വിനീതിന്റെ ഇന്റർനാഷ്ണൽ ടച്ച്! ത്രില്ലടിപ്പിച്ച് 'കരം'- റിവ്യൂ
വിനീതിന്റെ ഇന്റർനാഷ്ണൽ ടച്ച്! ത്രില്ലടിപ്പിച്ച് 'കരം'- റിവ്യൂ(2.5 / 5)
"നമ്മളെക്കൊണ്ട് ഒന്നും പറ്റില്ല എന്ന തോന്നലൊക്കെ, നമുക്ക് ഏറ്റവും കൂടുതൽ അടുപ്പമുള്ളവർക്ക് എന്തെങ്കിലും പറ്റുന്നത് വരയേ ഉള്ളൂ"- കരം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിൽ നായകൻ ഒരു ക്രൂഷ്യൽ സിറ്റുവേഷനിൽ പറയുന്ന ഡയലോഗാണിത്. നമ്മുടെ പ്രിയപ്പെട്ടവരുടെ കാര്യം വരുമ്പോൾ എല്ലാം മറന്ന് നമ്മളും അവർക്കു വേണ്ടി ജീവൻ പോലും നോക്കാതെ കൂടെ നിൽക്കാറില്ലേ.
കരം സിനിമയിലെ ദേവ് മഹേന്ദ്രനും അങ്ങനെയൊരാളാണ്. പ്രിയപ്പെട്ടവർക്ക് വേണ്ടി എന്ത് റിസ്കും എടുക്കുന്നയാൾ. ചെന്നൈ പാസവും സുഹൃത്ത് വലയവുമൊക്കെ മാറ്റി വച്ച് ഒരു ത്രില്ലർ പടവുമായാണ് ഇത്തവണ വിനീത് ശ്രീനിവാസൻ എത്തിയിരിക്കുന്നത്.
ആർമി ഉദ്യോഗസ്ഥനായ ദേവ് മഹേന്ദ്രനെ (നോബിൾ തോമസ്) ഒരു ഓപ്പറേഷന്റെ ഭാഗമായി നടക്കുന്ന വീഴ്ചയിൽ സർവീസിൽ നിന്ന് പിരിച്ചു വിടുകയും, പിന്നീടയാൾ കുടുംബത്തിനൊപ്പം ലെനാർക്കോയിലെത്തുകയും മനുഷ്യക്കടത്ത് നടത്തുന്ന ഒരു സംഘത്തെ നേരിടുകയും പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.
ദേവ് മഹേന്ദ്രന്റെ ഫ്ലാഷ്ബാക്കിലൂടെയാണ് ചിത്രം തുടങ്ങുന്നത്. വളരെ നിർവികാരമായ ആദ്യ പകുതിയും അതിനെ കുറച്ച് ഇന്റർനാഷ്ണൽ ടച്ചൊക്കെ വരുത്തി ആക്ഷന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു രണ്ടാം പകുതിയുമാണ് ചിത്രത്തിന്റേത്.
സിനിമ കണ്ടിറങ്ങുമ്പോൾ തന്നെ വിനീത് ശ്രീനിവാസൻ തന്നെ സംവിധാനം ചെയ്ത തിര എന്ന ചിത്രം നമ്മുടെ മനസിലേക്ക് വരും. ചിത്രത്തിലെ നായകനായ നോബിൾ തോമസ് തന്നെയാണ് കഥയൊരുക്കിയിരിക്കുന്നത്. പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു കഥ തന്നെയാണ് കരത്തിന്റേത്.
ഇമോഷ്ണൽ സീനുകളൊക്കെയുണ്ടെങ്കിലും യാതൊരു തരത്തിലും അതൊന്നും പ്രേക്ഷകരുമായി കണക്ടായിട്ടില്ല എന്നതാണ് വാസ്തവം. കാറ്റിൽ ആടിയുലയുന്ന പട്ടം പോലെ എങ്ങോട്ടൊക്കെയോ പോകുന്ന ഒരു കഥയെ പിടിച്ച് വരുതിയിലാക്കാൻ പെടാപാട് പെടുന്ന സംവിധായകനെയാണ് രണ്ടാം പകുതിയിൽ കാണാൻ കഴിയുക. മേക്കിങ്ങിലൂടെ എൻഗേജിങ് ആക്കാൻ പരമാവധി വിനീത് ശ്രമിച്ചിട്ടുണ്ട്.
തിയറ്ററിൽ ചെറിയൊരു അനക്കമെങ്കിലും ഉണ്ടാക്കിയത് മലയാളികളുടെ സ്വന്തം ആശാന്റെ (ഇവാൻ വുകോമനോവിച്) വരവോടെ ആണ്. സിനിമ കുറച്ചെങ്കിലും ജീവൻ വച്ചു തുടങ്ങുന്നതും രണ്ടാം പകുതിയിലേക്ക് കടക്കുമ്പോഴാണ്. ആൻദ്രെ എന്ന കഥാപാത്രമായി ആശാൻ ശരിക്കും സ്കോർ ചെയ്തിട്ടുണ്ട്.
ആശാന്റെ സ്ക്രീൻ പ്രെസൻസും സംവിധായകൻ നന്നായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. ബാബുരാജിന്റെ റൊസാരിയോ എന്ന കഥാപാത്രവും തിയറ്ററിൽ ചിരി പടർത്തുന്നുണ്ട്. രേഖാചിത്രത്തിലെ ലുക്കിനോട് സാദൃശ്യം തോന്നുന്ന തരത്തിലാണ് മഹേന്ദ്രൻ എന്ന കഥാപാത്രമായി മനോജ് കെ ജയൻ എത്തുന്നത്.
ആദ്യം മനോജ് കെ ജയന്റെ കഥാപാത്രത്തോട് നമുക്കൊരു രസക്കേട് തോന്നുമെങ്കിലും ക്ലൈമാക്സിൽ അദ്ദേഹത്തിന്റെ കഥാപാത്രവും പ്രേക്ഷകമനം കവരുന്നുണ്ട്. ശ്വേത മേനോൻ, കലാഭവൻ ഷാജോൺ, വിഷ്ണു ജി വാര്യർ, ജോണി ആന്റണി, വിനീത് വാസുദേവൻ, ഒഡ്രെ മിറിയം, രേഷ്മ സെബാസ്റ്റ്യൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തി. തിരക്കഥ പരാജയപ്പെടുമ്പോഴും ചിത്രത്തിൻ്റെ ടെക്നിക്കൽ സൈഡ് മികച്ചു നിൽക്കുന്നുണ്ട്.
ജോമോൻ ടി ജോണിൻ്റെ ഛായാഗ്രഹണം ശ്രദ്ധേയമാണ്. മനോഹരമായ ലൊക്കേഷനുകളും മികച്ച എഡിറ്റിങും മികച്ച കാഴ്ചാനുഭവം സമ്മാനിക്കുന്നുണ്ട്. ഷാൻ റഹ്മാനാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയിരിക്കുന്നത്. ഇമോഷണൽ ഭാഗങ്ങൾ വരുന്ന സീനുകളിലൊഴിച്ച് ബിജിഎം സിനിമയോട് ചേർന്ന് തന്നെ നിന്നു. ആക്ഷൻ രംഗങ്ങളും കുറച്ചു കൂടി നന്നാക്കമായിരുന്നുവെന്ന് തോന്നി.
നായകനായാലും വില്ലനായാലും നിന്ന് അടി വാങ്ങിക്കുന്നതു പോലെയാണ് അനുഭവപ്പെട്ടത്. ആദ്യം നീ അടിക്ക്, എന്നിട്ട് ഞാൻ തരാം എന്നൊരു മൂഡ് ആയിരുന്നു സംഘർഷ രംഗങ്ങളിൽ എല്ലാം. തിര പാറ്റേണിൽ വന്ന മറ്റൊരു വിനീത് ചിത്രം എന്നതിനപ്പുറത്തേക്ക് മറ്റൊന്നും കരം സിനിമാ പ്രേക്ഷകർക്ക് സമ്മാനിക്കുന്നില്ല. മൊത്തത്തിൽ ത്രില്ലറിൽ തുടങ്ങി ഫീൽ ഗുഡിൽ അവസാനിക്കുന്ന ഒരു ആവറേജ് സിനിമാ അനുഭവമാണ് കരം.
Cinema News: Vineeth Sreenivasan and Noble Thomas Karam Movie Review.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

