി അവര്‍ പണി നടത്തി. ആറ് മാസം കോമയിലായിരുന്നു. ആശുപത്രിയില്‍ നിന്നും തൃപ്പൂണിത്തറയിലുള്ള വീട്ടിലേക്ക് കൊണ്ടു വന്നപ്പോഴാണ് ഞാന്‍ കാണാന്‍ ചെന്നത്.

കുറച്ച് നേരം എന്റെ മുഖത്ത് തന്നെ സൂക്ഷിച്ചു നോക്കി. കമലിന്റെ ദയനീയമായ മുഖം ഇന്നും എന്റെ മനസിലുണ്ട്. അന്ന് ഒരു കാര്യം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. കമലിന്റെ തലയോട്ടിയുടെ ഒരു ഭാഗം ഊരിയെടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്നു. തലയുടെ ആ ഭാഗം എന്തൊക്കയോ വച്ച് മൂടിയിരിക്കുന്നു. കുറച്ചുനാള്‍ കഴിഞ്ഞേ ആ ഭാഗം തിരികെ വെക്കുള്ളൂ. അങ്ങനൊരു സംഭവം ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്, കാണുകയാണ്. എനിക്ക് ആശ്ചര്യവും സങ്കടവും തോന്നി. അന്ന് ഞാനവിടെ ചെല്ലുമ്പോള്‍ രേഖയും അവിടെയുണ്ടായിരുന്നു. കുറച്ച്‌നാള്‍ കഴിയുമ്പോള്‍ അവര്‍ ആ ബന്ധം വേര്‍പെടുത്തി.

മരണമറിഞ്ഞ് ഞാന്‍ കലാരഞ്ജിനിയെ വിളിച്ചിരുന്നു. അവര്‍ സങ്കടത്തോടെ പറഞ്ഞത്, അവന്‍ പോയി ഇക്ക. ഇക്കായെ കാണാന്‍ വരുമ്പോഴല്ലേ ആക്രമണം ഉണ്ടത് എന്നാണ്. മരണത്തിന്റെ കാരണം ഹൃദയസ്തംഭനമാണ്. ബഹ്‌റൈനില്‍ നിന്നും മകന്‍ വന്നാലേ അടക്കുണ്ടാകൂ. ഏറ്റവും വലിയ സങ്കടം അമ്മ ജീവിച്ചിരിക്കെ കല്‍പ്പന ഉള്‍പ്പടെ മൂന്ന് മക്കളുടേയും മരണം അവര്‍ക്ക് കാണേണ്ടി വന്നുവെന്നതാണ്. എല്ലാം പെട്ടെന്നുള്ള വേര്‍പാടുകള്‍. ഒരു യാത്ര ചോദിക്കലിന് പോലും കാത്തു നിന്നില്ല.

Summary

Alleppey Ashraf talks about life and death of Urvashi's brothers. Kamal Roy was attacked by mistake and went to coma once.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com