
സംഗീത ലോകത്ത് പകരം വയ്ക്കാനില്ലാത്ത അതുല്യ പ്രതിഭയാണ് വി ദക്ഷിണാമൂർത്തി. എത്ര കേട്ടാലും മതിവരാത്ത ഒരു പിടി നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ദക്ഷിണാമൂർത്തി സ്വാമി വിടവാങ്ങിയിട്ട് 12 വർഷം തികയുകയാണ്. ഹൃദയ സരസിലെ പ്രണയ പുഷ്പമേ, കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും, വാതിൽ പഴുതിലൂടെ… തുടങ്ങി മലയാളി ഇന്നും പാടുന്ന ഒട്ടുമിക്ക നിത്യ ഹരിത ഗാനങ്ങളും സ്വാമിയുടെ സംഭാവനകാളാണ്.
1919 ഡിസംബർ ഒൻപതിന് വെങ്കടേശ്വര അയ്യരുടേയും പാർവ്വതി അമ്മാളുടേയും മകനായാണ് ദക്ഷിണാമൂർത്തി ജനിച്ചത്. ചെറുപ്പം മുതൽക്കേ സംഗീതത്തിൽ താല്പര്യം പ്രകടിപ്പിച്ച അദ്ദേഹത്തിന്റെ ആദ്യ ഗുരു അമ്മ തന്നെയാണ്. കുഞ്ചാക്കോ നിർമ്മിച്ച നല്ല തങ്ക എന്ന ചിത്രത്തിനു വേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ചാണ് അദ്ദേഹം മലയാള സിനിമയിലേക്ക് കടന്നു വന്നത്.
2013 ഓഗസ്റ്റ് 2 നായിരുന്നു അദ്ദേഹം വിടവാങ്ങിയത്. മരണത്തിന് ഏതാനും മാസങ്ങൾക്ക് മുൻപ് ചെയ്ത ശ്യാമരാഗം ആണ് അദ്ദേഹം അവസാനമായി സംഗീതസംവിധാനം ചെയ്ത ചിത്രം. ദക്ഷിണാമൂര്‍ത്തി സ്വാമിക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന രാഗമായിരുന്നു ഖരഹരപ്രിയ. ഈ രാഗത്തില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ സൃഷ്ടിച്ചത് ദക്ഷിണാമൂര്‍ത്തി സ്വാമിയാണ്.
അതുകൊണ്ട് തന്നെ സംഗീതലോകത്ത് ഖരഹരപ്രിയന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നതും. 14 സിനിമാ ഗാനങ്ങളാണ് ദക്ഷിണാമൂര്‍ത്തി ഖരഹരപ്രിയയില്‍ ചിട്ടപ്പെടുത്തിയത്. ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയ ദക്ഷിണാമൂർത്തിയുടെ ചില പാട്ടുകളിലൂടെ.
"ചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു"
1972 ൽ ജെ ശശികുമാർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ബ്രഹ്മചാരി. പ്രേംനസീർ, ശാരദ, അടൂർ ഭാസി തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ അഭിനയിച്ചത്. വയലാറിന്റെ ഭാവനാസുന്ദരമായ വരികൾ ആലപിച്ചത് യേശുദാസ് ആണ്. ഇന്നും എവർഗ്രീൻ പാട്ടുകളിലൊന്നാണ് ഇത്.
"ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു"
ശ്രീകുമാരൻ തമ്പിയുടെ എക്കാലത്തെയും മനോഹരമായ ഗാനങ്ങളിലൊന്നാണിത്. ഇതൊരു സിഐഡി സിനിമയിലെ പാട്ടാണെന്ന് കേൾക്കുമ്പോഴാണ് പലരും അമ്പരക്കുന്നത്. എ ബി രാജ് സംവിധാനം ചെയ്ത് 1969 ൽ പുറത്തിറങ്ങിയ ഡെയ്ഞ്ചർ ബിസ്കറ്റിലെ ഗാനമാണിത്. പ്രേം നസീർ, സാധന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിലെ നായികയായ സാധനയുടെ പില്ക്കാലത്തെ ദുരിതപൂർണമായ ജീവിതവും മലയാളികൾക്കിടയിൽ ചർച്ചയായി മാറിയിരുന്നു.
"സന്ധ്യയ്ക്കെന്തിന് സിന്ദൂരം
ചന്ദ്രികയ്ക്കെന്തിന് വൈഢൂര്യം"
രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1972 ൽ പുറത്തുവന്ന ചിത്രമാണ് മായ. പ്രേം നസീർ, ശാരദ, സുജാത, വിജയശ്രീ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ശ്രീകുമാരൻ തമ്പിയുടെ മനോഹരമായ വരികൾ ആലപിച്ചത് പി ജയചന്ദ്രൻ ആയിരുന്നു. ബാലു മഹേന്ദ്രയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത്.
"പുലയനാർ മണിയമ്മ പൂമുല്ല കാവിലമ്മ
കലമാന്റെ മിഴിയുള്ള കളിതത്തമ്മ"
ഖരഹരപ്രിയയിൽ ദക്ഷിണാമൂർത്തി സ്വാമി ചിട്ടപ്പെടുത്തിയ മനോഹരമായ മറ്റൊരു ഗാനമാണ് പുലയനാർ മണിയമ്മ... പി ഭാസ്കരന്റേതായിരുന്നു വരികൾ. എ ബി രാജ് സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ പ്രസാദം എന്ന ചിത്രത്തിലെ ഗാനമാണിത്. പ്രേം നസീർ, ജയഭാരതി, കെപിഎസ്‌സി ലളിത, അടൂർ ഭാസി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
"മനോഹരി നിന്‍ മനോരഥത്തില്‍
മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍"
1970 ൽ എ ബി രാജ് സംവിധാനം ചെയ്ത് പുറത്തുവന്ന ചിത്രമാണ് ലോട്ടറി ടിക്കറ്റ്. പ്രേം നസീർ, ഷീല, അടൂർ ഭാസി, ജോസ് പ്രകാശ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിലെ മനോഹരി നിൻ മനോരഥത്തിൽ... എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികൾ ആലപിച്ചത് യേശുദാസ് ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates