The Goat
ദ് ​ഗോട്ട് ഫെയ്സ്ബുക്ക്

ഇത് വെങ്കട് പ്രഭുവിന്റെ ​'ഗോട്ട്' - റിവ്യൂ

എന്നാൽ സിനിമ മൊത്തത്തിൽ കണ്ടിരിക്കുമ്പോൾ ഡീഏജിങ് ലുക്ക് അത്ര ബോറായി തോന്നിയില്ല.
Published on
ദളപതിയ്ക്കുള്ള ട്രിബ്യൂട്ടോ? ഗോട്ട് - റിവ്യൂ(3 / 5)

എത്രയൊക്കെ കളിയാക്കിയാലും എന്തൊക്കെ പറഞ്ഞാലും നമ്മ ദളപതിയുടെ ഒരു പടം എന്ന് പറഞ്ഞാൽ അതൊരു ആഘോഷമാണ്, ആവേശമാണ്. ദ് ​ഗോട്ട് പ്രഖ്യാപിച്ചപ്പോൾ മുതൽ ഇതേ ആവേശം ഓരോ പ്രേക്ഷകനിലും കാണാമായിരുന്നു. ട്രെയ്‌ലർ പുറത്തുവന്നതോടെ ആവേശം തെല്ലെന്നൊതുങ്ങിയെങ്കിലും ദളപതി പാസം കാരണം ക്ഷമയോടെ ​ഗോട്ടിനായി കാത്തിരുന്നു. ഒടുവിൽ ദ് ​ഗ്രേറ്റ‌സ്റ്റ് ഓഫ് ഓൾ ടൈം പ്രേക്ഷകരിലേക്ക്.

ദ് ​ഗ്രേറ്റ‌സ്റ്റ് ഓഫ് ഓൾ ടൈം - ഈ പേര് കേൾക്കുമ്പോൾ പല മേഖലകളിലുള്ള, പല മുഖങ്ങളും നമ്മുടെ ഓരോരുത്തരുടേയും മനസിലേക്ക് ഓടിയെത്തും. ​ഗോട്ട് കാണുമ്പോഴും കണ്ട് തീരമ്പോഴും അങ്ങനെ തന്നെയാണ്, പല മുഖങ്ങളും നമ്മുടെ മനസിൽ തെളിയും. തികച്ചും ഒരു കുടുംബ ചിത്രമായാണ് വെങ്കട് പ്രഭു ​ഗോട്ട് ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ആദ്യ പകുതി തന്നെ കുടുംബ പ്രേക്ഷകർക്കുള്ളതാണ്.

കഥ, സംവിധാനം

പ്രത്യേകിച്ച് കഥയിൽ യാതൊരു പുതുമയുമില്ലാതെയാണ് ദ് ​ഗോട്ട് പ്രേക്ഷകർക്ക് മുന്നിലെത്തിയത് എന്നതാണ് ഏറ്റവും നിരാശയായി തോന്നിയത്. കെ.ചന്ദ്രു, എഴിലരശു ​ഗുണശേഖരൻ, വെങ്കട് പ്രഭു എന്നിവർ ചേർന്നാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. എന്നാൽ ട്രെയി‌ലറിൽ കണ്ടതിനപ്പുറമുള്ള കഥയോ സംഭവവികാസങ്ങളോ ഒന്നും ചിത്രത്തിലില്ല. മാനാട്, മങ്കാത്ത പോലെയുള്ള സിനിമകൾ ഒരുക്കിയ വെങ്കട് പ്രഭു വിജയിയെ വച്ചൊരു സിനിമ ചെയ്യുമ്പോൾ അതിൽ കുറച്ചു കൂടി ശ്രദ്ധ പുലർത്താമായിരുന്നു. പ്രത്യേകിച്ച് വിജയ് എന്ന നടൻ ബി​ഗ് സ്ക്രീൻ വിടാനൊരുങ്ങുമ്പോൾ.

ദ് ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്നത് പേരിൽ മാത്രം ആയിപ്പോയതു പോലെയാണ് സിനിമ കണ്ടിറങ്ങിയപ്പോൾ ഫീൽ ചെയ്തത്. ​ഗോട്ടിന്റെ പ്രൊമോഷൻ പരിപാടികളിൽ വെങ്കട് പ്രഭു പറഞ്ഞതു പോലെ എല്ലാവർക്കും മനസിലാകുന്ന അധികം തല പുകയ്ക്കാണ്ടാത്ത ഒരു കഥയായി തന്നെയാണ് ​ഗോട്ട് സഞ്ചരിക്കുന്നത്.

മറ്റു ചിത്രങ്ങളിലൊക്കെയുള്ളതു പോലെയുള്ള വിജയിയുടെ ചില മാനറിസങ്ങളും, കുസൃതിയും ക്യൂട്ട് എക്സ്പ്രഷനുമൊക്കെ ​ഗോട്ടിലും കടന്നുവരുന്നുണ്ട്. അതൊക്കെ പ്രേക്ഷകന് നന്നായി ആസ്വദിക്കാനുമായി. ആദ്യ പകുതിയിലൊക്കെയുള്ള ചെറിയ ചെറിയ ഹ്യൂമറുകളും വർക്കൗട്ടായിട്ടുണ്ട്.

പെർഫോമൻസ്

ദ് ​ഗോട്ടിന്റെ ഏറ്റവും വലിയ പോസിറ്റീവ് എന്ന് പറയുന്നത് ദളപതി വിജയ് തന്നെയാണ്. വിജയ്‌യുടെ പെർഫോമൻസ് തന്നെയാണ് പ്രേക്ഷകരെ തിയറ്ററിൽ ആദ്യാവസാനം വരെ പിടിച്ചിരുത്തിയതും. അച്ഛൻ ​ഗാന്ധിയായും മകൻ ജീവനായും ഒരേസമയം പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട് വിജയ്. എന്നാൽ ​ഗാന്ധി എന്ന വിജയ്‌യുടെ അച്ഛൻ വേഷം തന്നെയാണ് മികവ് പുലർത്തിയത്. പ്രഭുദേവ, പ്രശാന്ത്, ജയറാം, അജ്മൽ അമീർ, സ്നേഹ, ലൈല, യോ​ഗി ബാബു തുടങ്ങിയവരും തങ്ങളുടേതായ ഭാ​ഗങ്ങൾ ​ഗംഭീരമാക്കി.

പ്രഭുദേവ, വിജയ്, പ്രശാന്ത് കോമ്പിനേഷൻ രം​ഗങ്ങളും കണ്ടിരിക്കാൻ സുഖമുണ്ടായിരുന്നു. എടുത്ത് പറയേണ്ട മറ്റൊരു കഥാപാത്രം വില്ലനായെത്തിയ മോഹന്റേതാണ്. കൊടൂര വില്ലൻ എന്നൊന്നും പറയാനാകില്ലെങ്കിലും വിജയ്ക്ക് ഒത്ത എതിരാളി തന്നെയായിരുന്നു മോഹൻ. ക്ലൈമാക്സിൽ വിജയ്‌യ്ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ രം​ഗങ്ങളും മികച്ചതായിരുന്നു. വില്ലനും ചെറിയ ഒരു ഇമോഷണൽ ബാക്ക്​ഗ്രൗണ്ട് കൊടുത്തിട്ടുണ്ട് വെങ്കട് പ്രഭു.

ഡീഏജിങ്

ദ് ​ഗോട്ട് പ്രഖ്യാപനം കഴിഞ്ഞതു മുതൽ സിനിമാ പ്രേക്ഷകർ കാത്തിരുന്ന ഒന്നായിരുന്നു വിജയ്‌യുടെ ഡീഏജിങ് ലുക്ക്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നപ്പോൾ ഏറ്റവും കൂടുതൽ ട്രോളുകളും പരിഹാസങ്ങളുമൊക്കെ വന്നത് ഈ ലുക്കിനായിരുന്നു. ​എന്നാൽ സിനിമ മൊത്തത്തിൽ കണ്ടിരിക്കുമ്പോൾ ഡീഏജിങ് ലുക്ക് അത്ര ബോറായി തോന്നിയില്ല. ചില സീനുകളിലൊക്കെ ഡീഏജിങ് ലുക്ക് നന്നായി തന്നെ ചെയ്തിട്ടുണ്ട്. അച്ഛൻ വിജയ്‌യും മകൻ വിജയ്‌യും ഒന്നിച്ചു വരുന്ന സീനുകളുടെ മേക്കിങ്ങും നന്നായിരുന്നു.

സസ്പെൻസ് ആൻഡ് ട്വിസ്റ്റ്

​ഗോട്ടിനെ നിലനിർത്തുന്ന പ്രധാനപ്പെട്ട മറ്റൊരു ഘടകമാണ് ഇടയ്ക്കിടെയുള്ള കുട്ടി സസ്പെൻസുകളും ട്വിസ്റ്റുകളും. ​വലിയ ഇംപാക്ട് എന്നൊന്നും പറയാനാകില്ലെങ്കിലും ചില താരങ്ങളുടെ ​ഗസ്റ്റ് അപ്പിയറൻസൊക്കെ ​ഗോട്ടിൽ ആരാധകർക്കായി കൊണ്ടുവന്നിട്ടുണ്ട് സംവിധായകൻ. ഐപിഎൽ ആരാധകർക്ക് പ്രത്യേകിച്ച് ചെന്നൈ സൂപ്പർ കിങ്സ് ഫാൻസുകാർക്കുള്ള വിരുന്ന് കൂടിയാണ് ​ഗോട്ട്.

ഹൈലൈറ്റ്

കഥയൊക്കെ പഴയതാണെങ്കിലും ​ഗോട്ട് മൊത്തത്തിൽ നൽകുന്ന ഒരു വൈബ് പറയാതിരിക്കാനാകില്ല. വിജയ് എന്ന നടനെ സംബന്ധിച്ചുള്ള പല കാര്യങ്ങളേയും ചെറിയ രീതിയിൽ ​ഗോട്ട് മെൻഷൻ ചെയ്തിട്ടുണ്ട്. ഏറ്റവും ആദ്യം പറയേണ്ടത് ദളപതിയുടെ രാഷ്ട്രീയ പ്രവേശനം തന്നെയാണ്. ക്യാപ്റ്റൻ വിജയ്കാന്ത്, മങ്കാത്ത, ​ഗില്ലി, പഴയ തമിഴ് സിനിമകളിലെ പാട്ടുകൾ, തല - ദളപതി ഫാൻസുകാരെ കുറിച്ച് അങ്ങനെ ചില കാര്യങ്ങളൊക്കെ മനപൂർവം മെൻഷൻ ചെയ്തിട്ടുണ്ട് വെങ്കട് പ്രഭു.

എഐ ഉപയോഗിച്ച് വിജയകാന്തിനെ പുനഃസൃഷ്ടിക്കാനുള്ള വെങ്കട് പ്രഭുവിന്റെ ശ്രമവും ഒരുപരിധി വരെ വിജയിച്ചിട്ടുണ്ട്. പല സംഭവങ്ങളെയും മനപൂർവം പരിഹസിച്ചിട്ടുമുണ്ട് വെങ്കട് പ്രഭു. ​ഗാന്ധി പവർ ഓഫ് ദ് നേഷൻ എന്ന് വിജയ് പറയുമ്പോൾ അതിന് മറുപടിയായി യോ​ഗി ബാബുവിനെ കൊണ്ട് കൗണ്ടറടിപ്പിക്കുന്നുമുണ്ട് സംവിധായകൻ.

ബാക്ക്​ഗ്രൗണ്ട് സ്കോർ, വിഎഫ്എക്സ്, ഛായാ​ഗ്രഹണം

ചിത്രം തുടങ്ങുമ്പോൾ തന്നെ വലുതായി എഴുതി കാണിക്കുന്ന ഒരു പേരാണ് എ യുവൻ ശങ്കർ രാജ മ്യൂസിക്കൽ എന്ന്. എന്നാൽ തിയറ്റർ ഇളക്കി മറിക്കുന്ന തരത്തിലുള്ള പാട്ടുകളൊന്നും ​ഗോട്ടിൽ ഇല്ല. ആദ്യം മുതൽ കുറേ പാട്ടുകളൊക്കെയുണ്ടെങ്കിലും മനസിൽ തങ്ങി നിൽക്കുന്നവയോ തിയറ്ററിൽ ഓളമുണ്ടാക്കാനോ ഒന്നും പാട്ടുകൾക്ക് കഴിഞ്ഞില്ല. എന്നാൽ ബാക്ക്​ഗ്രൗണ്ട് സ്കോർ അഭിനന്ദനാർഹമാണ്. ചില രം​ഗങ്ങളിൽ ഒരു ഫീൽ തരാൻ ബാക്ക്​ഗ്രൗണ്ട് സ്കോറിനായി.

വിഎഫ്എക്സ് രം​ഗങ്ങളും വേണ്ടത്ര രീതിയിൽ മികവ് പുലർത്തിയിട്ടില്ല, നന്നാക്കാമായിരുന്ന രം​ഗങ്ങളിൽ പോലും. വിജയ് പാരച്യൂട്ടിൽ നിന്ന് ചാടുന്ന രം​ഗത്തിലൊക്കെ വിഎഫ്എക്സ് തീരെ വർക്കൗട്ടായില്ല എന്ന് തന്നെ പറയേണ്ടി വരും. 300 കോടി ബജറ്റിനു മുകളിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വിഎഫ്എക്സ് പോലെയുള്ള കാര്യങ്ങൾ കുറച്ചു കൂടി മികച്ചതാക്കാമായിരുന്നു. സിദ്ധാർഥ് നൂനിയുടെ ഛായാ​ഗ്രഹണവും കൈയ്യടി അർഹിക്കുന്നതാണ്. വിജയ്‌യുടേതുൾപ്പെടെയുള്ള താരങ്ങളുടെ ക്ലോസ്അപ് ഷോട്ടുകളുകളൊക്കെ നന്നായിരുന്നു.

ഫൈറ്റ്

സയൻസ് - ഫിക്ഷൻ ആക്ഷൻ ത്രില്ലറായാണ് ​ഗോട്ട് പ്രഖ്യാപിക്കുന്നത് തന്നെ. രോമാഞ്ചമുണ്ടാക്കുന്ന ഒരു ആക്ഷൻ സീൻ പോലും ​ഗോട്ടിൽ ഇല്ലായിരുന്നുവെന്നതും പ്രേക്ഷകരെ നിരാശപ്പെടുത്തി. മെട്രോയിലുള്ള ഫൈറ്റ് സീൻ മാത്രമാണ് ആകെയൊരു പഞ്ച് നൽകിയത്. ക്ലൈമാക്സിൽ പോലും ഫൈറ്റിൽ ഒരു പഞ്ച് കൊണ്ടുവരാനായില്ല.

The Goat
ഭയം, നി​ഗൂഡത, ആകാംക്ഷ; മേക്കിങ്ങിൽ ഞെട്ടിച്ച് 'ഫൂട്ടേജ്' - റിവ്യൂ

രണ്ടാം ഭാഗവും മൂന്നാം ഭാഗവുമൊക്കെ ഇറങ്ങുന്നുണ്ട് ഇപ്പോൾ പല സിനിമകൾക്കും. ഈ രീതിയേയും പരിഹസിച്ചാണ് വെങ്കട് പ്രഭു സിനിമ നിർത്തുന്നത്. ഞാൻ പറയുമ്പോൾ പടം തീരും എന്ന് സിനിമയുടെ അവസാനം കൃത്യമായി പറയുന്നുണ്ട് അദ്ദേഹം. ആകെ മൊത്തത്തിൽ ഒരു ശരാ‌ശരി കാഴ്ചാനുഭവമാണ് ​ഗോട്ട് സമ്മാനിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com