

90സ് കിഡ്‌സ് ഒരിക്കലും മറക്കാത്ത അനുഭവമാണ് ശക്തിമാന്‍. 1997 മുതല്‍ 2005 രെ സംപ്രേക്ഷണം ചെയ്തിരുന്ന ശക്തിമാന്‍ കാണാന്‍ നാട്ടില്‍ ടിവിയുണ്ടായിരുന്ന ചുരുക്കം ചില വീടുകളില്‍ ഒത്തുചേര്‍ന്നിരുന്നതിന്റെ ഓര്‍മയില്ലാത്തൊരു 90സ് കിഡും കാണില്ല. സൂപ്പര്‍ മാനേയും സ്‌പൈഡര്‍മാനേയും കണ്ടിരുക്കുമ്പോള്‍ നമ്മുടെ സ്വന്തം സൂപ്പര്‍ ഹീറോ എന്ന് പറഞ്ഞ ആഘോഷിച്ച ഷോയായിരുന്നു ശക്തിമാന്‍.
മുകേഷ് ഖന്ന ശക്തിമാനായ ഷോയിലെ നായികയായ ഗീത വിശ്വാസായി എത്തിയത് വൈഷ്ണവി മക്‌ഡൊണാള്‍ഡ് ആയിരുന്നു. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ഇതുപോലെ സ്വീകാര്യത നേടിയൊരു ജോഡിയുണ്ടാകില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം വെെഷ്ണവിയുടെ സിനിമ തിരക്കഥയെ വെല്ലുന്ന ജീവിതം ചര്‍ച്ചയാവുകയാണ്.
പ്രശ്‌നഭരിതമായിരുന്നു വൈഷ്ണവിയുടെ ബാല്യകാലം. ഹിന്ദുമതവിശ്വാസിയായിരുന്നു വൈഷ്ണവിയുടെ അച്ഛന്‍. അമ്മ ക്രിസ്തുമതവിശ്വാസിയും. ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. ഇതുകാരണം തനിക്കും സഹോദരിയ്ക്കും നല്ല വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നില്ല. ഹോട്ടലുകളിലായിരുന്നു താമസിച്ചിരുന്നത്. ഹോട്ടലില്‍ നിന്നും ഹോട്ടലിലേക്കുള്ള കൂടുമാറ്റത്തിനിടെ എങ്ങനെ സ്‌കൂളില്‍ പോകാനാണെന്ന് സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍ വൈഷ്ണവി ചോദിക്കുന്നുണ്ട്.
പഠിക്കാന്‍ മിടുക്കിയായിരുന്നുവെങ്കിലും വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം വൈഷ്ണവിയുടെ വിദ്യാഭ്യാസം മുടങ്ങി. ഹൈദരാബാദില്‍ വാടകവീട്ടില്‍ കഴിയുമ്പോള്‍ പെട്ടെന്നൊരു ദിവസം അച്ഛനെ കാണാതായി. എവിടെപ്പോയെന്ന് ഒരു വിവരവുമില്ല. കുറേ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. പരിചയക്കാരില്‍ നിന്നും കടം വാങ്ങിയ പണവുമായി അമ്മ വൈഷ്ണവിയേയും സഹോദരിയേയും കൂട്ടി മുംബൈയിലെത്തി. അച്ഛനെ തേടിയായിരുന്നു ആ യാത്ര.
ഭര്‍ത്താവിനെ ഒരുപാട് തേടിയെങ്കിലും കണ്ടെത്താനായില്ല. മൂന്ന് ജീവനുകള്‍ നിലനിര്‍ത്താനുള്ള ഭക്ഷണത്തിനും വാടകയ്ക്കുമുള്ള പണം പോലും കണ്ടെത്താന്‍ മാര്‍ഗ്ഗമില്ല. ഒരുഘട്ടത്തില്‍ തനിക്കും സഹോദരിയ്ക്കും വിഷം നല്‍കാനും പിന്നാലെ സ്വയം ജീവനൊടുക്കാനും അമ്മ ചിന്തിച്ചിരുന്നുവെന്നും വൈഷ്ണവി പറയുന്നു. അപ്പോള്‍ വൈഷ്ണവിയ്ക്ക് പ്രായം 16 ഉം സഹോദരിയ്ക്ക് 12 ഉം ആയിരുന്നു. അതിന് മുമ്പായി മക്കളെക്കൂട്ടി അമ്മ അടുത്തുള്ള പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു. അതോടെ തന്റെ ജീവിതം മാറിയെന്നാണ് വൈഷ്ണവി പറയുന്നത്. തിരികെ എത്തിയപ്പോള്‍ തങ്ങളുടെ മുറിയുടെ മുന്നിലായി നൂറിന്റെ വലിയൊരു കെട്ട് കിടപ്പുണ്ടായിരുന്നു. തങ്ങളുടെ കടമെല്ലാം തീര്‍ക്കാനുള്ള പണമുണ്ടായിരുന്നു. അന്നത്തോടെ താന്‍ കടുത്ത ദൈവ വിശ്വാസിയായെന്നാണ് വൈഷ്ണവി പറയുന്നത്.
രണ്ട് വര്‍ഷത്തിന് ശേഷം അച്ഛന്‍ തിരികെ വന്നു. അദ്ദേഹം അപ്പോഴേക്കും മറ്റൊരു വിവാഹം കഴിക്കുകയും മതം മാറുകയും ചെയ്തിരുന്നു. ഇതിനിടെ വൈഷ്ണവിയും അമ്മയും സഹോദരിയും ചെറുതെങ്കിലും തങ്ങളുടേതായൊരു വീട്ടിലേക്ക് മാറി. കുടുംബത്തിന്റെ നിലനില്‍പ്പിനായി വിദ്യാഭ്യാസം ഉപേക്ഷിച്ച് വൈഷ്ണവി സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങി. 1988 ല്‍ പുറത്തിറങ്ങിയ വീരാനയില്‍ ജാസ്മിന്റെ കുട്ടിക്കാലം അഭിനയിച്ച് കയ്യടി നേടി. പിന്നാലെ നാല് പുതിയ സിനിമകളില്‍ നായികയായി അവസരം ലഭിച്ചു. എന്നാല്‍ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് നാലും നിന്നു. എങ്കിലും ആ സിനിമകള്‍ക്ക് ലഭിച്ച പ്രതിഫലം തനിക്കും കുടുംബത്തിനും താങ്ങായി എന്നാണ് വൈഷ്ണവി പറയുന്നത്.
ഇതിനിടെ കാസ്റ്റിങ് കൗച്ച് അനുഭവങ്ങളും വൈഷ്ണവിയ്ക്ക് നേരിടേണ്ടി വന്നു. പുരുഷന്മാര്‍ മാത്രമുള്ളൊരു പാര്‍ട്ടിയ്ക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. എപ്പോഴും കൂടെയുണ്ടായിരുന്ന അമ്മ ഇല്ലാതെ വരണമെന്നായിരുന്നു അവര്‍ പറഞ്ഞു. പക്ഷെ വൈഷ്ണവി തയ്യാറായില്ല. ഇതോടെ പോസ്റ്ററടക്കം അടിച്ച ശേഷം ആ സിനിമയില്‍ നിന്നും വൈഷ്ണവിയെ ഒഴിവാക്കി. ഈ ചിത്രത്തന്റെ ഷൂട്ടിനായി സ്വിറ്റ്‌സര്‍ലണ്ടിലേക്ക് പോകണമെന്ന് പറഞ്ഞിരുന്നുവെന്നും പക്ഷെ അപ്പോഴും അമ്മയെ കൂടെ കൂട്ടാതിരിക്കാനുള്ള ശ്രമം അവര്‍ നടത്തിയിരുന്നതായും വൈഷ്ണവി ഓര്‍ക്കുന്നു.
സിനിമയില്‍ ഇത്തരം അനുഭവങ്ങള്‍ തുടര്‍ച്ചയായതോടെയാണ് വൈഷ്ണവി ചുവടുമാറ്റുന്നതും സീരിയലുകള്‍ ചെയ്യാന്‍ തീരുമാനിക്കുന്നതും. സീരിയലില്‍ അഭിനയിച്ചാല്‍ സിനിമ കിട്ടുമോ എന്ന ആശങ്ക അമ്മയ്ക്കുണ്ടായിരുന്നു. എന്നാല്‍ വൈഷ്ണവിയെ കാത്തിരുന്നത് ഒരു സിനിമയക്കും നല്‍കാന്‍ സാധിക്കാത്തത്ര വലിയ സ്റ്റാര്‍ഡം ആയിരുന്നു. മുകേഷ് ഖന്നയുടെ ഓഫര്‍ സ്വീകരിച്ച് ശക്തിമാനില്‍ ഗീത വിശ്വാസ് എന്ന മാധ്യമപ്രവര്‍ത്തകയുടെ വേഷം ചെയ്യാന്‍ തീരുമാനിച്ചതോടെ മാറിയത് വൈഷ്ണവിയുടെ ജീവിതം മാത്രമല്ല ഇന്ത്യന്‍ ടെലിവിഷന്റെ ചരിത്രം തന്നെയാണ്.
ശക്തിമാന്‍ മറ്റേതെങ്കിലും സൂപ്പര്‍ ഹിറ്റ് പരമ്പരയെപ്പോലെയായിരുന്നില്ല. ഒരു കള്‍ച്ചറല്‍ ഫിനോമിന്‍ തന്നെയായിരുന്നു. മുകേഷ് ഖന്നയും വൈഷ്ണവും ഇന്ത്യന്‍ ടെലിവിഷനിലെ ഐക്കോണിക് താരങ്ങളായി മാറുകയും ചെയ്തു. അതുവരെ നേരിട്ട വേദനകള്‍ക്കും താണ്ടിയ സങ്കടക്കടലിനുമെല്ലാം കാലം വൈഷ്ണവിയോട് പ്രായശ്ചിത്തം ചെയ്യുകയായിരുന്നുവെന്ന് പറയാം. ഒരിടവേളയ്ക്ക് ശേഷം ടെലിവിഷനില്‍ സജീവമായി മാറിയിരിക്കുകയാണ് വൈഷ്ണവി ഇപ്പോള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates