തെന്നിന്ത്യൻ സിനിമപ്രേമികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർതാരം വിജയിന്റെ മാസ്റ്റർ. ചിത്രം റിലീസിന് ഒരുങ്ങി നിൽക്കെയാണ് കോവിഡ് വ്യാപനത്തെ തുടർന്ന് തീയെറ്ററുകൾ അടയ്ക്കുന്നത്. ഇതോടെ ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായി. ചിത്രം ഓൺലൈൻ റിലീസ് ചെയ്യില്ലെന്നും തീയെറ്ററുകളിലൂടെ മാത്രമേ ആരാധകരിലേക്ക് എത്തുകയൊള്ളൂവെന്നുമാണ് അണിയറപ്രവർത്തകർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രം ഓൺലൈൻ റിലീസിന് ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ചിത്രത്തിന്‍റെ സ്ട്രീമിംഗ് റൈറ്റ് വിറ്റുപോയെന്നും തീയേറ്റര്‍ റിലീസ് ഒഴിവാക്കി നെറ്റ്ഫ്ളിക്സിലൂടെയാവും ചിത്രം എത്തുകയെന്നുമാണ് വാർത്ത പ്രചരിക്കുന്നത്. വൻ തുകയ്ക്ക് നെറ്റ്ഫ്ളിക്സ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ലെറ്റ്സ് ഒടിടി ഡോട്ട് കോമിന്റെ റിപ്പോർട്ടുകൾ മറ്റൊന്നാണ്. ഒടിടി റിലീസ് സാധ്യതകള്‍ നിര്‍മ്മാതാക്കള്‍ പരിശോധിക്കുകയാണെന്നും ഒരു പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുമായി തുകയടക്കമുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നുമാണ് അവർ പറയുന്നത്. അതേസമയം മാസ്റ്ററിന്‍റെ സ്ട്രീമിംഗ് അവകാശം വാങ്ങിയിരിക്കുന്നത് നെറ്റ്ഫ്ളിക്സ് അല്ലെന്നും മറിച്ച് ആമസോണ്‍ പ്രൈം ആണെന്നും 'സിഫി'യുടെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ട്രീമിംഗ് റൈറ്റ് വിറ്റുപോയെങ്കിലും ചിത്രം തീയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്തതിനുശേഷമേ ഒടിടി പ്ലാറ്റ്ഫോമില്‍ പ്രദര്‍ശിപ്പിക്കൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്തായാലും സൂപ്പർതാരം ഓൺലൈൻ റിലീസിന് എത്തുന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. മാസ്റ്റർ തീയെറ്ററിലൂടെ കാണാൻ വേണ്ടിയാണ് തങ്ങൾ കാത്തിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. മാസ്റ്റർ ഒൺലി ഓൺ തീയറ്റർ എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ഇതിനകം ട്രെന്‍ഡിംഗ് ആയിട്ടുണ്ട്. എന്നാൽ മാസ്റ്റര്‍ തീയേറ്റര്‍ റിലീസ് തന്നെ ആയിരിക്കുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആ ശ്രീധര്‍ പിള്ള പറയുന്നത്. അതിനിടെ തമിഴ്നാട്ടിലെ ഉൾപ്പടെ പല സംസ്ഥാനങ്ങളിലും തീയെറ്റർ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates