'ഞാൻ കാരണം തലയുയർത്തി നടക്കാൻ പറ്റില്ലായിരുന്നു അച്ഛന്; ആ വിഡിയോ റീക്രിയേറ്റ് ചെയ്യുമ്പോൾ ഇത്രയും സ്വീകാര്യത കിട്ടുമെന്ന് കരുതിയില്ല'

റീൽ പോലെ ആളുകൾക്ക് ഫീൽ ചെയ്യരുതെന്ന് മാത്രമായിരുന്നു അവരോട് പറഞ്ഞത്.
Savin Sa
Savin Sa സമകാലിക മലയാളം
Updated on

"തമ്മിൽ പിണങ്ങി പോകല്ലേ

കാണാതെ മായല്ലേ കണ്ണേ

നമ്മൾക്ക് നാം തന്നെയല്ലേ

കൂടെ പിറന്നവരല്ലേ..."

സോഷ്യൽ മീഡിയ ഭരിച്ചിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർ 'വാഴ 2' വിലൂടെ മോളിവുഡിന്റെ തലവര തന്നെ മാറ്റി മറിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചൂടിനിടയിലും നവാ​ഗതനായ സവിൻ സാ സംവിധാനം ചെയ്ത 'വാഴ 2 ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്' മലയാളികൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്ന ഇംപാക്ട് അത്ര വലുതാണ്.

ബില്യൺ ബ്രോസിന്റെ മാത്രമല്ല കോടിക്കണക്കിന് അച്ഛൻമാരുടെയും കൂടി കഥയാണ് 'വാഴ 2'. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബിലും ഇടംപിടിച്ചത്. ആദ്യ സിനിമ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് സംവിധായകൻ സവിൻ സാ ഇപ്പോൾ. ചിത്രത്തിന്റെ വിശേഷങ്ങൾ സവിൻ സമകാലിക മലയാളത്തോട് പങ്കുവയ്ക്കുന്നു.

Q

ആദ്യ സിനിമ തന്നെ ഒരു കൂട്ടം നവാ​ഗതരെ വച്ച് ചെയ്യുന്നു, ദിവസങ്ങൾക്കുള്ളിൽ സിനിമ 50 കോടി കടക്കുന്നു. കണ്ടവർ അതിലെ ഓരോ കാര്യങ്ങളും ചർച്ചയാക്കുന്നു. സർവ്വം 'വാഴ'മയം ആണിപ്പോൾ. ഇത്രയും വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നോ ?

A

പടം വർക്ക് ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ഇത്രയും വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതിനായി എല്ലാവരും ആത്മാർഥമായി കൂടെ നിന്നു. അതിന്റെ ഫലമാണ് ഇങ്ങനെയൊരു സിനിമ. അതുകൊണ്ട് തന്നെ ഈ വിജയം വലിയ സന്തോഷമാണ്. വളരെ സന്തോഷം തോന്നുന്നുണ്ട്. അത്രയേ ഉള്ളൂ.

Vaazha 2
Vaazha 2ഇൻസ്റ്റ​ഗ്രാം
Q

'വാഴ 2' വിന്റെ നട്ടെല്ല് തന്നെ തിരക്കഥയാണ്. തിരക്കഥാകൃത്ത് വിപിൻ ദാസിനൊപ്പമുള്ള അനുഭവവും സൗഹൃദവും ?

A

എന്റെ നാട് തിരുവല്ലയാണ്. ഒരുപാട് സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സംവിധായകൻ കൂടിയായ സാം ചേട്ടൻ എന്റെ അയൽവാസിയാണ്. അദ്ദേഹത്തിനൊപ്പമായിരുന്നു ഞാൻ കൂടുതലും ചെലവഴിച്ചിട്ടുള്ളത്. ചെറുപ്പം മുതലേ എനിക്ക് സിനിമയോട് ഒരു ഇഷ്ടമൊക്കെ ഉണ്ടായിരുന്നു. പക്ഷേ സിനിമയിലേക്ക് വരും എന്നൊന്നും അറിയില്ലായിരുന്നു.

ഇഷ്ടം ഉണ്ടായിരുന്നുവെന്നേ ഉള്ളൂ. സാം ചേട്ടനായിരുന്നു എന്നെ ഫിലിം ഫെസ്റ്റിവലുകൾക്ക് കൊണ്ടുപോകുന്നതും സിനിമകൾ റെഫർ ചെയ്ത് തരുന്നതും പുസ്തകങ്ങൾ തരുന്നതുമൊക്കെ. സിനിമയോട് കുറച്ചു കൂടി സീരിയസ് ആയി ഇഷ്ടം തോന്നി തുടങ്ങുന്നത് അങ്ങനെയാണ്. പിന്നെ സീരിയൽ, ഷോർ‌ട്ട് ഫിലിം, ആൽബം ഒക്കെയായി കുറേ കറങ്ങി നടന്നിട്ടുണ്ട്.

രാജേഷ് എടവൂർ, അനീഷ് സുകുമാർ തുടങ്ങിയ അസോസിയേറ്റ് ഡയറക്ടർമാരുടെ കൂടെയാണ് ഞാൻ ആദ്യം വർക്ക് ചെയ്ത് കൊണ്ടിരുന്നത്. ഇവരിലൂടെയാണ് വിപിൻ ചേട്ടനിലേക്ക് എത്തുന്നത്. 'ജയ ജയ ജയ ജയ ഹേ' മുതൽ ഞാൻ വിപിൻ ചേട്ടന്റെ കൂടെയുണ്ടായിരുന്നു. ഇപ്പോൾ വാഴ 2 വരെ എത്തി നിൽക്കുന്നു. അദ്ദേഹം എനിക്കൊരു ഗുരുനാഥനെ പോലെയാണ്.

ഗ്രൂപ്പായി ചേർന്നുള്ള ചർച്ചകളൊക്കെ തന്നെയായിരുന്നു ആദ്യം. വിപിൻ ചേട്ടന് ഒരു റൈറ്റിങ് ടീം തന്നെയുണ്ട്. ഈ സിനിമ എങ്ങനെ വേണമെന്നുള്ള ഐഡിയ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അങ്ങനെ പല ചർച്ചകളിലൂടെയാണ് ഈ സിനിമ സംഭവിക്കുന്നത്. നല്ല ടീമായിരുന്നു. തുടക്കം മുതൽ തന്നെ എനിക്ക് അവരോടൊപ്പം വർക്ക് ചെയ്യാൻ പറ്റിയത് ഒരു നല്ല കാര്യമായി കാണുന്നു.

Vaazha 2
Vaazha 2ഇൻസ്റ്റ​ഗ്രാം
Q

സോഷ്യൽ മീഡിയ താരങ്ങളെ വച്ച് സിനിമ ചെയ്യുന്നു. അവർക്ക് എന്തെങ്കിലും നിർദേശങ്ങൾ നൽകിയിരുന്നോ ?

A

ശരിക്കും ഇവരിൽ പലരും 'വാഴ' ആദ്യഭാ​ഗത്തിൽ ഉണ്ടായിരുന്നു. 'വാഴ 1'ലെ അവരുടെ ഇംപാക്ട് കൊണ്ടാണ് 'വാഴ 2' ഉണ്ടായത്. അതുകൊണ്ടാണ് ഞാനൊരു സംവിധായകനും ആയത്. ഷൂട്ട് തുടങ്ങുന്നതിന് കുറച്ചു ദിവസം മുൻപായിരുന്നു ദേവരാജിനെ നമ്മൾ പിക്ക് ചെയ്തത്. ദേവരാജിന്റെ സ്ഥാനത്ത് ആദ്യം പരി​ഗണിച്ചത് ഗണപതിയെ ആയിരുന്നു. അദ്ദേഹത്തിന്റെ ഡേറ്റ് ഇഷ്യൂ കാരണമാണ് മറ്റൊരു ഓപ്ഷനിലേക്ക് പോയത്. കുറച്ച് ലോങ് ഷെഡ്യൂൾ ആയിരുന്നു.

ഏകദേശം 115 ദിവസത്തോളം ഷൂട്ട് ഉണ്ടായിരുന്നു. മഴ കാരണം മൂന്ന് ഷെഡ്യൂൾ ആയിട്ടായിരുന്നു ചിത്രീകരണമൊക്കെ. പിന്നെ പ്രത്യേകിച്ച് നിർദേശങ്ങളൊന്നും അഭിനേതാക്കളോട് പറഞ്ഞിരുന്നില്ല. കാരണം അവർ നല്ല കഴിവുള്ളവരാണെന്ന് അറിയാമായിരുന്നു. അവരുടെ റീലുകളൊക്കെ ഞാൻ കണ്ടിട്ടുണ്ട്. മാത്രമല്ല, ഞാൻ അത്യാവശ്യം അവരെ ഫോളോ ചെയ്യുന്ന ആളു കൂടിയാണ്.

പിന്നെ റീൽ പോലെ ആകരുത് സിനിമയിൽ എന്നൊരു ആഗ്രഹമുണ്ടായിരുന്നു. റീൽ പോലെ ആളുകൾക്ക് ഫീൽ ചെയ്യരുതെന്ന് മാത്രമായിരുന്നു അവരോട് പറഞ്ഞത്. അതുകൊണ്ട് അവരും നന്നായി തയ്യാറെടുത്തിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് മുൻപ് ആർട്ടിസ്റ്റുകൾക്ക് വർക്ക്ഷോപ്പ് പരിപാടികളൊക്കെ ഉണ്ടായിരുന്നു.

നല്ല ടാലന്റുള്ള ആളുകളാണ് അവർ. പിന്നെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ ഒരു കൊടുക്കൽ വാങ്ങൽ പരിപാടി തന്നെയായിരുന്നു. കൂടെ വർക്ക് ചെയ്യുന്നവർ തമ്മിൽ അങ്ങനെയൊരു കണക്ഷൻ ഉണ്ടായിരുന്നു. എല്ലാവരും തമ്മിൽ നല്ല സൗഹൃദമുണ്ടായിരുന്നു. ആ കണക്ഷൻ തന്നെയായിരിക്കാം ഈ സിനിമ സംഭവിക്കാൻ കാരണമായത്.

Q

115 ​ദിവസം ഷൂട്ട് ഉണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ. സെറ്റിലെ അനുഭവം ?

A

ഓരോ ദിവസവും മറക്കാനാകാത്തതാണ്. വളരെ സീരിയസ് ആയി തന്നെയാണ് എല്ലാവരും നിന്നത്. പിന്നെ ഓരോരുത്തർക്കും ഓരോ മൂഡ് ആയിരിക്കുമല്ലോ. ചിലർ ഭയങ്കരമായി ശ്വാസം പിടിച്ചു നിൽക്കും, ചിലർ കൂൾ ആയിരിക്കും. ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെ നിന്ന് എനിക്ക് ചെയ്യാൻ പറ്റി എന്നതാണ്. അല്ലെങ്കിൽ എനിക്ക് ഒരിക്കലും ഈ സിനിമ ചെയ്യാൻ പറ്റില്ല.

Vaazha 2
Vaazha 2ഇൻസ്റ്റ​ഗ്രാം
Q

ബില്യൺ ബ്രോസിന്റെ മാത്രമല്ല അച്ഛൻമാരുടെ കൂടി കഥയാണ് 'വാഴ 2'. താങ്കൾക്ക് അച്ഛനുമായുള്ള കണക്ഷൻ എങ്ങനെയാണ് ?. ബിജുക്കുട്ടൻ, സുധീഷ് തുടങ്ങിയവരുടെ കാസ്റ്റിങ്ങിലേക്ക് ?

A

എനിക്ക് അച്ഛനുമായി അത്ര വലിയ കണക്ഷൻ ഒന്നുമില്ലായിരുന്നു. അച്ഛന്റെ ഏറ്റവും മോശപ്പെട്ട പുത്രനായിരുന്നു ഞാൻ. ഞാൻ കാരണം തലയുയർത്തി നടക്കാൻ പറ്റില്ലായിരുന്നു അച്ഛന്. മരിക്കുന്നതിന് രണ്ടോ മൂന്നോ മാസങ്ങൾക്ക് മുൻപായിരുന്നു അച്ഛനും ഞാനും തമ്മിൽ ഇമോഷണൽ കണക്ഷൻ പോലും ഉണ്ടാകുന്നത്.

എഴുത്തിന്റെ സമയത്ത് അച്ഛൻമാരുടെ കാസ്റ്റിങ്ങിനായി പല ആളുകളിലേക്ക് നമ്മൾ പോയിരുന്നു. അവസാനമാണ് ഇപ്പോഴുള്ളവരിലേക്ക് ഒക്കെ എത്തുന്നത്. ബിജുക്കുട്ടൻ ചേട്ടനെ വിപിൻ ചേട്ട (വിപിൻ ദാസ്)നാണ് നിർദേശിക്കുന്നത്. ബിജുക്കുട്ടൻ ചേട്ടനാണെങ്കിലും സുധീഷ് ചേട്ടനാണെങ്കിലും വളരെ സീരിയസ് ആയി സിനിമ അറിയുന്ന ആളുകളാണ്.

പുതിയ ആളാണെന്ന രീതിയിൽ അവർ ഒരിക്കലും എന്നെ കണ്ടിട്ടില്ല. അവരുടെ ഏറ്റവും ബെസ്റ്റ് ഈ സിനിമയ്ക്കായി അവർ തന്നിട്ടുമുണ്ട്. റിലീസ് കഴിഞ്ഞ് എല്ലാവരും വിളിച്ചിരുന്നു. വളരെയധികം സന്തോഷത്തിലാണ് എല്ലാവരും.

Vaazha 2
Vaazha 2ഇൻസ്റ്റ​ഗ്രാം
Q

നമുക്ക് ദേഷ്യം തോന്നുന്ന ഒരു കഥാപാത്രമാണ് വിജയ് ബാബുവിന്റെ മുജീബ് സാർ. മാതാ പിതാ ​ഗുരു ദൈവം എന്നാണല്ലോ നമ്മളെ പഠിപ്പിച്ചിരിക്കുന്നത്. ഒരു മോശം അധ്യാപകനെ തുറന്നുകാട്ടാൻ ശ്രമിച്ചതിന് പിന്നിൽ ?

A

മുജീബായി ആദ്യം മനസിലുണ്ടായിരുന്നത് വിജയ് ബാബു തന്നെയായിരുന്നു. കാണുമ്പോൾ നമുക്ക് ഒന്ന് തല്ലാൻ തോന്നുന്ന തരത്തിലുള്ള കഥാപാത്രമാകണമെന്ന് വിചാരിച്ചിരുന്നു. ആർക്കായാലും ദേഷ്യം തോന്നുന്ന തരത്തിലായിരിക്കണം അദ്ദേഹത്തിന്റെ പെർഫോമൻസ് എന്ന് നമ്മൾ പറഞ്ഞിരുന്നു.

വിജയ് ബാബു നല്ലൊരു നടനാണ്. വളരെ അനായാസമായി തന്നെ ആ ഒരു കഥാപാത്രത്തിലേക്ക് അദ്ദേഹം എത്തിയിട്ടുണ്ടായിരുന്നു. പിന്നെ ഇതുപോലെയൊരു സാർ എല്ലാ സ്കൂളിലും ഉണ്ടാകുമല്ലോ.

Q

ഈ സിനിമയിൽ ഒരു തിയറ്റർ സീനുണ്ട്. തലകുത്തി കിടന്നാണ് ആളുകൾ ആ സീനിൽ ചിരിച്ച് മറിഞ്ഞത്. റീടേക്കുകൾ ഉണ്ടായിരുന്നോ ആ രം​ഗത്തിന് ?

A

സിനിമയാകുമ്പോൾ റീടേക്കുകൾ സ്വാഭാവികമാണ്. അതൊരു ചലഞ്ചിങ് സീൻ ആയിരുന്നു. കാരണം അത് വർക്കായെങ്കിൽ മാത്രമേ സിനിമ മുന്നോട്ട് പോകുകയുള്ളൂ. ആ സീൻ ഷൂട്ട് ചെയ്ത സമയത്ത് എനിക്ക് അങ്ങനെ ചിരിയൊന്നും വന്നിരുന്നില്ല. അത് വർക്ക് ആകണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. ഒരുപാട് റിഹേഴ്സൽ നടത്താനുള്ള സമയമൊന്നും ആ സീനിന് ഇല്ലായിരുന്നു.

കാമറ ഓൺ ആക്കുമ്പോൾ ചെറുതായൊന്ന് റിഹേഴ്സൽ എടുക്കും പിന്നെ ടേക്കിലേക്ക് പോകും. അമീൻ നല്ലൊരു അഭിനേതാവാണ്. അവന്റെ കൂടെയുള്ള ഷബാസും ഒക്കെ. എല്ലാവരും അടിപൊളിയാണ്. സാബിറൊക്കെ ഭയങ്കര സൂപ്പർ ആയിട്ടുള്ള പയ്യനാണ്. ഇതിൽ സാബിറിന് വലിയ റോൾ ഇല്ല. അവൻ നല്ല കഴിവുള്ള ഒരു പയ്യനായി തോന്നിയിട്ടുണ്ട്. ഭയങ്കര നിഷ്കളങ്കമായിട്ടുള്ള ഒരു മുഖമാണ് അവന്റേത്. തിയറ്റർ സീനിന് ഇത്രയും സ്വീകാര്യത ലഭിച്ചതിൽ സന്തോഷമുണ്ട്.

Q

ചില കുട്ടേട്ടൻമാരൊക്കെ വലിയ അപകടകാരികളാണ്. 'വാഴ'യിലുമുണ്ട് ഒരു കുട്ടേട്ടൻ. റിയൽ ലൈഫിൽ ഏതെങ്കിലും കുട്ടേട്ടനുമായി ഇടപെട്ടിട്ടുണ്ടോ ?

A

ഞാനൊരുപാട് കുട്ടേട്ടൻമാരെ കണ്ടിട്ടുണ്ട്. നല്ല സ്നേഹമുള്ളവരായിട്ടാണ് എനിക്ക് ഫീൽ ചെയ്യാറുള്ളത്.

Vaazha 2
Vaazha 2ഇൻസ്റ്റ​ഗ്രാം
Q

അൽഫോൻസ് പുത്രന്റെ കാരക്ടർ ​ഗംഭീരമായിരുന്നു. ചെറിയ രീതിയിൽ അദ്ദേഹത്തിന്റെ ജീവിതവുമായി ചേർന്ന് നിൽക്കുന്ന ഒരു കഥാപാത്രമായി തോന്നി സേവ്യർ അലക്സാണ്ടറിനെ. ഒരു സംവിധായകനെ സംവിധാനം ചെയ്തപ്പോഴുള്ള അനുഭവം ?

A

അൽഫോൻസ് പുത്രന്റെ കടുത്ത ആരാധകനായിരുന്നു ഞാൻ. കടുത്ത ആരാധകൻ എന്ന് പറഞ്ഞാൽ, അത്രയും കടുത്ത ആരാധകരിൽ ഒരാളായിരുന്നു. 'പ്രേമം' കണ്ടിട്ട്, ഇങ്ങനെയൊക്കെ സിനിമ ചെയ്യാൻ പറ്റുമോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അദ്ദേഹം ഈ സിനിമയുടെ ഭാഗമായത് തന്നെ വലിയൊരു ആവേശമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ചത് തന്നെയാണ് ഈ സിനിമയിൽ അദ്ദേഹം ചെയ്തത്.

ശരിക്കും ഒരു ഫാൻ ബോയ് മൊമന്റ് തന്നെയായിരുന്നു എനിക്ക്. അയ്യോ ഇത് അൽഫോൻസ് പുത്രൻ അല്ലേ എന്നൊക്കെ വിചാരിച്ചിട്ടുണ്ട്. ഞാൻ മാത്രമല്ല, ടെക്നിക്കൽ സൈഡിലുള്ള എല്ലാവരും അങ്ങനെയായിരുന്നു. അദ്ദേഹത്തോട് വളരെ ബഹുമാനമായിരുന്നു എല്ലാവർക്കും. എനിക്ക് അദ്ദേഹത്തോട് എത്ര ഇഷ്ടമുണ്ടോ, അത്രയും തന്നെ ഇഷ്ടമുള്ളവരായിരുന്നു ഭൂരിഭാഗം പേരും.

ഷൂട്ടിങ് സെറ്റിൽ നിൽക്കുമ്പോഴാണല്ലോ അത് ‌‌‌നമുക്ക് മനസിലാകുന്നത്. അതൊരു വല്ലാത്ത മൊമന്റ് ആയിരുന്നു. നമ്മുടെ കൂടെയുള്ള ഒരാളെ പോലെ തന്നെയായിരുന്നു അദ്ദേഹം. ഇങ്ങനെയൊരാൾ നമ്മുടെ സിനിമയുടെ ഭാഗമാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.

ഞാനാണെങ്കിൽ എല്ലാ വർഷവും ഇൻസ്റ്റഗ്രാമിലും വാട്സ്ആപ്പിലുമൊക്കെ ഓണം, വിഷു തുടങ്ങി എല്ലാ ആഘോഷങ്ങൾക്കും ബർത്ത് ഡേയ്ക്കുമൊക്കെ അദ്ദേഹത്തിന് മെസേജ് അയക്കുമായിരുന്നു. അങ്ങനെയുള്ള ഒരാൾ തൊട്ടടുത്ത് വന്നു നിൽക്കുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല. സ്പെഷ്യൽ മൊമന്റ് ആയിരുന്നു എനിക്ക് ഈ പടം മൊത്തം.

അദ്ദേഹത്തിൽ നിന്ന് പഠിക്കാനുള്ളതെല്ലാം അദ്ദേഹത്തിന്റെ സിനിമകളിൽ ഉണ്ടായിരുന്നു, അത് പഠിച്ചിട്ടാണ് ഞാൻ വന്നത്. പിന്നെ അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടിൽ അദ്ദേഹം നമുക്ക് കാര്യങ്ങളൊക്കെ പറഞ്ഞു തരും. എനിക്ക് 'പ്രേമം' സിനിമ ഷൂട്ട് ചെയ്തത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളൊക്കെ അറിയാനായിരുന്നു കൂടുതൽ താല്പര്യം.

സമയം കിട്ടുമ്പോൾ അങ്ങനെയുള്ള കാര്യങ്ങളൊക്കെ ‍ഞാൻ ചോദിക്കും. അതൊക്കെ കേൾക്കാൻ പറ്റിയത് ഒരു ഭാഗ്യം പോലെ തോന്നുന്നു, വല്ലാത്ത മൊമന്റ് ആയിരുന്നു. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. ഒരിക്കലും ഒരു ഫാൻ ബോയ് ആയി ഞാൻ അദ്ദേഹത്തിന് മുൻപിൽ ചെന്ന് നിന്നിട്ടില്ല, ഉള്ളിന്റെയുള്ളിൽ അങ്ങനെ ആയിരുന്നെങ്കിൽ പോലും. ചിലപ്പോൾ അദ്ദേഹത്തിന് അത് അറിയാമായിരിക്കും എന്ന് തോന്നുന്നു. വാഴ 2 ഞങ്ങളൊന്നിച്ചായിരുന്നു തിയറ്ററിൽ പോയി കണ്ടത്. അദ്ദേഹം വളരെ ഹാപ്പി ആയിരുന്നു.

Vaazha 2
Vaazha 2ഇൻസ്റ്റ​ഗ്രാം
Q

വിഷുവിന് പടക്കം പൊട്ടിച്ച് പേടിച്ച് വീഴുന്ന ഒരച്ഛന്റെ വിഡിയോ കണ്ട് നമ്മളൊരുപാട് ചിരിച്ചിട്ടുണ്ട്. അതിന് മറ്റൊരു തലം കൂടിയുണ്ടെന്ന് കാണിച്ചു തരാൻ ആ വിഡിയോ റീക്രിയേറ്റ് ചെയ്തതിലൂടെ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ആ സീനിനെക്കുറിച്ച് ?

A

വിപിൻ ചേട്ടാനാണ് ആ വിഡിയോ റീക്രിയേറ്റ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞത്. അത് എന്തിനാണെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു. നമ്മൾ ഷൂട്ട് ചെയ്യുമ്പോൾ പോലും ഇത്രയും സ്വീകാര്യത കിട്ടുമെന്നൊന്നും വിചാരിച്ചിരുന്നില്ല. ആദ്യത്തെ തവണ ഷൂട്ട് ചെയ്യുമ്പോൾ, എന്തിനാണ് ചെയ്യുന്നത് എന്നൊന്നും എനിക്ക് മനസിലായില്ല.

ഏതെങ്കിലും ഒരു സ്ഥലത്ത് ഉപയോഗിക്കാം എന്നായിരുന്നു ഞാൻ വിചാരിച്ചത്. അപ്പോഴാണ് വിപിൻ ചേട്ടൻ പറയുന്നത്, അതിന് ഇങ്ങനെയൊരു തലം കൂടിയുണ്ടെന്ന്. പടം തീരുന്നതിന്റെ അവസാന ദിവസമാണ് ആ രംഗം ഷൂട്ട് ചെയ്തത്.

Vaazha 2
Vaazha 2ഇൻസ്റ്റ​ഗ്രാം
Q

ഏത് കാലഘട്ടത്തിലാണെങ്കിലും സമൂഹത്തിന്റെ ഇരയാകുന്നത് എപ്പോഴും യൂത്ത് ആണ്. 'വാഴ 2' നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നതും ഒരർഥത്തിൽ അതുകൊണ്ട് കൂടിയാണല്ലോ...

A

ഇപ്പോഴത്തെ യുവതലമുറ അടിപൊളിയാണ്. എല്ലാ കാലഘട്ടത്തിലും തിരിച്ചറിവുകളുണ്ടായി ആളുകൾ മുന്നോട്ട് പോവുകയാണല്ലോ. എന്തെങ്കിലും രീതിയിൽ എനിക്ക് അവരെ സ്വാധീനിക്കാൻ പറ്റിയിട്ടുണ്ടെങ്കിൽ അതെനിക്ക് വളരെ സന്തോഷം തരുന്ന കാര്യം കൂടിയാണ്.

Vaazha 2
Vaazha 2ഇൻസ്റ്റ​ഗ്രാം
Q

'വാഴ യൂണിവേഴ്സ്' തന്നെയാണെന്നുള്ള ഓർമപ്പെടുത്തൽ ആയിരുന്നോ നോബി, അസീസ്, കോട്ടയം നസീർ തുടങ്ങിയവരെയൊക്കെ കൊണ്ടുവരാൻ കാരണം ?

A

ഒരിക്കലും അതൊരു ഡയറക്ടർ ബ്രില്യൻസ് അല്ല. ഇതൊരു ഫ്രാഞ്ചൈസി ആയി തന്നെ മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചതാണ്. ഇതെല്ലാം വിപിൻ ചേട്ടന്റെ പരിപാടികളാണ്. 'വാഴ 3', '4', '5' ഭാ​ഗങ്ങളൊക്കെ വരാൻ സാധ്യതകളുള്ള ഫ്രാഞ്ചൈസി കൂടിയാണ് ഇത്. എപ്പോഴും സിനിമയുടെ വിജയമാണല്ലോ നമ്മളെ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നത്.

നമ്മുടെ കൂട്ടത്തിലുള്ള പുതിയ ആളുകളായിരിക്കും ചിലപ്പോൾ ഇതൊക്കെ സംവിധാനം ചെയ്യുക, ഇതിന്റെയൊക്കെ അണിയറയിൽ വരുക. എന്നെ സംബന്ധിച്ച് അത് വളരെ സന്തോഷമുള്ള കാര്യമാണ്. നമ്മുടെ കൂടെയുള്ള ഒരാൾ സ്വതന്ത്രമായി ഒരു വർക്ക് ചെയ്യുന്നത് കാണുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.

അതാണ് മുന്നോട്ട് പോകുമ്പോൾ കിട്ടുന്ന ഏറ്റവും വലിയ സന്തോഷം. പിന്നെ 'വാഴ' തുടർഭാഗങ്ങൾ വരാൻ സാധ്യതയുള്ള, പല രീതിയിൽ കണക്ട് ചെയ്യാൻ പറ്റുന്ന സംഭവമായിട്ടാണ് എനിക്ക് തോന്നുന്നത്. ബാക്കി കാര്യങ്ങൾ എങ്ങനെയാണെന്ന് എനിക്കറിയില്ല.

Q

കുറേയധികം പാട്ടുകൾ കൂടിയുണ്ട് 'വാഴ 2' വിൽ. എല്ലാ പാട്ടുകളും നല്ല രീതിയിൽ ശ്രദ്ധ നേടുന്നുമുണ്ട്.

A

അങ്കിത് മേനോൻ ആണ് മ്യൂസിക് ചെയ്തിരിക്കുന്നത്. അദ്ദേഹമായിരുന്നു പാട്ടുകളുടെ മുഴുവൻ കോർഡിനേഷനും. എട്ടോ ഒൻപതോ സംഗീതജ്ഞർ ഉണ്ട് ഇതിലെ പാട്ടുകൾക്ക് പിന്നിൽ. ഇത്രയധികം ആളുകളുടെ കൂടെ ഞാൻ ആദ്യമായാണ് വർക്ക് ചെയ്യുന്നത്. അതൊരു പുതിയ അനുഭവമായിരുന്നു. ഇവരോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം.

Q

പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ഏപ്രിലിൽ റിലീസ് ചെയ്യാനിരുന്ന 'ദൃശ്യം 3' അടക്കം മാറ്റി വച്ചിരുന്നു. റിലീസ് സംബന്ധിച്ച് എന്തെങ്കിലും ആശങ്കകൾ ഉണ്ടായിരുന്നോ ?

A

റിലീസിനെ സംബന്ധിച്ച് ആശങ്കകൾ ഒന്നുമില്ലായിരുന്നു. നമ്മൾ തീരുമാനിച്ച തീയതിയിൽ തന്നെ ഇറക്കണമെന്നുണ്ടായിരുന്നു. മുന്നോട്ട് പോകുന്തോറും എന്തായിരിക്കും അവസ്ഥയെന്ന് നമുക്ക് അറിയില്ലല്ലോ. നിർമാതാക്കൾ അഞ്ച് പേരും ഒറ്റ മൈൻഡിൽ ഉള്ള ആളുകളായിരുന്നു, അവരുടെ പിന്തുണ വളരെ വലുതാണ്. ശരിക്കും ബ്രോസിനെപ്പോലെ തന്നെയാണ് അവർ. വാഴ എന്നൊരു ഫ്രാഞ്ചൈസി ഉണ്ടാകാൻ കാരണം തന്നെ അവരുടെ സൗഹൃദമാണ്.

പല മേഖലയിൽ നിൽക്കുന്ന ആളുകളാണ് അവർ. റീൽസ് ചെയ്യുന്ന ആളുകളെ വച്ച് 115 ദിവസം ഷൂട്ടുള്ള ഒരു വലിയ സിനിമ ചെയ്യുക, അതും പുറം രാജ്യങ്ങളിലൊക്കെ ഷൂട്ട് ചെയ്യുക. ഇതിനൊക്കെ അവർ നമ്മളെ വിശ്വസിച്ച് കൂടെ നിന്നത് തന്നെ വലിയ കാര്യമാണ്. പിന്നെ വിപിൻ ചേട്ടന്റെ സാന്നിധ്യം നമുക്ക് വലിയൊരു ബലമായിരുന്നു, അതായിരുന്നു ധൈര്യവും. അദ്ദേഹവുമായുള്ള സൗഹൃദം എന്നും നിലനിൽക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

Savin Sa
Savin Saഇൻസ്റ്റ​ഗ്രാം
Q

ഈ വർഷത്തെ വിഷു സ്പെഷ്യൽ ആണല്ലേ അപ്പോൾ ?

A

അങ്ങനെയൊന്നുമില്ല, ഒരുപാട് നല്ല സിനിമകൾ വരുന്ന നാടാണ് നമ്മുടേത്. പുറത്തൊക്കെ നമ്മുടെ സിനിമകളെക്കുറിച്ച് അത്രയധികം ആളുകൾ സംസാരിക്കുന്നുണ്ട്. കൊമേഴ്സ്യൽ സിനിമകൾ മാത്രമല്ല മുഖ്യധാര സിനിമകളും നമുക്കുണ്ട്. എത്രയോ സംവിധായകൻമാരെ അടയാളപ്പെടുത്താൻ പോകുന്ന നാടാണ് നമ്മുടെ.

പിന്നെ ഈ സിനിമ സംഭവിച്ചു പോയതാണ്, ഇത്രയും വലിയൊരു തലത്തിലേക്ക് ഇത് പോകുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല. സിനിമയെക്കുറിച്ച് വലിയ രീതിയിൽ ഉദ്ധരിച്ച് പറയാനുള്ള കഴിവ് ഒന്നും എനിക്കില്ല. ഇതിലും വലിയ കിടിലൻ സിനിമകൾ കാലങ്ങൾക്ക് മുൻപേ ഇവിടെ ഇറങ്ങിയിട്ടുണ്ട്. അങ്ങനെയുള്ള ഒരു ഇൻഡസ്ട്രിയുടെ ഭാഗമാകാൻ പറ്റിയതിൽ വലിയ സന്തോഷമുണ്ട്.

Summary

Cinema News: Vaazha 2 director Savin Sa exclusive interview.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com