

ബോളിവുഡിന്റെ സ്വന്തം 'ഹീ മാൻ', പകരം വയ്ക്കാനില്ലാത്ത അതുല്യപ്രതിഭ ധർമേന്ദ്ര വിടപറയുമ്പോൾ ഇന്ത്യൻ സിനിമയുടെ ഒരു യുഗത്തിന് കൂടിയാണ് തിരശീല വീഴുന്നത്. 1960 ൽ പുറത്തിറങ്ങിയ ദിൽ ഭി തേരാ ഹം ഭി തേരേയിലൂടെയാണ് ധർമേന്ദ്ര അഭിനയ ജീവിതം ആരംഭിച്ചത്. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളുടെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, മേരാ ഗാവ് മേരാ ദേശ്, സീത ഔർ ഗീത, ചുപ്‌കെ ചുപ്‌കെ, ഷോലെ തുടങ്ങിയ സിനിമകളിലെ വിസ്മയകരമായ പ്രകടനത്തിലൂടെ ധർമേന്ദ്ര ബിഗ് സ്‌ക്രീനുകൾ ഭരിച്ചു. 1935 ഡിസംബർ 8 ന് പഞ്ചാബിലെ ലുധിയാന ജില്ലയിലെ സഹ്നേവാലിൽ ഒരു പരമ്പരാഗത ജാട്ട് -സിഖ് കുടുംബത്തിലാണ് ധർമ്മേന്ദ്ര സിങ് ഡിയോൾ എന്ന ധർമേന്ദ്ര ജനിച്ചത്.
പന്ത്രണ്ടാം ക്ലാസിൽ പഠനം നിർത്തിയെങ്കിലും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അദ്ദേഹത്തെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തിച്ചത്. 1966 ൽ പുറത്തിറങ്ങിയ 'ഫൂൽ ഔർ പത്തർ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെയാണ് ധർമ്മേന്ദ്ര പ്രേക്ഷക മനം കീഴടക്കുന്നത്. റൊമാന്റിക് ഹീറോ പരിവേഷമായിരുന്നു ആദ്യമൊക്കെ ധർമേന്ദ്രയ്ക്ക്. അദ്ദേഹത്തിന്റെ രൂപവും പരുക്കൻ ലുക്കും ഉയരവുമൊക്കെ കാരണം പിന്നീട് നിരവധി ആക്ഷൻ ചിത്രങ്ങളും അദ്ദേഹത്തെ തേടിയെത്തി.
മേരാ ഗാവോം മേരാ ദേശ്, രഖ്‌വാല, ജുഗ്‌നു തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡ് തന്നെ അദ്ദേഹം തന്റെ കൈ പിടിയിലാക്കി. ഷോലെയിലെ വീരു എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്. സിനിമയ്ക്ക് ഉള്ളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല ധർമേന്ദ്രയുടെ ജീവിതം. 2004 മുതൽ 2009 വരെ ബിജെപി ടിക്കറ്റിൽ രാജസ്ഥാനിലെ ബിക്കാനീറിനെ പ്രതിനിധീകരിച്ച് അദ്ദേഹം ലോക്സഭ അംഗമായി.
കുറച്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം, 2023 ൽ കരൺ ജോഹറിന്റെ റോക്കി ഔർ റാണി കീ പ്രേം കഹാനി എന്ന ചിത്രത്തിലൂടെ അദ്ദേഹം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തി. 2012ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.1990-ൽ അദ്ദേഹത്തിന് ദേശീയ ചലച്ചിത്ര അവാർഡും ലഭിച്ചു. 2017 ൽ ബാബാ സാഹെബ് അംബേദ്കർ നോബൽ പുരസ്കാരവും നൽകി രാജ്യം ആദരിച്ചു.
2025 ഡിസംബർ 25 ന് റിലീസ് ചെയ്യാൻ പോകുന്ന ഇക്കിസാണ് വരാനിരിക്കുന്ന ചിത്രം. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. നടി ഹേമമാലിനിയാണ് ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates