'എന്റെ ശിവനേ...'; അവതാരപ്പിറവികളുടെ 'കണ്ണപ്പ'- Kannappa Review
കണ്ണപ്പയിൽ കൈയടി നേടി ലാലേട്ടനും പ്രഭാസും (2.5 / 5)
മോഹൻലാൽ എന്ന ഒരൊറ്റ പേരാണ് കണ്ണപ്പ എന്ന ചിത്രത്തെ കേരളത്തിലും ശ്രദ്ധേയമാക്കിയ ഒരേയൊരു ഘടകം. ശരിക്കും മലയാളികൾ ഈ സിനിമയ്ക്ക് ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിൽ അത് മോഹൻലാലിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമായിരിക്കും. തെലുങ്ക് നടൻ വിഷ്ണു മഞ്ചു നായകനായെത്തിയ കണ്ണപ്പ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. തെലുങ്കിലെ അറിയപ്പെടുന്ന ഒരു സിനിമാ കുടുംബമാണ് വിഷ്ണു മഞ്ചുവിന്റേത്.
വിഷ്ണുവിന്റെ പിതാവ് മോഹൻബാബു ആണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ. പണ്ട് കാലം മുതൽ നമ്മൾ കണ്ടുശീലിച്ചിട്ടുള്ള പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ഭക്ത സിനിമ തന്നെയാണ് കണ്ണപ്പയും. സിനിമ എന്ന് പറയുന്നതിനേക്കാൾ മെഗാ സീരിയൽ എന്ന് പറയുന്നതായിരിക്കും കുറച്ചു കൂടി യോജിക്കുക.
കണ്ണപ്പയിൽ നായകനായെത്തിയ വിഷ്ണു മഞ്ചു തന്നെയാണ് സിനിമയ്ക്ക് കഥയൊരുക്കിയിരിക്കുന്നത്. ആന്ധ്ര പ്രദേശിലെ കാളഹസ്തി ക്ഷേത്രവും അവിടുത്തെ കണ്ണപ്പയെന്ന ശിവ ഭക്തന്റെയും കഥയാണ് ചിത്രം പറയുന്നത്. തിന്നൻ എന്ന നിരീശ്വരവാദിയായ യുവാവ് എങ്ങനെയാണ് ശിവഭക്തനായ കണ്ണപ്പയായി മാറുന്നത് എന്നതാണ് സിനിമ പറഞ്ഞു വയ്ക്കുന്നത്.
സിനിമ തുടങ്ങുന്നത് തന്നെ കൈലാസത്തിൽ നിന്നാണ്. ശിവനും പാർവതിയുമായി അക്ഷയ് കുമാറും കാജൽ അഗർവാളുമാണ് ചിത്രത്തിലെത്തിയിരിക്കുന്നത്. വളരെ പതിഞ്ഞ താളത്തിലാണ് ആദ്യ പകുതി നീങ്ങുന്നത്. തിന്നൻ (വിഷ്ണു മഞ്ചു) എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലവും ദൈവത്തോടുള്ള അവന്റെ വിരോധവുമൊക്കെയാണ് ആദ്യ പകുതിയിൽ കാണാൻ കഴിയുക.
ബോളിവുഡിൽ തകർന്നടിഞ്ഞ ശേഷം തെലുങ്കിലേക്കുള്ള അക്ഷയ് കുമാറിന്റെ ഒരു ചുവടുമാറ്റമണോ കണ്ണപ്പയെന്ന് ആദ്യമൊക്കെ സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചകൾ നിറഞ്ഞിരുന്നു. സിനിമകൾ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളിൽ നിന്ന് അക്ഷയ് കുമാർ എത്രയും പെട്ടെന്ന് മാറി ചിന്തിച്ചില്ലെങ്കിൽ ഒരിക്കലും അദ്ദേഹത്തിന് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാനാകില്ല എന്ന് ഉറപ്പാണ്.
ഇനി സിനിമയിലേക്ക് വന്നാൽ, ഹിന്ദി ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ മുകേഷ് കുമാർ സിങിന്റെ തെലുങ്ക് അരങ്ങേറ്റം കൂടിയാണ് കണ്ണപ്പ. മഹാഭാരത് എന്ന ടെലിവിഷൻ പരമ്പരയ്ക്ക് ശേഷം മുകേഷ് കുമാർ ഒരുക്കിയിരിക്കുന്ന സിനിമയാണിത്. മിനി സ്ക്രീനിൽ നിന്ന് ഒരു തെല്ലുപോലും ബിഗ് സ്ക്രീനിലേക്ക് മാറാൻ സംവിധായകന് ആയിട്ടില്ല എന്ന് വേണം പറയാൻ. ഡയലോഗുകളിലായാലും ചിത്രത്തിന്റെ മേക്കിങിൽ ആയാലും ഒരു സീരിയൽ മോഡ് തന്നെയാണ് സംവിധായകൻ പിടിച്ചിരിക്കുന്നത്.
ഭക്തിയും വിശ്വാസവുമൊക്കെ ആദ്യ പകുതിയിൽ വളരെ കുറച്ചേ സംവിധായകൻ പുറത്തെടുക്കുന്നുള്ളൂ. എന്നാൽ രണ്ടാം പകുതിയിലാണ് ഭക്തിയുടെ പീക്ക് ലെവലിലേക്ക് പ്രേക്ഷകനെ കൊണ്ടു ചെന്ന് നിർത്തുന്നത്. പ്രത്യേകിച്ച് ഒരു കഥാമുഹൂർത്തമോ സംഭവങ്ങളോ ഒന്നുമില്ലാതെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന് പറയുന്ന പോലെയാണ് സിനിമയുടെ അവസ്ഥ. സീരിയലിൽ നിന്ന് ഇടയ്ക്ക് ബാഹുബലി മൂഡൊക്കെ പിടിക്കാൻ സംവിധായകൻ ഒരു ശ്രമം നടത്തുന്നുണ്ട്. സീരിയൽ മൂഡിൽ നിന്ന് കുറച്ചെങ്കിലും മാറ്റം വരുന്നത് ലാലേട്ടന്റെ എൻട്രി വരുമ്പോഴാണ്.
'കണ്ണപ്പ ഇത് എന്നപ്പ' എന്ന് ഓരോ പ്രേക്ഷകനും ഉള്ളിൽ ചോദിച്ചു കൊണ്ടിരിക്കുമ്പോഴാണ് കിരാതയായുള്ള ലാലേട്ടന്റെ മാസ് എൻട്രി. വളരെ കുറച്ചു സമയമേ കിരാതയായി മോഹൻലാൽ സ്ക്രീനിൽ വരുന്നുള്ളൂ. ഉള്ളത് പറഞ്ഞാൽ, ഈ ലാലേട്ടൻ എന്തിനാണ് ഇതുപോലെയുള്ള പടത്തിനൊക്കെ പോയി തലവെച്ചത് എന്ന് തോന്നിപ്പോകും.
ലുക്ക് കൊണ്ടും ഡയലോഗ് കൊണ്ടും ഒന്നും ഒരു തരത്തിലും നമുക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത വിധമാണ് മോഹൻലാലിനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. എത്ര മസിലു പിടിച്ചാലും നമ്മൾ അവസാനം ചിരിച്ചു പോകും എന്നതാണ് ഹൈലൈറ്റ്. എന്തായാലും ലാലേട്ടൻ വന്നപ്പോഴാണ് അതുവരെ ഉറങ്ങിത്തൂങ്ങിയിരുന്നവരെല്ലാം ഒന്നെഴുന്നേറ്റതെന്ന് പറയാം. തമിഴിലൊക്കെ ഗസ്റ്റ് റോളിലെത്തി പ്രേക്ഷകരുടെ മുഴുവൻ കൈയടിയും തൂക്കിയിട്ടുള്ള നടനാണ് മോഹൻലാൽ.
എന്ത് കമ്മിറ്റ്മെന്റിന്റെ പേരിലായാലും തന്നെക്കൊണ്ട് പറ്റില്ല എന്ന് തോന്നുന്ന കഥാപാത്രങ്ങൾ മോഹൻലാൽ പിടിക്കാതിരിക്കുന്നതായിരിക്കും ബുദ്ധി. എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം പ്രഭാസിന്റേതാണ്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിലെത്തുന്നത്. കാര്യം പറഞ്ഞാൽ പ്രഭാസിന്റെ ലുക്കും സ്വാഗും പെർഫോമൻസുമൊക്കെ അതിഗംഭീരമായിരുന്നു.
പക്ഷെ പ്രഭാസിന്റെ കഥാപാത്രത്തിന്റെ ഡയലോഗുകൾ നല്ല രീതിയിൽ ബോറടിപ്പിക്കുന്നതായി തോന്നി. ഒരു ഉപദേശി ടൈപ്പ് ആണ് പ്രഭാസിന്റെ കഥാപാത്രം. വലിച്ചു നീട്ടിയുള്ള ഡയലോഗുകൾ തന്നെയാണ് പ്രഭാസിന്റെ കഥാപാത്രത്തിന്റെ ഏറ്റവും വലിയ പോരായ്ക. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതിന് സമാനമായിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല.
വിഷ്ണു മഞ്ചു, മോഹൻബാബു, ശരത് കുമാർ, പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, മധുബാല തുടങ്ങി ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെല്ലാം അവരവരുടെ ഭാഗം മികവുറ്റതാക്കി. ചിത്രത്തിന്റെ സാങ്കേതിക വശങ്ങളിലേക്ക് വന്നാൽ ഏറ്റവും കൂടുതൽ കൈയടി അർഹിക്കുന്നത് ഛായാഗ്രഹണത്തിനാണ്. ഷെൽഡൺ ചോ ആണ് കണ്ണപ്പയുടെ ഛായാഗ്രഹണമൊരുക്കിയിരിക്കുന്നത്.
ന്യൂസിലൻഡിൽ ആണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. പ്രകൃതി ഭംഗി നിറഞ്ഞു തുളുമ്പുന്ന അതിമനോഹരമായ വിഷ്വലുകൾ മനസിന് ഒരു കുളിർമ സമ്മാനിക്കുന്നുണ്ട്. സ്റ്റീഫൻ ദേവസിയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.
സംഗീതത്തേക്കാൾ പശ്ചാത്തല സംഗീതമാണ് ഒരു പടിയ്ക്ക് മുൻപിൽ നിന്നത്. പാൻ ഇന്ത്യൻ താരങ്ങളെയെല്ലാം ഒന്നിച്ചു കൂട്ടിയുള്ള ഒരു മെഗാ പരമ്പര തന്നെയാണ് കണ്ണപ്പ. വെറുതെ സമയം കളയാൻ കണ്ടിരിക്കാം എന്നല്ലാതെ യാതൊന്നും സിനിമ പ്രേക്ഷകന് സമ്മാനിക്കുന്നില്ല.
Vishnu Manchu, Mohanlal, and Prabhas starrer Kannappa movie review in Malayalam.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


