ക്ലാസും മാസും; ഇത് മക്കൾ സെൽവന്റെ പ്രതികാരം
പ്രതികാര കഥയുമായി വിജയ് സേതുപതി(3.5 / 5)
മക്കൾ സെൽവൻ വിജയ് സേതുപതിയുടെ 50-മത്തെ ചിത്രം, സംവിധായകൻ നിതിലൻ സ്വാമിനാഥൻ- ഈ രണ്ട് ഘടകങ്ങളായിരുന്നു മഹാരാജ എന്ന ചിത്രം പ്രേക്ഷകർക്കു നൽകിയ പ്രതീക്ഷ. തന്‍റെ കരിയറിലെ അമ്പതാമത്തെ ചിത്രവുമായി മക്കള്‍ സെല്‍വന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമ്പോൾ ആ വരവ് വെറുതേ ആയിരിക്കില്ലായെന്ന് ഓരോ പ്രേക്ഷകനും വിശ്വസിച്ചിരുന്നു.
ആ വിശ്വാസത്തിൽ ഒരംശം പോലും കുറവു വരാതെ കാത്തു സൂക്ഷിക്കാൻ വിജയ് സേതുപതിയ്ക്കും നിതിലൻ സ്വാമിനാഥനുമായി. മാസും ക്ലാസും ചേര്‍ന്നൊരു അത്യുഗ്രൻ സിനിമ അനുഭവമാണ് മഹാരാജ ഓരോ പ്രേക്ഷകനും സമ്മാനിക്കുന്നത്.
മഹാരാജ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് വിജയ് സേതുപതിയെത്തുന്നത്. ബാര്‍ബറായ മഹാരാജയുടെ ജീവിതം തന്നെ തന്റെ മകളായ ജ്യോതിക്ക് വേണ്ടിയാണ്. പെട്ടെന്ന് ഒരു ദിവസം ഒരു പരാതിയുമായി പള്ളികരണൈ പൊലീസ് സ്റ്റേഷനിലെത്തുകയാണ് മഹാരാജ. ലക്ഷ്മിയെ കാണാനില്ലെന്നും എഫ്ഐആര്‍ എടുക്കണമെന്നുമാണ് മഹാരാജയുടെ ആവശ്യം.
ലക്ഷ്മി ആരാണെന്ന് മഹാരാജ വെളിപ്പെടുത്തുന്നതും പിന്നീട് പൊലീസ് ആ കേസ് അന്വേഷിക്കുന്നതും അതിനെ ചുറ്റിപ്പറ്റി മറ്റൊരു സംഭവത്തിന്റെ ചുരുളഴിയുന്നതുമാണ് മഹാരാജയുടെ പ്രമേയം. പെൺമക്കളുള്ള ഓരോ അച്ഛൻമാരുടേയും പ്രതിനിധിയാണ് മഹാരാജ. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തേക്കുറിച്ചുള്ള ഒരുപാട് സിനിമകൾ മുൻപ് വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് മഹാരാജ.
മകൾക്ക് വേണ്ടി, അവളുടെ സന്തോഷത്തിന് വേണ്ടി, അവളുടെ ആഗ്രഹങ്ങൾക്ക് വേണ്ടി, അവളുടെ ജീവിതത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന ഏതറ്റം വരെയും പോകുന്ന രണ്ട് അച്ഛൻമാരാണ് വിജയ് സേതുപതിയുടെ മഹാരാജയും അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന സെൽവം എന്ന കഥാപാത്രവും. ഒരു ത്രില്ലർ ചിത്രമെന്നതിനേക്കാളുപരി ഇതൊരു പ്രതികാര കഥയാണ് എന്ന് പറയുന്നതാവും കുറച്ചു കൂടി യോജിക്കുക.
ചിത്രത്തില്‍ ഏറ്റവും എടുത്തുപറയേണ്ടത് വിജയ് സേതുപതിയുടെ പവര്‍ഫുള്‍ പെര്‍ഫോമന്‍സ് തന്നെയാണ്. വൈകാരിക രംഗങ്ങളിലടക്കം പ്രേക്ഷകരുടെ ഉള്ളു പിടിച്ചുലയ്ക്കുമ്പോൾ ആക്ഷൻ സീനുകളിലെ അദ്ദേഹത്തിന്റെ ട്രാൻസ്ഫർമേഷനും പ്രേക്ഷകരെ അമ്പരപ്പിച്ചു. അനുരാഗ് കശ്യപിന്റെ പ്രകടനവും കൈയ്യടി അർഹിക്കുന്നുണ്ട്. ജ്യോതിയായി എത്തിയ സച്ന നമിദാസ്, നടരാജ സുബ്രഹ്മണി, അഭിരാമി, മംമ്ത മോഹന്‍ദാസ്, സിങ്കംപുലി, അരുള്‍ദോസ്, മുനിഷ്കാന്ത് തുടങ്ങി ചിത്രത്തിലെത്തിയ മറ്റു താരങ്ങളും അവരവരുടെ ഭാഗങ്ങൾ ഗംഭീരമാക്കി.
മഹാരാജയുടെ നട്ടെല്ല് എന്ന് പറയുന്നത് തന്നെ തിരക്കഥയാണ്. നിതിലൻ സ്വാമിനാഥൻ തന്നെയാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നതും. ഏത് പോയിന്റിൽ വേണമെങ്കിലും പാളി പോകാവുന്ന കോംപ്ലിക്കേറ്റഡായ തിരക്കഥയെ വളരെ കൈയ്യടക്കത്തോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യാനായി എന്നതാണ് സിനിമയുടെ ഏറ്റവും വലിയ വിജയം.
ചിത്രത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമുള്ള ചില ഡയലോഗുകളും എടുത്തു പറയേണ്ടതാണ്. ഓരോ പ്രേക്ഷകന്റെയും നെഞ്ചിലേക്ക് ആഴ്ന്നിറങ്ങാനും ഒന്ന് ചിന്തിപ്പിക്കാനും ചില ഡയലോഗുകൾക്കായി. ഒരു ആക്ഷൻ ത്രില്ലറായിരുന്നിട്ടു കൂടി, ഹ്യൂമർ കറക്ടായി വർക്കൗട്ട് ചെയ്യിക്കാനും സംവിധായകനും കൂട്ടർക്കുമായി.
സിനിമയുടെ ഓരോ ഫ്രെയിമും ലൈറ്റിങ്ങും ക്യാമറ ആംഗിളുമെല്ലാം ഒന്നിനൊന്ന് മികവു പുലർത്തി. ഛായാഗ്രഹണം നിർവഹിച്ച ദിനേശ് പുരുഷോത്തമൻ തീർച്ചയായും കൈയ്യടിക്ക് അർഹനാണ്. സിനിമയുടെ മറ്റൊരു ഹൈലൈറ്റ് പശ്ചാത്തലസംഗീതമാണ്. കഥയ്ക്കും പെർഫോമൻസിനുമൊപ്പം ചേർന്ന് നിന്നു അജനീഷ് ലോകനാഥന്റെ പശ്ചാത്തല സംഗീതം. ക്ലൈമാക്സിലെ ട്വിസ്റ്റും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. ചെറിയ ചില കാര്യങ്ങളൊക്കെ മാറ്റി നിർത്തിയാൽ ഏതൊരു സിനിമ പ്രേക്ഷകനും കണ്ടിരിക്കാവുന്ന മികച്ച ത്രില്ലറാണ് മഹാരാജ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

