

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് മോഹൻലാൽ ചിത്രം എംപുരാൻ. മാർച്ച് 27 ന് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ഇതിനോടകം തന്നെ പല റെക്കോഡുകളും തകർത്തെറിഞ്ഞ് കഴിഞ്ഞു. റിലീസ് ദിവസം തന്നെ ചിത്രം വിവാദങ്ങളിലും അകപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്റെ സഹ നിർമാതാവായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡും നടന്നിരുന്നു.
ഇപ്പോഴിതാ എംപുരാൻ വിവാദങ്ങളിൽ പരോക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് റാപ്പർ വേടൻ. അടുത്തിടെ ഒരു പൊതുവേദിയിൽ പാടാനെത്തിയപ്പോഴായിരുന്നു വേടന്റെ പരാമർശം. കാരണവന്മാരൊക്കെ വിഡ്ഢിത്തം കാണിച്ച് നടക്കുകയാണെന്നും വിദ്യാർഥികളിലാണ് പ്രതീക്ഷയെന്നും വേടൻ പറഞ്ഞു.
"സിനിമ ചെയ്തതിനൊക്കെ ഇഡി റെയ്ഡ് വരുന്ന കാലഘട്ടമാണേ. ആരെക്കുറിച്ചാണ് എന്തൊക്കെയാണ് സംസാരിക്കുന്നതെന്ന് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ മക്കൾക്ക്. സമാധാനമായി നിങ്ങളുടെ സാമൂഹിക അവസ്ഥയിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് ബോധമുള്ള ആളുകളായി ഇരുന്നോളു. കോളജിൽ പോകുന്ന കുട്ടികളാണ് നിങ്ങൾ. പൊളിറ്റിക്കലി അറിവുള്ള കുട്ടികളായി വളർന്നോളൂ.
കാരണം നിങ്ങൾ മാത്രമേ ഉള്ളൂ ഇനി. കാരണവന്മാരൊക്കെ മണ്ടത്തരം കാണിച്ച് നടക്കുകയാണ്. ദിവസവും വാർത്തകൾ എല്ലാം വായിക്കുന്നില്ലേ. വളരെ ബോറായിട്ടാണ് കാര്യങ്ങൾ നീങ്ങുന്നത്. നിങ്ങളിൽ മാത്രമേ പ്രതീക്ഷയുള്ളു". -വേടൻ പറഞ്ഞു. വേടന്റെ വിഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. എംപുരാന്റെ സംവിധായകൻ പൃഥ്വിരാജിനും ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു.
2022 ഡിസംബറിൽ നടത്തിയ പരിശോധനകളുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചത്. അക്കാലത്തെ സിനിമകളുടെ പ്രതിഫല വിവരങ്ങൾ ഹാജരാക്കാനാണ് നിർദേശം നൽകിയത്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates