

ആളുകളെ നൃത്തം ചെയ്യിക്കുന്ന ചിരിപ്പിക്കാൻ പാകത്തിലുള്ള ആഘോഷപ്പാട്ടുകൾ ഉണ്ടാക്കാൻ അതിന്റേതായ പ്രയാസമുണ്ടെന്ന് ഗാനരചയിതാവ് വിനായക് ശശികുമാർ. കണ്ണ് നിറയ്ക്കുന്ന പാട്ടുകളും വരികളും എഴുതാൻ താരതമ്യേന എളുപ്പമാണെന്നും അറിഞ്ഞോ അറിയാതെയോ മെലഡികൾക്ക് വലിയൊരു ശ്രേഷ്ഠത ചിലർ കല്പിച്ചു നൽകുന്നുണ്ടെന്നും വിനായക് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"നമുക്ക് എല്ലാതരം പാട്ടുകളും വേണം. അടിപൊളി പാട്ടുകളും തമാശപ്പാട്ടുകളും കണ്ണ് നിറയ്ക്കുന്ന ഗാനങ്ങളുമെല്ലാം സ്വീകരിക്കപ്പെടും. സുഹൃത്തുക്കൾ ചേർന്ന് യാത്ര പോകുമ്പോൾ അവിടേക്ക് ഒഴുകി എത്തേണ്ടത് അടിപൊളി പാട്ട് തന്നെയല്ലേ.
ലാട്ടേന്റെയും മമ്മൂക്കയുടെയും അഭിനയത്തെക്കുറിച്ച് ചോദിക്കുമ്പോൾ പലരും സംസാരിച്ചു തുടങ്ങുന്നത് ഭരതവും കിരീടവും വാനപ്രസ്ഥവും വിധേയനും പൊന്തൻമാടയുമെല്ലാം മുൻനിർത്തിയാകും. എന്നാൽ ഇവർ ചെയ്ത രാജമാണിക്യവും ചന്ദ്രലേഖയും മറക്കരുത്. അത്തരം വേഷങ്ങൾ നമ്മിലുണ്ടാക്കിയ ആഘോഷം ചെറുതല്ല.
അറിഞ്ഞോ അറിയാതെയോ മെലഡികൾക്ക് വലിയൊരു ശ്രേഷ്ഠത ചിലർ കല്പിച്ചു നൽകുന്നുണ്ട്. അത്തരമൊരു പൊതുബോധം നിലനിൽക്കുന്നുണ്ട്. കണ്ണു നിറയ്ക്കുന്ന പാട്ടുകളും വരികളും എഴുതാൻ താരതമ്യേന എളുപ്പമാണ്. എന്നാൽ ആളുകളെ നൃത്തം ചെയ്യിക്കുന്ന ചിരിപ്പിക്കാൻ പാകത്തിലുള്ള ആഘോഷപ്പാട്ടുകൾ ഉണ്ടാക്കാൻ അതിന്റേതായ പ്രയാസമുണ്ട്.
നിങ്ങൾ ജാഡയും ഇല്യുമിനാറ്റിയും മാത്രമല്ലല്ലോ പടച്ചുവിട്ടത്, ആരാധികയും പവിഴമഴയും എഴുതിയിട്ടുണ്ടല്ലോ... എന്ന് ചിലർ പറയാറുണ്ട്. അതൊരു കോംപ്ലിമെന്റായി ഞാൻ സ്വീകരിക്കുന്നില്ല".- വിനായക് ശശികുമാർ പറഞ്ഞു.
സംവിധായകരുടെയും തിരക്കഥാകൃത്തിന്റെയും കാഴ്ചപ്പാടുകൾ മനസിലാക്കി പാട്ടെഴുതാനാണ് താൻ ശ്രമിക്കുന്നതെന്നും വിനായക് കൂട്ടിച്ചേർത്തു. "എല്ലാ ശ്രോതാക്കളെയും തൃപ്തിപ്പെടുത്താനായി ഞാനിതുവരെയും പാട്ടെഴുതിയിട്ടില്ല.
പാട്ട് സ്വീകരിക്കാൻ പോകുന്ന ഓഡിയൻസിനെ മുന്നിൽക്കണ്ടാണ് എഴുതുന്നത്. അതുകൊണ്ട് തന്നെ ആ ഓഡിയൻസിനപ്പുറമുള്ളൊരു വിഭാഗം ആ പാട്ട് ഇഷ്ടമായില്ലെന്ന് പറഞ്ഞാൽ അത് തന്നെ ബാധിക്കാറില്ലെന്നും" വിനായക് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates