

കൊച്ചിയിലെ തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ ലക്ഷ്മി മേനോനെ വെട്ടിലാക്കി ദൃശ്യങ്ങള്‍. താരമുള്‍പ്പടെയുള്ള സംഘം വാഹനം തടയുകയും തര്‍ക്കിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നടുറോഡില്‍ കാര്‍ തടഞ്ഞു നിര്‍ത്തി തര്‍ക്കിക്കുകയും ആക്രമിക്കുകയും ചെയ്ത ശേഷമാണ് പരാതിക്കാരനെ വലിച്ചിറക്കി മറ്റൊരു വാഹനത്തില്‍ തട്ടിക്കൊണ്ടു പോകുന്നത്.
ശനിയാഴ്ച രാത്രി നോര്‍ത്ത് പാലത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. പുറത്ത് വന്ന വിഡിയോയില്‍ ലക്ഷ്മി മേനോനേയും വ്യക്തമായി കാണാം. അതേസമയം സംഭവത്തില്‍ ലക്ഷ്മി മേനോനേയും സംഘത്തേയും പരാതിക്കാരനും സുഹൃത്തുക്കളും ആക്രമിച്ചതായും പരാതി നല്‍കിയിട്ടുണ്ട്. അറസ്റ്റിലായ സോന മോളാണ് പരാതി നല്‍കിയത്.
ബിയര്‍ കുപ്പി കൊണ്ട് അക്രമിച്ചെന്നും കണ്ണിന് പരുക്കേറ്റെന്നുമാണ് പരാതി. ഇതേ തുടര്‍ന്ന് കണ്ടാലറിയുന്ന ഒരാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ മൂന്നാം പ്രതിയാണ് ലക്ഷ്മി മേനോന്‍. നടിക്കായുള്ള തിരച്ചിലിലാണ് പൊലീസ്. നടി ഒളിവില്‍ പോയതായാണ് വിവരം. നടിക്കൊപ്പമുണ്ടായിരുന്ന മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെയാണ് പൊലീസ് പിടി കൂടിയിരിക്കുന്നത്. എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
കൊച്ചിയിലെ ബാനര്‍ജി റോഡിലെ ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിലും തട്ടിക്കൊണ്ടു പോകലിലും കലാശിച്ചത്. നടി ലക്ഷ്മി മേനോനും സുഹൃത്തുക്കളുമടങ്ങിയ സംഘം മറ്റൊരു സംഘവുമായി വാക്കു തര്‍ക്കമുണ്ടായി. ഇതിനിടെ പരാതിക്കാരനും സുഹൃത്തുക്കളും കാറില്‍ ബാറില്‍ നിന്നും പുറത്തേക്ക് പോയി. ഈ കാറിനെ ലക്ഷ്മി മേനോനും സുഹൃത്തുക്കളും പിന്തുടര്‍ന്നു. നോര്‍ത്ത് പാലത്തിനടത്തു വച്ചു കാര്‍ തടഞ്ഞു നിര്‍ത്തി തര്‍ക്കിക്കുകയായിരുന്നു. പിന്നാലെ യുവാവിനെ കാറില്‍ നിന്നും വലിച്ചിറക്കി മറ്റൊരു വാഹനത്തില്‍ തട്ടികൊണ്ടു പോയി. കാറില്‍ വച്ചും യുവാവിനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇയാളെ പറവൂര്‍ കവലയില്‍ ഇറക്കി വിട്ടുവെന്നാണ് പരാതി.
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് തമിഴിലൂടെ താരമായ മാറിയ നടിയാണ് ലക്ഷ്മി മേനോന്‍. 2011 ല്‍ പുറത്തിറങ്ങിയ രഘുവിന്റെ സ്വന്തം റസിയയിലൂടെയാണ് അരങ്ങേറുന്നത്. പിന്നാലെ സുന്ദരപാണ്ഡ്യന്‍, കുംകി എന്നീ ചിത്രങ്ങളിലൂടെ തമിഴില്‍ നായികയായി. കുംകി വലിയ വിജയം നേടുകയും ലക്ഷ്മിയെ താരമാക്കുകയും ചെയ്തു. സുന്ദര പാണ്ഡ്യന്‍, കുംകി എന്ന സിനിമകളിലെ പ്രകടത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.
ദിലീപ് നായകനായ അവതാരത്തിലൂടെയാണ് മലയാളത്തിലേക്ക് തിരികെ വരുന്നത്. തമിഴിലാണ് ലക്ഷ്മി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ജിഗര്‍തണ്ട, കൊമ്പന്‍, വേതാളം, ചന്ദ്രമുഖി 2, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് ചിത്രം ശബ്ദമാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
