

അല്ലു അർജുൻ- അറ്റ്‌ലി കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ. AA22xA6 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രത്തിന്റെ കാസ്റ്റിങ് തന്നെ ആരാധകരിലുണ്ടാക്കിയിരിക്കുന്ന ഓളം ചെറുതല്ല. വൻ ബജറ്റിലാണ് ചിത്രമൊരുങ്ങുന്നതും. ഇപ്പോഴിതാ നടൻ വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
അതിഥി വേഷത്തിലാണ് വിജയ് സേതുപതി ചിത്രത്തിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ. നടന്റെ ഭാഗങ്ങൾ മുംബൈയിൽ ചിത്രീകരിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിജയ് സേതുപതി ആണോ ചിത്രത്തിൽ വില്ലനായെത്തുക എന്നും സോഷ്യൽ മീഡിയയിൽ കമന്റുകളുയരുന്നുണ്ട്. പാരലൽ യൂണിവേഴ്സ് വിഭാഗത്തിലാണ് ചിത്രമൊരുങ്ങുന്നത്.
എന്നാൽ വിജയ് സേതുപതിയുടെ കാസ്റ്റിങ്ങിനെക്കുറിച്ച് അണിയറപ്രവർത്തകരിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഉടനെ ഇക്കാര്യം അണിയറ പ്രവർത്തകർ സ്ഥിരീകരിക്കുമെന്നും റിപ്പോർട്ടുണ്ട്. ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.
100 ദിവസമാണ് ദീപിക ചിത്രത്തിന് ഡേറ്റ് നൽകിയിരിക്കുന്നത്. മാത്രവുമല്ല ദീപികയ്ക്ക് ചിത്രത്തിൽ ഒട്ടേറെ ആക്ഷൻ രംഗങ്ങളുമുണ്ട്. അടുത്ത വർഷം സെപ്റ്റംബറിലാകും ചിത്രത്തിന്റെ ചിത്രീകരണം അവസാനിക്കുക. 2027 പകുതിയോടെ ചിത്രം റിലീസിനെത്തുമെന്നാണ് പ്രതീക്ഷ.
അതേസമയം ദീപികയ്ക്ക് പുറമേ മൃണാൽ താക്കൂർ, ജാൻവി കപൂർ, രശ്മിക മന്ദാന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ടെന്നാണ് വിവരം. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്.
അതേസമയം തലൈവൻ തലൈവി ആണ് വിജയ് സേതുപതിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. പുഷ്പ 2 ആണ് അല്ലു അർജുന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. പുഷ്പ 2 ബോക്സോഫീസിൽ വൻ കളക്ഷൻ നേടുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
